മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തതില്‍ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.
നടപടി ജനാധിപത്യമൂല്യങ്ങളുടെ ലംഘനമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്.

ജനുവരി 26 ന് നടന്ന കര്‍ഷകരുടെ പ്രതിഷേധ റാലിയും പിന്നീടുണ്ടായ അക്രമവും റിപ്പോര്‍ട്ടു ചെയ്തതിന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പൊലീസും മധ്യപ്രദേശ് പൊലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള ഭീഷണിയെ അപലപിക്കുന്നതായി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

സമരക്കാരില്‍ ഒരാളുടെ മരണവുമായി ബന്ധപ്പെട്ട വിവരം മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും അവര്‍ നടത്തുന്നതോ പ്രതിനിധീകരിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളിലൂടെയോ റിപ്പോര്‍ട്ടുചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ഉന്നംവെച്ചതെന്നും എഡിറ്റേഴ്‌സ ഗില്‍ഡ് ആരോപിച്ചു.

പ്രതിഷേധം നടന്ന ദിവസം ദൃക്‌സാക്ഷികളില്‍ നിന്നും പൊലീസില്‍ നിന്നും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെന്നും ലഭിച്ച എല്ലാ വിശദാംശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്നും ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News