പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചാല്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ കേസ് ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കാനെന്ന പേരില്‍ മാതാപിതാക്കള്‍ കുട്ടിയുമായി പ്രണയത്തിലായ കൗമാരക്കാരനായ ആണ്‍കുട്ടിയ്ക്കെതിരെ പോക്സോ കേസ് ചുമത്തുന്നത് തുടര്‍ക്കഥയാകുന്നുവെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് എന്‍. വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ച് 20 കാരനെതിരെ പൊലീസ് പോക്സോ ചുമത്തിയ കേസിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വേഗത്തില്‍ കൊണ്ടുവരണമെന്നും കോടതി ശുപാര്‍ശ ചെയ്തു.

ഒരിക്കലും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ ഈ നിയമത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ‘ജീവശാസ്ത്രപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളും പ്രകടമാകുന്ന പ്രായമാണ് കൗമാരക്കാരുടേത്. ഈ അവസരത്തില്‍ കൗമാരക്കാര്‍ തമ്മിലുള്ള പ്രണയബന്ധങ്ങളില്‍ സമൂഹത്തിന്റെയും മാതാപിതാക്കളുടെ കാര്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കേണ്ടതാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ അവര്‍ പ്രാപ്തരാകുന്നതുവരെ ഈ പിന്തുണ അവര്‍ക്ക് നല്‍കണം, കോടതി നിരീക്ഷിച്ചു.

കേസില്‍ ആണ്‍കുട്ടിയ്ക്ക് അനുകൂലമായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നും കോടതി വ്യക്തമാക്കി. തന്നെ വീട്ടില്‍ നിന്ന് കൊണ്ടുപോകണമെന്നും വിവാഹം കഴിക്കണമെന്നും പെണ്‍കുട്ടി തന്നെയാണ് ആവശ്യപ്പെട്ടത്. ഇത്തരം സാഹചര്യത്തില്‍ ആണ്‍കുട്ടിയ്ക്കെതിരെ കേസെടുക്കാന്‍ എങ്ങനെയാണ് സാധിക്കുകയെന്നും കാലാനുസൃതമായ മാറ്റം പോക്സോ കേസുകളിലും വരുത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസ് ചുമത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here