
കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കെ എസ് ശബരീനാഥൻ എംഎൽഎയെ വിമർശിച്ച വാർഡ് തെരഞ്ഞെടുപ്പ് കൺവീനറുടെ തലയടിച്ചു പൊട്ടിച്ചു.
മന്തിക്കളം വാർഡ് കമ്മിറ്റി കൺവീനർ നവാസി (44) നെയാണ് എംഎൽഎയുടെ അനുയായിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ കൊട്ടാരം അനി (അനിൽകുമാർ)യും സംഘവും ആക്രമിച്ചത്.
മന്തിക്കളം വാർഡിൽ ആർഎസ്‌പി (ഷിബു ബേബി ജോൺ വിഭാഗം) സ്ഥാനാർഥിയാണ് മത്സരിച്ചത്. ആർഎസ്‌പി കേന്ദ്ര കമ്മിറ്റി അംഗം പരുത്തിപള്ളി സനലിന്റെ സഹോദരനും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ അജീഷായിരുന്നു സ്ഥാനാർഥി. ഇദ്ദേഹം 157 വോട്ടുകൾക്ക് സിപിഐ എം സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.
ശബരീനാഥൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ അനുകൂലിയായ മണ്ഡലം പ്രസിഡന്റ് കോട്ടൂർ സന്തോഷും കൊട്ടാരം അനിയും ഉൾപ്പെടെ വോട്ടു മറിച്ചെന്നും യോഗത്തിൽ ആരോപണം ഉയർന്നു. വോട്ടുകച്ചവടം നടത്തിയ കോട്ടൂർ സന്തോഷിനെ പുറത്താക്കണമെന്നും നവാസ് ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ ശബരീനാഥന്റെ ബിനാമിയായറിയപ്പെടുന്ന കരാറുകാരൻ കൂടിയായ കൊട്ടാരം അനിയും സംഘവും നവാസിനെ ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ചു.
നവാസിനെ ആദ്യം കുറ്റിച്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here