ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റോക്കിഭായ് എത്തുന്നു ; കെജിഎഫ് രണ്ടാം ഭാഗം ജൂലൈയില്‍

തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ റോക്കി ഭായ് എത്തുകയായി. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാഗം 2021 ജൂലൈ 16ന് തീയേറ്ററുകളിലെത്തും. കൊവിഡ് വ്യാപനത്തിന് ശേഷം തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ തന്നെ കെജിഎഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത് ആരാധകരെ ഏറെ ആഹ്ലാദത്തിരയിലാഴ്ത്തിയിരിക്കുകയാണ്. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റെ റിലീസ് തിയതി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കെജിഎഫ്2. ചിത്രത്തിന്റേതായി പുറത്തുവന്ന സ്റ്റില്ലുകള്‍ക്കും ടീസറുകള്‍ക്കും ലഭിച്ച സ്വീകരണം അതിനുദാഹരണമാണ്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. നായകനായ യാഷിന്റെ ഗംഭീര പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് ‘കെജിഎഫ്’. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് നീലാണ് സംവിധാനം. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2’ന്റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here