സ്ഥാനാര്‍ത്ഥി പുറത്തുനിന്ന് വേണ്ട മണ്ഡലം മാറാനുള്ള എംകെ മുനീറിന്റെ നീക്കത്തിന് തടയിട്ട് ലീഗ് പ്രാദേശിക നേതൃത്വം

മണ്ഡലം മാറാനുള്ള എം കെ മുനീറിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട്, ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി. സ്ഥാനാര്‍ഥി പുറത്ത് നിന്ന് വേണ്ടെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കൊടുവള്ളിയിലെ സ്ഥാനാര്‍ഥി മോഹികളായ നേതാക്കളാണ് മുനീറിനെതിരെ കരുക്കള്‍ നീക്കുന്നത്. ലീഗിന് നല്ല സ്വാധീനമുള്ള കൊടുവള്ളിയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ എം കെ മുനീര്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ മുനീര്‍ വേണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുമുണ്ട്. നിലവിലുള്ള കോഴിക്കോട് സൗത്ത് അത്ര സുരക്ഷിതമല്ലെന്നാണ് ലീഗ് വിലയിരുത്തല്‍. എന്നാല്‍ കൊടുവള്ളിയില്‍ പുറത്ത് നിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റി.

ലീഗ് ജില്ലാ സെക്രട്ടറിയും കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയുമായ എംഎ റസാഖ്, മുന്‍ എംഎല്‍എയും മണ്ഡലം പ്രസിഡന്റുമായ വിഎം ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റിയാണ് പുറമെ നിന്ന് സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനം എടുത്തത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റി തീരുമാനം സ്ഥാനാര്‍ഥി മോഹികളായ നേതാക്കളുടേതാണെന്ന അഭിപ്രായവും ലീഗിലുണ്ട്.

കാരാട്ട് റസാഖ് എംഎല്‍എ യുടെ സ്വാധീനവും നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയുമാണ് കഴിഞ്ഞ തവണ മണ്ഡലം നഷ്ടമാക്കിയതെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. എം എല്‍ എ എന്ന നിലയില്‍ കാരാട്ട് റസാഖിന്റെ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കരുത് എന്ന മുന്നറിയിപ്പ് നേതൃത്വം മണ്ഡലം കമ്മിറ്റിക്ക് നല്‍കി കഴിഞ്ഞു. ലീഗ് വിട്ട ഘട്ടത്തില്‍, കാരാട്ട് റസാഖ് ദുര്‍ബലനെന്ന വാദമായിരുന്നു മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചത്. മണ്ഡലം നേതാക്കള്‍ക്കിടയിലെ ഭിന്നത മറികടന്ന്, കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാവും സംസ്ഥാന ലീഗ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News