കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കിസാന്‍ പരേഡില്‍ ബോധപൂര്‍വം കു‍ഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു: സീതാറാം യെച്ചൂരി

രണ്ടുമാസത്തിലേറെയായി സമാധാനമായി തുടർന്നുവന്ന കർഷകസമരത്തെ അപകീർത്തിപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് സഹായത്തോടെയാണ്‌ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്‌. ലക്ഷക്കണക്കിന്‌ ട്രാക്ടറുകൾ അണിനിരന്നുള്ള കിസാൻ പരേഡിൽനിന്ന്‌ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം.

അക്രമമറവിൽ കർഷകസമരത്തെ അടിച്ചമർത്താനാണ്‌ സർക്കാർ ശ്രമം. ഇതിനെതിരെ പ്രതിഷേധം ഉയരണം. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം.

ചെങ്കോട്ട അതീവസുരക്ഷാ മേഖലയാണ്‌. ഗേറ്റുകൾ തുറന്നുകൊടുക്കാതെ അകത്ത്‌ പ്രവേശിക്കാനാകില്ല. നിശ്‌ചയിക്കപ്പെട്ട റൂട്ടിൽനിന്ന്‌ മാറിപ്പോകാൻ പൊലീസ്‌ ചിലരെ അനുവദിച്ചു. ഇവരാണ്‌ പ്രശ്‌നമുണ്ടാക്കിയത്‌. ചെങ്കോട്ടയ്‌ക്ക്‌ മുകളിൽ കയറാനും കൊടി ഉയർത്താനും മണിക്കൂറുകളോളം അവിടെ ചെലവഴിക്കാനും ഇവരെ അനുവദിച്ചു. മാത്രമല്ല, അറസ്‌റ്റുചെയ്യാതെ സുരക്ഷിതരായി മടക്കിഅയച്ചു. സംഘപരിവാറുമായുള്ള ഇവരുടെ ബന്ധം ഇതിനോടകം തെളിഞ്ഞു.

2019 മുതൽ ജനകീയ സമരങ്ങൾക്കെതിരെ ഇതേ തന്ത്രമാണ്‌ സംഘപരിവാർ പയറ്റുന്നത്‌. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും സമാന സംഭവമുണ്ടായി. ജെഎൻയുവിലും ജാമിയയിലുമെല്ലാം സംഘപരിവാറുകാരും പൊലീസും അക്രമം നടത്തി. ഡൽഹി വർഗീയകലാപത്തിൽ കുഴപ്പക്കാരെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്‌തു.

ഇപ്പോൾ കർഷകസമരത്തെയും ഈ വിധം ദുർബലപ്പെടുത്താനാണ്‌ ശ്രമം. നാട്ടുകാരെന്ന പേരിൽ ബിജെപി പ്രവർത്തകർ സമരകേന്ദ്രങ്ങളിൽ പ്രശ്‌നം സൃഷ്ടിക്കുന്നു.അങ്ങേയറ്റം വിനാശകരവുമായ സാഹചര്യമാണിത്‌.
കിസാൻപരേഡ്‌ ജനപങ്കാളിത്തത്താൽ ഏറെ പ്രശംസിക്കപ്പെട്ടു.

രാജ്യവ്യാപകമായി പരേഡുണ്ടായി. കാർഷിക നിയമങ്ങൾക്കെതിരായുള്ള വലിയ ജനരോഷത്തിന്‌ തെളിവാണ്‌ കർഷകസമരത്തിന്‌ ലഭിക്കുന്ന പിന്തുണ.

നിയമങ്ങൾക്കെതിരായി പാർലമെന്റിൽ പ്രതിപക്ഷ പാർടികൾ പ്രതിഷേധമുയർത്തും. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന്‌ 16 പാർടികൾ പ്രഖ്യാപിച്ചു. മറ്റുചില പാർടികളും ബഹിഷ്‌കരണത്തിന്‌ തീരമാനിച്ചു.

ഭരണകക്ഷിയംഗങ്ങൾ മാത്രമേ രാഷ്ട്രപതിയെ കേൾക്കാനുണ്ടാകൂ. ബജറ്റ്‌ സമ്മേളനത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷ പാർടികൾ യോജിപ്പോടെ നിലകൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here