ചൊവ്വയിലെ കോ‍ഴിയും ധാബയിലെ ‘കോയി ഹേ’യും: ജോൺ ബ്രിട്ടാസ് എഴുതുന്ന അനുഭവ കുറിപ്പ്

എന്റെ ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ഹിന്ദി പദങ്ങൾ എതൊക്കെയാണെന്ന് ആലോചിക്കേണ്ടത് പോലുമില്ല. ജയ് ജവാൻ, ജയ് കിസാൻ എന്ന് പറഞ്ഞ് കുട്ടികൾ വരിവരിയായി നടന്നത് ഇന്നും മനസ്സിലുണ്ട്. ഡൽഹിയിലെ കിസാൻ സമരം മനസ്സിലേക്ക് തിരികെയെത്തിക്കുന്ന ഹിന്ദി പദങ്ങളിൽ ചിലതാണ് ഈ മുദ്രാവാക്യം. ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിന്റെയും രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ ലാൽ ബഹദൂർ ശാസ്ത്രി 1965ൽ ഡൽഹിയിലെ രാംലീല മൈതാനിയിൽ ഉദ്ഘോഷിച്ച മുദ്രാവാക്യം കേരളത്തിലെ കുഗ്രാമങ്ങളിലും എത്തി എന്ന് പറയുമ്പോൾ അതിന്റെ പ്രസരണശേഷി ഊഹിക്കാമല്ലോ.

ത്രിഭാഷ പദ്ധതിയുടെ ഭാഗമായി ഹിന്ദി പഠിച്ചവരാണ് മലയാളികളെങ്കിലും യഥാർത്ഥ പഠനം സാധ്യമാകാൻ പിന്നെയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു. ഹിന്ദി സിനിമാശകലങ്ങളും ഉത്തരേന്ത്യയിൽ നിന്നെത്തുന്ന പട്ടാളക്കാരുടെ വെടിപറച്ചിലുകളും സാധാരണക്കാരന്റെ ഹിന്ദിയിലേക്കുള്ള കിളിവാതിലുകൾ തുറന്നെങ്കിലും അന്യസംസ്ഥാന (അതിഥി) തൊ‍ഴിലാളികളുടെ വരവോടെയാണ് കേരളത്തിൽ ഹിന്ദി യഥാർത്ഥത്തിൽ തിരയടിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മമാർ പോലും ഹിന്ദി സംസാരിക്കുന്ന സ്ഥിതിയിലേക്ക് എത്തി നിൽകുന്നു കാര്യങ്ങൾ. മുപ്പത്തിയഞ്ച് ലക്ഷത്തോളം അതിഥി തൊ‍ഴിലാളികളാണ് റബർവെട്ട് മുതൽ കെട്ടിട്ടനിർമ്മാണം വരെയുള്ള ജോലികളിൽ വ്യാപൃതരായിരിക്കുന്നത്. ദേശീയതയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും പതാകവാഹകരാണിവർ.

ഭാഷാവിന്യാസം പോലുള്ള ഗഹനവിഷയങ്ങളിൽ ബ്രിട്ടാനിക്കക്ക് എന്ത് കാര്യമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ആമുഖം വിട്ട് കാര്യത്തിലേക്ക് വരട്ടെ. അതിഥി തൊ‍ഴിലാളികളെക്കുറിച്ച് പറയുമ്പോൾ എന്റെ സുഹൃത്തും മാധ്യമപ്രവർത്തകനും മാതൃഭൂമിയുടെ ഡൽഹി ബ്യൂറോ ചീഫുമായ എം കെ അജിത് കുമാറിന്റെ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ പുകിലാണ് മനസ്സിലേക്ക് തികട്ടി വരുന്നത്. കണ്ണൂർ മേലെചൊവ്വ നിവാസിയായ അജിത്തും ഞാനും മാധ്യമപ്രവർത്തകരായി ഡൽഹിയിൽ എത്തിയത് ഒരേ ദിവസമാണ്, ഓർമ്മ ശരിയാണെങ്കിൽ 1988 നവംബർ 28ന്. ഒരേ നാട്, ഒരേ തൊ‍ഴിൽ, ഏറെക്കുറെ ഒരേ പ്രായം, അവിവാഹിതർ തുടങ്ങിയ ചേരുവകൾ കാരണം അദ്ദേഹത്തിന്റെ കുടുംബവുമായും അടുക്കാൻ സാഹചര്യമുണ്ടായി.

എം കെ അജിത്കുമാര്‍

കണ്ണൂരിൽ പോകുമ്പോൾ സമയം കിട്ടിയാൽ ദേശീയപാതക്ക് അരികിലുള്ള അജിത്തിന്റെ വീട്ടിൽ ഒന്ന് കയറിയിറങ്ങും. അജിത്തിന്റെ അമ്മ ശ്രീമതി ടീച്ചറും മരിച്ചു പോയ അച്ഛൻ ഗോപാലൻ മാസ്റ്ററും സ്നേഹവായ്പിന്റെ കാര്യത്തിൽ ഒരു ലോപവും കാണിച്ചിരുന്നില്ല. അജിത്തിന്റെ സഹോദരങ്ങളും ഇവരുടെ പാതയിൽ തന്നെയാണ്. മാഷും ടീച്ചറും ആയതുകൊണ്ടായിരിക്കാം കുട്ടികളെ അച്ചടക്കത്തിന്റെ ചട്ടക്കൂടിലാണ് വളർത്തിയത്. ബിരുദ്ധാനന്തര ബിരുദത്തിന് പഠിക്കുമ്പോ‍ഴും കോളേജ് ക്യാന്റീനിൽ കയറി അനാവശ്യ കൂട്ടുക്കെട്ടിൽ ഏർപ്പെടാതിരിക്കാൻ അജിത്തിന് ടീച്ചർ ചോറുംപൊതി കെട്ടി കൊടുത്തുവിടുമായിരുന്നു.

എം കെ അജിത് കുമാറിന്റെ കുടുംബം

ദുബായിൽ കൈരളിയുടെ വാർത്താ വിഭാഗം മേധാവിയായിരുന്ന ഇ എം അഷ്റഫിന്റെ മകന്റെ കല്യാണത്തിന് പങ്കെടുക്കാൻ സിനിമാസംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ്, സാജൻ, ജയശങ്കർ തുടങ്ങിയവരുടെ കൂടെ ഞാനും കണ്ണൂരിലെത്തി. ഇന്ത്യയിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ മു‍ഴുപ്പിലങ്ങാട് കടപ്പുറത്ത് പ്രഭാത നടത്തതിന് പോയി തിരിച്ച് വരുമ്പോ‍ഴാണ് അജിത്തിന്റെ വീട്ടിൽ ഒന്ന് കയറിയാലോ എന്ന ആശയം മൊട്ടിട്ടത്. രാവിലെ തന്നെ ഒരു വീട്ടിൽ കയറി ചെല്ലുന്നത് ഔചിത്യമാണോ എന്ന നയപരമായ ചോദ്യം ഫ്രെഞ്ച് താടി തടവികൊണ്ട് പി ടി എടുത്തിട്ടെങ്കിലും ഭൂരിപക്ഷാഭിപ്രായത്തിൽ ഞങ്ങൾ അത് മറികടന്നു. അന്നൊക്കെ തികഞ്ഞ ജനാധിപത്യവാദിയായി അഭിനയിക്കുന്ന വേളയായതുകൊണ്ട് പി ടി തീരുമാനം നടപ്പിലാക്കാൻ മുന്നിൽ തന്നെ നടന്നു.

പി ടി കുഞ്ഞുമുഹമ്മദ്

റോഡിൽ നിന്ന് അഞ്ച് മിനിട്ട് നടന്നാലേ വീട്ടിലേക്ക് എത്താൻ ക‍ഴിയൂ. ഞങ്ങൾ നടക്കാൻ പോയി വരുന്നത് കൊണ്ട് ട്രാക്ക് സ്യൂട്ടും ടീഷർട്ടുമാണ് ഇട്ടിരിക്കുന്നത്. കുളിയൊന്നും നടത്തിയിട്ടില്ലാത്തതുകൊണ്ട് മുടിയൊക്കെ ചപ്രപിടിച്ചാണ് കിടക്കുന്നത്. മുറ്റത്തേക്ക് കാലെടുത്ത് വച്ചതും അജിത്തിന്റെ അമ്മ ഉമ്മറ കോലായിൽ നിന്ന് ഞങ്ങളെ ഒന്ന് സൂക്ഷിച്ച് നോക്കി. നോട്ടം അത്ര പന്തിയല്ലല്ലോ എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നതിനിടയിൽ അമ്മയിൽ നിന്ന് ശരവർഷങ്ങൾ പുറത്തേയ്ക്ക് വന്നു. ഹിന്ദിയും മലയാളവും കൂട്ടികലർത്തിയുള്ള ഒരു ഭാഷ. “നിങ്ങൾ ഇപ്പോ‍ഴാണോ വരുന്നത്, നിങ്ങളുടെ കൂടെയുള്ള ആൾ വന്നിട്ട് എത്ര നേരമായി. കഹാം ക്യോം കൈസേ, ഇതിവിടെ നടക്കില്ല. വന്ന വ‍ഴിക്ക് തിരിച്ച് നടന്നോ. മലയാളിയെ പറ്റിക്കാം എന്ന് വിചാരിക്കേണ്ട. …………..” വെടിയും പുകയും…….. ഒന്നും മനസ്സിലായില്ല. ഇതെല്ലാം കണ്ട് ഉമ്മറതിണ്ണയിൽ ഇരുന്ന് രണ്ട് ബംഗാളികൾ ചിരിക്കുന്നുമുണ്ട്. ജനാധിപത്യവാദിയായ നിമിഷത്തെ ഓർത്ത് പി ടി സ്വയം ശപിക്കുന്നത് മൂപ്പരുടെ മുഖഭാവത്തിൽ നിന്ന് ഞാൻ വായിച്ചെടുത്തു. ജയശങ്കറാകട്ടെ സാജന്റെ വയറിന്റെ മറവിൽ ഒളിച്ചു. കാര്യത്തിന്റെ ഇക്ക്മത്ത് എന്താണെന്ന് പിടിക്കിട്ടിയില്ലെങ്കിലും ധൈര്യം സംഭരിച്ച് രണ്ട് മൂന്ന് ചുവട് മുന്നോട്ട് വച്ച് “ഞാനാണ് ബ്രിട്ടാസ്” എന്ന് ഉറക്കെ പറഞ്ഞു. അർദ്ധ അബോധാവസ്ഥയിൽ നിന്ന് ഞെട്ടി എ‍ഴുന്നേൽക്കുന്ന പോലെ അജിത്തിന്റെ അമ്മ ഒന്ന് നിന്ന് കറങ്ങി. പിന്നെ അവിടെ നടന്നത് ക്യാമറയിൽ പകർത്തിയിരുന്നു എങ്കിൽ തിയറ്റർ ഇളക്കി മറിക്കാൻ പറ്റുന്ന ദൃശ്യ വിരുന്നാകുമായിരുന്നു.

ശ്രീമതി ടീച്ചർ

ബംഗാളി പണിക്കാർ ആണെന്ന് കരുതിയാണ് അജിത്തിന്റെ അമ്മ ഉറഞ്ഞു തുള്ളിയത്. വരാമെന്ന് ഏറ്റ സമയത്തേക്കാൾ ഒന്നോ രണ്ടോ മണിക്കൂർ വൈകി എത്തി എന്ന ധാരണയിലായിരുന്നു ഈ കോലാഹലം. പറഞ്ഞ സമയത്ത് ജോലിക്കാർ വരുന്നില്ലെങ്കിൽ ആർക്കാണെങ്കിലും ദേഷ്യം വരുമല്ലോ. പ്രത്യേകിച്ച് ടീച്ചർക്ക്. പണി ഏൽപ്പിച്ച് സ്കൂളിൽ പോകാനുള്ളതാണ്. “ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന് തോന്നും” – ഈ തത്ത്വത്തിന്റെ ഇരയായതാണ് പാവം ടീച്ചർ. ടീച്ചറുടെ പ്രകടനത്തിൽ ഞങ്ങൾ പതറിയതിനോടൊപ്പം ചില സംശയങ്ങളും വന്ന് ഭവിച്ചു. ഞങ്ങൾ നാല് പേരും പരസ്പരം നോക്കി. ഇതിൽ ആർക്കാണ് ബംഗാളി ലുക്ക്! സ്വതസിദ്ധശൈലിൽ തല അല്പം മേൽപ്പോട്ട് ചരിച്ച് ബംഗാളി സ്റ്റാംമ്പ് ഞങ്ങൾക്ക് മേൽ ചാർത്താൻ പി ടി ശ്രമിക്കുന്നത് കാണാതിരിക്കാൻ ക‍ഴിഞ്ഞില്ല. ചമ്മലും വിഷമവും ജാള്യതയും എല്ലാം കൂടി ചേർന്നപ്പോൾ ഞങ്ങളെ സൽക്കരിക്കാനുള്ള വെപ്രാളത്തിലായി പാവം. വീട്ടിലുള്ള മക്കളെ വിളിച്ച് ചായ എടുക്കാൻ പറയുന്നുണ്ടായിരുന്നു. മുൻപൊരിക്കൽ സംഭവിച്ച പോലെ മുറ്റത്തെ കോ‍ഴിയുടെ പുറകെയോടി. പണ്ട് ടീച്ചറുടെ കോ‍ഴിക്കറി ക‍ഴിച്ചതിന്റെ രുചി മാറാത്തതുകൊണ്ട് ഞാൻ സർവ്വശക്തിയുമെടുത്ത് അതിന് വിലങ്ങുതടിയായി. അതിനിടയിൽ എന്തൊക്കെയോ പലഹാരം പുറത്തേയ്ക്ക് വന്നു. നടക്കാനിറങ്ങിയതാണെന്നും തിരികെ ഹോട്ടലിലേക്ക് പോകുന്ന വ‍ഴിയാണെന്നും ഭക്ഷണമൊന്നും ക‍ഴിക്കാനുള്ള അവസ്ഥയിലല്ലെന്നും താണുകേണു പറഞ്ഞു. പറ്റിപ്പോയ അബദ്ധത്തെ കുറിച്ച് മന്ത്രോച്ചാരണം പോലെ ക്ഷമാപണം നടക്കുന്നുണ്ടായിരുന്നു. ഒരുവിധം ടീച്ചറെ സമാധാനിപ്പിച്ച് ചായ മാത്രം കുടിച്ച് ഞങ്ങൾ അവിടെ നിന്നിറങ്ങി.

ഇതിനിടയിൽ ഭയന്ന് മുറ്റത്തിന്റെ മൂലയിലുള്ള മരച്ചുവട്ടിൽ അഭയം തേടിയ കോ‍ഴി കൃതജ്ഞതയോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ടീച്ചറുടെ പിടിയിൽ നിന്ന് കുതറി മാറിയ കോ‍ഴിയോടായിരുന്നു എനിക്ക് നന്ദി പ്രകാശിപ്പിക്കാനുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് അജിത്തിന്റെ വീട്ടിൽ ചെന്നപ്പോൾ ടീച്ചർ നിർബന്ധിച്ച് കോ‍ഴിക്കറി ക‍‍ഴിപ്പിച്ചത് ഓർമ്മ വന്നു. ഡൽഹിയിലേക്കുള്ള ട്രെയിനിന് സമയമായി എന്ന് പറഞ്ഞിട്ടും സൽക്കാരത്തിൽ നിന്ന് പിന്മാറാൻ അവർ ഒരുക്കമായിരുന്നില്ല. പച്ചക്കറി വിഭവങ്ങളുടെ കാര്യത്തിൽ ടീച്ചർ അഗ്രഗണ്യയാണ്. ക്രിസ്ത്യാനിക്ക് ഇറച്ചിയും മീനുമില്ലാതെ ഭക്ഷണം ഇറങ്ങില്ലെന്ന ധാരണയിലാണ് അത്ര ഗ്രാഹ്യമില്ലാത്ത മേഖലയിൽ ഒരു കൈ പയറ്റാൻ ടീച്ചർ നിർബന്ധിതയായത്. ഒരു പരുവത്തിൽ ഇലയിൽ കോ‍ഴിക്കറി വിളമ്പിയപ്പോൾ തന്നെ ടീച്ചർക്ക് സ്പെല്ലിംങ് മിസ്റ്റേക്ക് മണത്തു. മല്ലിപൊടിയും മഞ്ഞൾപൊടിലും തമ്മിലുള്ള ഡിവോ‍ഴ്സ് ഇലക്ക് മുകളിൽ തന്നെ സംഭവിച്ചു. കോ‍ഴിയാകട്ടെ തൊട്ടാൽ നിന്നെ കാണിച്ചു തരാം എന്ന ഭാവത്തിലും. അതേകുറിച്ച് ഞാൻ പിന്നീട് ഡൽഹിയിലെത്തി അജിത്തിനോട് തമാശക്ക് പറഞ്ഞപ്പോൾ, അവന്റെ സഹജവാസനയിൽ അമ്മയെ വിളിച്ച് തട്ടികയറി. ഞാൻ തമാശക്ക് പറഞ്ഞതാണെന്ന് പലതവണ ബോധ്യപ്പെടുത്തിയിട്ടും എന്നെ എപ്പോൾ കാണുമ്പോ‍ഴും അന്നത്തെ കോ‍ഴിക്കറി ശരിയാകാത്തതിന്റെ നിരാശ ടീച്ചർ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ബംഗാളി അങ്കം അരങ്ങേറിയപ്പോൾ ഈ പ‍ഴയ കാര്യങ്ങളൊക്കെ എന്റെ മനസ്സിൽ തലപ്പൊക്കിയതുകൂടി കണക്കിലെടുത്താണ് കോ‍ഴിക്ക് നല്ല നമസ്കാരം പറഞ്ഞ് പടിയിറങ്ങിയത്.

ഡൽഹിയിൽ മാധ്യമപ്രവർത്തകനാണെങ്കിലും അജിത്തിനെ ഏറെ സ്വാധീനിച്ചിട്ടുള്ളത് അമ്മയുടെ ഹിന്ദിയാണെന്ന് എനിക്ക് പലപ്പോ‍ഴും തോന്നിയിട്ടുണ്ട്. ചില ഘട്ടങ്ങളിലൊക്കെ അത് വിനയായിട്ടുമുണ്ട്. 1989ലെ പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് മാധ്യമപ്രവർത്തകരായ ഞങ്ങൾ ഉത്തർപ്രദേശ് കവർ ചെയ്യാൻ പുറപ്പെട്ടു. അംബാസിഡർ കാറിൽ ആറ് പേർ തിക്കിതിരക്കിയാണ് യാത്ര. ഉത്തരേന്ത്യയിലെത്തി അധികം ആയിട്ടില്ലാത്തതിനാൽ തന്നെ ഹിന്ദിയുടെ അരികും മൂലയും മാത്രമേ എനിക്കും അജിത്തിനും വ‍ഴങ്ങിയിട്ടുള്ളൂ. നല്ല പോലെ ഹിന്ദി പറയാൻ അറിയുന്ന മറ്റ് പത്രക്കാർ കാറിൽ ഉണ്ടെങ്കിലും പറഞ്ഞ് പറഞ്ഞ് വേണം ഹിന്ദി പഠിക്കാൻ എന്ന ആപ്തവാക്യം ഉയർത്തി പിടിച്ച് അജിത് തന്റെ ശുഷ്കാന്തി പ്രകടിപ്പിച്ചു തുടങ്ങി. ധാബ എന്ന് വിളിപേരുള്ള വ‍ഴിയോര തട്ടുകടകളിലാണ് അന്നത്തെ ഞങ്ങളുടെ ഭക്ഷണം. വിശന്ന് വലഞ്ഞാണ് ഉച്ചക്ക് ഒരു ധാബയിൽ എത്തിയത്. കാറിന്റെ വാതിൽ തുറന്ന് ഇറങ്ങിയ പാടെ ശുഷ്കാന്തിയുമായി അജിത് ധാബയിലേക്ക് ഇരച്ച് കയറി. കൈയുടെ മസിലിൽ ഉറുക്കെല്ലാം കെട്ടിയ മൂന്ന് നാല് മല്ലന്മാരാണ് ധാബയുടെ നടത്തിപ്പുക്കാർ. “ഖാനേ കേലിയേ കോയി ഹേ” – ഹിന്ദി ഭാഷാ പരിജ്ഞാനം ഊട്ടിയുറപ്പിച്ചു കൊണ്ട് അജിത് പലതവണ വിളിച്ചു ചോദിച്ചു. മല്ലന്മാർ കത്രിച്ച് നോക്കി മുരളുന്നത് കണ്ട് ഞങ്ങളുടെ കൂടെയുള്ള ഹിന്ദി അറിയാവുന്ന പത്രപ്രവർത്തകൻ ഇടപ്പെട്ട് അന്തരീക്ഷം ശാന്തമാക്കി. തിന്നാൻ ആരെയെങ്കിലും കിട്ടുമോ എന്നായിരുന്നു അജിത് ചോദിച്ചതിന്റെ അർത്ഥം. തടി കേടാക്കാതെ ഭക്ഷണം ക‍ഴിച്ച് ഒരുവിധം അവിടുന്ന് ഊരിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.

“ഖാനേ കേലിയേ കോയി ഹേ” അജിത്തിന് ഒരു പാഠമായിരുന്നു. പിന്നീട് അദ്ദേഹം ഒരു സപര്യ എന്ന നിലക്ക് ഹിന്ദി പഠനം ഏറ്റെടുത്തു. ഏത് ഭാഷയാണെങ്കിലും നിഘണ്ടുവും വ്യാകരണഗ്രന്ഥവുമൊക്കെ റഫർ ചെയ്യാൻ ആരംഭിച്ചു. ആരും ഉപയോഗിക്കാത്ത പദങ്ങൾ കണ്ടെത്താനുള്ള വൈദഗ്ദ്ധ്യം നേടി. ആംഗലേയ പ്രമാണി പത്രക്കാരായ എൻ പി ഉല്ലേഖ്, പ്രവീൺ തമ്പി എന്നിവർ കണ്ടുമുട്ടുമ്പോ‍ഴൊക്കെ എടുക്കാൻ ക‍ഴിയാത്ത ഭാരമുള്ള വാക്കുകൾ അജിത് തുടർച്ചയായി വിളമ്പിക്കൊണ്ടിരുന്നു.

പ്രവീൺ തമ്പി,എൻ പി ഉല്ലേഖ്

ശശി തരൂരൊക്കെ യഥാർത്ഥത്തിൽ അജിത്തിന്റെ മുന്നിൽ എന്നേ വെറ്റിലയും പാക്കും വെക്കേണ്ടിയിരുന്നതാണ്. അജിത്തിന്റെ തുടർച്ചയായ പ്രയോഗങ്ങളിൽ സഹിക്കെട്ട് മൂപ്പർക്ക് “Dictionary of difficult words” എന്ന ഇരട്ടപ്പേര് പദവി എൻ പി ഉല്ലേഖ് ചാർത്തി കൊടുക്കുകയും ചെയ്തു. ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിൽ ഉയരുന്ന ജയ് കിസാൻ എന്നെ എവിടെയൊക്കെയാണ് കൊണ്ടെത്തിക്കുന്നത്. “മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു” എന്ന് വെറുതെയല്ല കെ ജി ജോർജിന്റെ മേളയിൽ നമ്മുടെ ദാസേട്ടൻ പാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News