
ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരകയും നടിയും എഴുത്തുകാരിയുമൊക്കെയാണ് അശ്വതി ശ്രീകാന്ത്. ഏവരേയും ആകര്‍ഷിക്കുന്ന രചനാശൈലികൊണ്ട് ഒരുപാടാരാധകര്‍ ഇതിനോടകം അശ്വതിക്ക് സ്വന്തമായിക്കഴിഞ്ഞു. പലപ്പോഴും അശ്വതിയുടെ എവുത്തുകള്‍ക്ക് ഒട്ടനവധി വിമര്‍ശനങ്ങളുമുയരാറുണ്ട്. അത്തരത്തില്‍ തന്റെ വരത്തുപോക്ക് എന്ന കവിതയ്ക്ക് വിമര്‍ശനവുമായെത്തിയവര്ക്ക് എഴുത്തിലൂടെതന്നെ മറുപടി നല്‍കിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍.
ഇന്നലെ വരത്തു പോക്കെന്നൊരു വാക്ക് തന്റെ പ്രൊഫൈലില്‍ കണ്ടത് മുതല്‍ സംശയങ്ങളുടെ ബഹളമാണെന്നും നമുക്ക് മനസ്സിലാത്തതൊന്നും ഭൂമിയില്‍ വേണ്ടന്ന് വിശ്വസിക്കുന്ന ആക്ഷേപ ഹാസ്യക്കാരുടെ ബഹളം വേറെയെന്നും നാട്ടിന്‍ പുറങ്ങളില്‍ ജീവിച്ചവര്‍ക്ക് അറിയാം, എല്ലാ നാട്ടിലുമുണ്ടാവും വരത്തു പോക്കുള്ളതെന്നോ, തേരോട്ട വഴിയെന്നോ കുപ്രസിദ്ധമായ ഒരു പ്രദേശമെന്നും അശ്വതി ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ വരത്തു പോക്കെന്നൊരു വാക്ക് എന്റെ പ്രൊഫൈലിൽ കണ്ടത് മുതൽ സംശയങ്ങളുടെ ബഹളമാണ്. നമുക്ക് മനസ്സിലാത്തതൊന്നും ഭൂമിയിൽ വേണ്ടന്ന് വിശ്വസിക്കുന്ന ആക്ഷേപ ഹാസ്യക്കാരുടെ ബഹളം വേറെ.
നാട്ടിൻ പുറങ്ങളിൽ ജീവിച്ചവർക്ക് അറിയാം, എല്ലാ നാട്ടിലുമുണ്ടാവും വരത്തു പോക്കുള്ളതെന്നോ, തേരോട്ട വഴിയെന്നോ കുപ്രസിദ്ധമായ ഒരു പ്രദേശം. ആ ദേശത്തെ ഏതെങ്കിലും ആരാധനാ മൂർത്തി സന്ധ്യയിലോ രാത്രി കാലങ്ങളിലോ തന്റെ തേർ തെളിച്ച് അദൃശ്യ സഞ്ചാരം നടത്തുന്നുവെന്ന് പറയപ്പെടുന്ന വഴിയാകും അത്. അല്ലെങ്കിൽ ആത്മാക്കളോ, യക്ഷി- ഗന്ധർവൻ പോലെയുള്ള അരൂപികളോ അവരുടെ സഞ്ചാര വഴിയായി തെരഞ്ഞെടുത്തിരിക്കുന്ന വഴിയെ അങ്ങനെ പറയാറുണ്ട്. മിക്കവാറും കാവുകളും അമ്പലങ്ങളുമായി ചേർന്നു കിടക്കുന്ന വഴികളോ പറമ്പുകളോ കുളങ്ങളോ ഒക്കെയാവും ഇത്തരത്തിൽ കഥകളുടെ കേന്ദ്രങ്ങളായി രാത്രി സഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. തേരോട്ട വഴിയിൽ പിൽക്കാലത്തു അറിയാതെ ആരെങ്കിലും വീട് വച്ചാൽ പോലും അശുഭ കാര്യങ്ങൾ സംഭവിക്കുമെന്ന് നമ്മുടെ മുൻ തലമുറ ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഗർഭിണികളായ സ്ത്രീകൾ പോവുകളോ പശുവിനെയോ ആനയെയോ കെട്ടുകയോ ചെയ്യരുതെന്നും പറയാറുണ്ട്. വന ദുർഗാ പ്രതിഷ്ഠയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാറില്ലാത്തതും, തേരോട്ടമുള്ള ആ നട മുറിച്ച് കടന്നാൽ ആന ചരിയും എന്ന വിശ്വാസം നിലനിൽക്കുന്നത് കൊണ്ടാണ്.
എന്റെ മുത്തശ്ശി, യൗവന കാലത്ത് സന്ധ്യയ്ക്ക് തോട്ടിൽ കുളിക്കുമ്പോൾ ഒരു മിന്നൽ ദേഹത്തു കയറിയിറങ്ങിയ ഓർമ്മക്കഥ കേട്ടാണ് ഞാൻ വളർന്നത്. അന്ന് തുടങ്ങി മരിക്കുവോളം നീണ്ടു നിന്ന, കാരണം കണ്ടു പിടിക്കാനാവാത്ത, രാത്രികളിൽ ചോര തുപ്പുന്ന ചുമ അന്നുണ്ടായ അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു.
അങ്ങനെയിരുന്നപ്പോൾ തേരോട്ട വഴികളും വരത്തു പോക്കിടങ്ങളും കോൺക്രീറ്റ് ഇട്ട് മൂടിയ മനുഷ്യനെ ഭയന്ന് വഴി മാറിയോടിയേക്കാവുന്ന അരൂപികളെയോർത്തു. രാവുറങ്ങാതെ ചോര തുപ്പുന്ന മുത്തശ്ശിയുടെ ചുമ ഓർത്തു. മിത്തുകളുമായി ചേർത്ത് കെട്ടിയ എന്റെ ബാല്യ കൗമാരങ്ങൾ ഓർത്തു…!! കഥകൾ വറ്റാത്ത നാട്ടിൻ പുറങ്ങളോർത്തു… അത്ര തന്നെ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here