കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആക്കാന്‍ ശുപാര്‍ശ; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 ആക്കണമെന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ധിപ്പിക്കാനാണ് ശമ്പള കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

നിലവില്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാണ്. ഇതാണ് 23000 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയാക്കി ഉയര്‍ത്താനും വീട്ടു വാടക ബത്ത വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കോര്‍പറേഷന്‍ പരിധിയില്‍ 10 ശതമാനമാക്കണം. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുന്‍സിപ്പാലിറ്റികളില്‍ എട്ടു ശതമാനവും മറ്റു മുന്‍സിപ്പാലിറ്റികളില്‍ ആറു ശതമാനവും നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

പഞ്ചായത്ത് പരിധിയില്‍ ഇത് ശമ്പളത്തിന്റെ നാലുശതമാനമായിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കുറഞ്ഞ പെന്‍ഷന്‍ 11,500 ആക്കാനും ശുപാര്‍ശ ചെയ്തു. കൂടിയ പെന്‍ഷന്‍ 83,400 ആക്കണമെന്നാണ് ശുപാര്‍ശ.

ജീവനക്കാർക്ക് വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെൻ്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച്.ആർ.എ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.

വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News