കൊവിഡിന് ശേഷം നാം പിന്‍തുടര്‍ന്ന വ്യക്തി ശുചിത്വം; സംസ്ഥാനത്ത് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവ്

കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കേരളത്തിൽ ആന്‍റിബയോട്ടിക് മരുന്ന് ഉപയോഗം പകുതിയിലേറെയായി കുറഞ്ഞു. 2020ൽ 60 ശതമാനമാണ് ആന്‍റിബയോട്ടിക് മരുന്നിന്‍റെ വിൽപ്പനയിൽ കുറവുണ്ടായത്. ലോക്ഡൗണിൽ തുടങ്ങി കൊവിഡ് നമ്മുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മാസ്ക്, സാനിന്‍റൈസർ, സാമൂഹിക അകലം ഇവ പിന്തുടർന്നതും അനാവശ്യമായി വീടിന് പുറത്തിറങ്ങുന്ന ഒ‍ഴിവാക്കിയതും നമ്മുടെ പുതിയ ശീലമായിരുന്നു. എന്നാ‍ൽ അവ വലിയ മാറ്റമാണ് നമ്മുടെ ആരോഗ്യകേരളത്തിൽ സൃഷ്ടിച്ചത് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്

സംസ്ഥാനത്ത് ഒരുവര്‍ഷം വില്‍ക്കുന്നത് 15,000 കോടിയിലധികം രൂപയുടെ മരുന്നാണ്. ഇതില്‍ 15 ശതമാനത്തോളവും ആന്‍റിബയോട്ടിക്കുകള്‍. കൊവിഡ് ഏറ്റവും ബാധിച്ചതും ആന്‍റിബയോട്ടിക്കുകളെയാണ്. എല്ലാ ആന്‍റിബയോട്ടിക്ക് കമ്പനികളുടെയും വില്‍പ്പന പകുതിയിൽ താ‍ഴെയായി കുറഞ്ഞു.

ശ്വാസകോശം ഉൾപ്പെടെ ശരീരത്തിന്‍റെ വിവിധ ഭാഗത്തെ ബാധിക്കുന്ന അണുബാധ, നേത്ര – ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയുടെ വില്‍പ്പനയിലാണ് ഗണ്യമായ കുറവുള്ളത്. അണുബാധയ്ക്ക് ഉപയോഗിക്കുന്ന സെഫാലെക്സിൻ, സെഫിക്സിം, സിപ്രോഫ്ളോക്ളാസിൻ, അസിത്രോമൈസിൻ, അമോക്സിലിൻ എന്നിവയുടെ വിൽപ്പനയെയും ബാധിച്ചു.

2019മായി താരമത്യം ചെയ്യുമ്പോൾ 2020 ജനുവരിയിൽ ഒരു ശതമാനവും ജൂൺ വരെ 56 ശതമാനവും ഡിസംബറിൽ 10 ശതമാനവുമാണ് ആന്‍റിബയോട്ടിക്കിന്‍റെ വിൽപ്പനയിൽ കുറവുണ്ടായതെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ പറഞ്ഞു

കൊവിഡ് വന്നതിനുശേഷം ആശുപത്രികളിലെക്ക് എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ മാറിയതോടെ അണുബാധകളും ഉദരരോഗങ്ങളും കുറഞ്ഞു. വായുവിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കാൻ വീട്ടിലിരിപ്പിനായി. മാസ്ക് പോലുള്ള പ്രതിരോധമാർഗങ്ങളും ആന്റിബയോട്ടിക് വിൽപന കുറച്ചു. ജീവിതശൈലീരോഗങ്ങളുടെ മരുന്നിന്‍റെ വില്‍പ്പനയിൽ മാത്രമാണ് മാറ്റമില്ലാത്തത്.

രാജ്യത്ത് തന്നെ ഏറ്റവുമധികം മരുന്നുപയോഗിക്കുന്നവരാണ് മലയാളികള്‍. ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്ക് ഓടിയിരുന്ന മലയാളികള്‍ ഇന്ന് മാറിയിരിക്കുന്നു. എന്തിനും ആശുപത്രികളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന തിരിച്ചറിവ് കൂടിയാണ് കൊവിഡ് നമ്മളിൽ വരുത്തിയ വരുത്തിയ മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here