ഭരത് ഗോപിക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടി

ഭരത് ഗോപിയെന്ന അതികായനായ മനുഷ്യനെ സിനിമാലോകത്തിന് നഷ്ടമായിട്ട് 13 വര്‍ഷങ്ങള്‍ തികയുകയാണ്. തിരശ്ശീലയില്‍ വസന്തം സൃഷ്ടിച്ച ഭരത് ഗോപിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഭരത് ഗോപിയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന ചിത്രം പങ്കുവെച്ചത്. പാഥേയം, അക്കരെ, ഈറ്റില്ലം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും ഭരത്‌ഗോപിയും ഒന്നിച്ചഭിനയിച്ചിരുന്നു.

ഭരത്‌ഗോപിയുടെ മകനും നടനുമായ മുരളി ഗോപി അച്ഛന്റെ ഓര്‍മ്മദിനത്തില്‍, അച്ചനൊപ്പമുള്ള ചിത്രവും അദ്ദേഹം വേഷമിട്ട സിനിമയായ ‘പാളങ്ങളിലെ’ ഗാനത്തിന്റെ വരികളും പങ്കുവെച്ചിരുന്നു.’എതോ ജന്മകല്‍പ്പനയില്‍…ഏതോ ജന്മവീഥികളില്‍…ഇന്നും നീ വന്നു…ഒരു നിമിഷം… ഈ ഒരു നിമിഷം. വീണ്ടും നമ്മള്‍ ഒന്നായ്…’ എന്ന വരികളാണ് മുരളി ഗോപി കുറിച്ചത്.

വി. ഗോപിനാഥന്‍ നായര്‍ എന്നായിരുന്നു ഭരത് ഗോപിയുടെ യഥാര്‍ത്ഥ പേര്. അഭ്രപാളികളില്‍ അഭിനയവിസ്മയം തീര്‍ത്ത ഭരത് ഗോപിക്ക് കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയ മികവിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചു.

പിന്നീട് കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെട്ടു. ഒരു ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളില്‍ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1991-ല്‍ ലഭിച്ചു. 1991ലെ പത്മശ്രീ പുരസ്‌കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഭരത് ഗോപിയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News