ധര്‍മ്മജന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കോണ്‍ഗ്രസ് ടിക്കറ്റില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി ഇതുവരെ തന്നോട് മത്സരിക്കാന്‍ പറഞ്ഞിട്ടില്ല എന്ന് ധര്‍മ്മജനും ധര്‍മ്മജന്‍ ഇക്കാര്യം സംസാരിച്ചു എന്ന് എംഎം ഹസ്സനും വെളിപ്പെടുത്തുമ്പോള്‍ പരസ്പരവിരുദ്ധമായുള്ള അഭിപ്രായങ്ങളാണ് ഇരുവരില്‍ നിന്നും ഉയരുന്നത്.

ഒരു മാധ്യമത്തോട് ധര്‍മ്മജന്‍ പറഞ്ഞത് ഇങ്ങനെ;

‘എന്നോട് ഇതുവരെ പാര്‍ട്ടി സംസാരിച്ചിട്ടില്ല. ഞാനാരു കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തീര്‍ച്ചയായും മത്സരിക്കും. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരമല്ലേ. എന്റെ ഉപജീവനമാര്‍ഗം സിനിമയും മിമിക്രിയുമാണ്. രാഷ്ട്രീയം ഉപജീവനമാര്‍ഗമല്ല. ഞാന്‍ മത്സരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് വിലയിരുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ തരുന്ന ഏത് മണ്ഡലത്തിലും മത്സരിക്കും. ഇതിന് വേണ്ടി ഇതുവരേയും ഞങ്ങള്‍ സംസാരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് തിയ്യതിയോ സ്ഥാനാര്‍ത്ഥിയോ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെ പറയുക. ആരൊക്കെ എവിടെ മത്സരിക്കും എന്ന് ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാനും.’

എന്നാല്‍, ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചത്. സംവരണ മണ്ഡലമായ ബാലുശേരി ഏറ്റെടുക്കാന്‍ ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. പകരം കുന്നമംഗലമോ കൊങ്ങാടോ നല്‍കണമെന്നാണ് ലീഗ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായി കണക്കാക്കുന്ന ബാലുശ്ശേരി മണ്ഡലം സിനിമ താരത്തെ ഇറക്കി പിടിച്ചെടുക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി വ്യക്തമായ ധാരണയായിട്ടില്ല എന്ന് വെളിപ്പെടുന്ന തരത്തിലാണ് ഇരുവരുടെയും പ്രതികരണം.

എന്തായാലും, ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീക്കൊപ്പം നില്‍ക്കാതെ നടനൊപ്പം നിന്ന വ്യക്തിയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ‘ദിലീപിന് വേണ്ടി നിലത്തുകിടന്ന ധര്‍മ്മജന്‍’ എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്.

ദിലീപിനു വേണ്ടി നിലകൊണ്ടു എന്നതിനൊപ്പം തന്നെ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മദ്യലഹരിയില്‍ നാടകീയരംഗങ്ങളുണ്ടാക്കിയ ആളാണ് ധര്‍മ്മജനെന്നും അതുകൊണ്ട് തന്നെയും സ്ഥാനാര്‍ഥി ആകാന്‍ ധര്‍മ്മജന്‍ യോഗ്യന്‍ ആണോ എന്നുമാണ് പലരും ചോദിക്കുന്നത്. ദിലീപ് ജയിലിൽ പോയപ്പോൾ, ബെഡിൽ കിടന്നാൽ തനിക്ക് ഉറങ്ങാൻ പറ്റില്ലയെന്നു പറഞ്ഞു തറയിൽ പായ വിരിച്ച് കിടന്നുറങ്ങിയ നിലപാടാണ് ധര്‍മ്മജന്‍റെ  പ്രമുഖമായ നിലപാടെന്നും പലരും പരിഹാസപൂര്‍വ്വം ധര്‍മ്മജന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു കമന്‍റുകളായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here