‘മികച്ച നടിക്കുള്ള പുരസ്‌കാരം പി.കെ റോസി പുരസ്‌കാരം എന്നാക്കണം’, കനി കുസൃതി

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി. അടുത്ത വര്‍ഷം മുതലെങ്കിലും റോസിയുടെ പേരില്‍ പുരസ്‌കാരം നല്‍കണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വെച്ച് നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചായിരുന്നു കനി കുസൃതി പുരസ്‌കാരത്തിന്റെ പേര് മാറ്റം ആവശ്യപ്പെട്ടത്. പുരസ്‌കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്ന് കനി മുന്‍പും പ്രഖ്യപിച്ചിരുന്നു.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിക്കുളള പുരസ്‌കാരത്തിന് അര്‍ഹയായത്. ബിരിയാണിയിലെ പ്രകടനത്തിന് 42-ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ ബ്രിക്സ് മത്സര വിഭാഗത്തിലും മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘ഇനിയെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം എന്നത് പി.കെ റോസി പുരസ്‌കാരം എന്നാക്കണം’, കനി കുസൃതി
‘മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്, അസ്ഥികൂടമെന്ന് വിളിച്ചു, നിറത്തെയും ശരീരത്തെയും പരിഹസിച്ചു’, മാളവിക മോഹനന്‍
റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ‘വാസന്തി’യാണ് മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകരായ സഹോദരങ്ങള്‍ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടന്‍. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍.

സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസിലും ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നേടിയ സംവിധായകന്‍ ഹരിഹരനും കോവിഡ് സാഹചര്യം മൂലം ചടങ്ങില്‍ പങ്കെടുക്കാനായില്ല. പ്രത്യേക ജൂറി പരാമര്‍ശം നേടിയ അന്തരിച്ച സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിക്കു വേണ്ടി സംവിധായകന്‍ സേതു ഇയ്യാളാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജനപ്രിയ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സിന്റെ നിര്‍മാതാവെന്ന നിലയിലും ഫഹദിനും ഭാര്യ നസ്രിയയ്ക്കും ദിലീഷ് പോത്തനും പുരസ്‌കാരമുണ്ടായിരുന്നു. ഇവര്‍ക്കുളള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍ ഏറ്റുവാങ്ങി.

രണ്ടാമത്തെ മികച്ച ചിത്രമായ കെഞ്ചിരയുടെ സംവിധായകനും നിര്‍മാതാവുമായ മനോജ് കാന ഇരട്ട പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ശ്രുതി രാമചന്ദ്രന്‍, നടന്‍ നിവിന്‍ പോളി, നടിമാരായ അന്ന ബെന്‍, പ്രിയംവദ കൃഷ്ണന്‍, ഛായാഗ്രാഹകന്‍ പ്രതാപ് പി.നായര്‍, തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, കഥാകൃത്ത് ഷാഹുല്‍ അലിയാര്‍, ചിത്ര സംയോജകന്‍ കിരണ്‍ ദാസ്, കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News