അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരം ഏറ്റുവാങ്ങാതെ ‘ ഏറ്റെടുത്ത്’ ജേതാക്കള്‍

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനാനുമതി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി‌ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലായി 53 അവാർഡുകളാണ് നൽകിയത്. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകൻ മധു സി നാരായണൻ ഏറ്റുവാങ്ങി. സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം.

അതെ സമയം അവാർഡ് സമ്മാനിക്കൽ ഇല്ലാതെ സ്വീകരിക്കൽ മാത്രമായാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നടന്നത്. പത്ത് നൂറ് അവാർഡുകൾ താൻ മാത്രമായി വിതരണം ചെയ്യുന്നതു കോവിഡ് സാഹചര്യത്തിൽ നല്ല മാതൃകയല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയായിരുന്നു. പുരസ്കാരം കൈമാറൽ തന്നെ വേണ്ടെന്നു നിർദേശിച്ച മുഖ്യമന്ത്രി വേദിയുടെ മുന്നിലെ മേശയിൽ വച്ചാൽ മതിയെന്നും ജേതാക്കൾ അതു വന്നെടുക്കുമ്പോൾ എല്ലാവരും ചേർന്ന് ആദരിക്കാമെന്നും വ്യക്തമാക്കി.

കൈയുറ ധരിച്ച പെൺകുട്ടികൾ എടുത്തു കൊണ്ടുവന്ന ഫലകങ്ങൾ കൈയുറ ധരിച്ചു തന്നെ കമൽ ഏറ്റുവാങ്ങി മേശമേൽ വയ്ക്കുകയായിരുന്നു. പുരസ്കാരം എടുത്ത ജേതാക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്താണു വേദിയിൽ നിന്നു മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News