കോവിഡ് -19 ശുചിത്വം; മുംബൈയിൽ ജീവിതശൈലി രോഗങ്ങളിൽ ഗണ്യമായ കുറവ്

മഹാനഗരം കഴിഞ്ഞ പത്തു മാസത്തിലേറെയായി അതീവ ജാഗ്രതയോടെ അടച്ചിരിക്കുവാൻ നിർബന്ധിതരായതോടെ ജീവിത ശൈലിയിലും വലിയ മാറ്റങ്ങൾക്കാണ് നഗരവാസികൾ വിധേയരായത്. ഇതോടെ മൺസൂൺ അസുഖങ്ങൾ കൂടാതെ ജീവിത ശൈലി രോഗങ്ങളിലും വലിയ കുറവാണ് നഗരം പോയ വർഷം രേഖപ്പെടുത്തിയത്.

ജനങ്ങളുടെ ദിനചര്യകളും ഭക്ഷണക്രമവും മാത്രമല്ല പുറത്തിറങ്ങുമ്പോൾ മുഖം മൂടി ധരിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള സംരക്ഷണവും ലഭിച്ചു. കൂടാതെ കൈകഴുകലും ശുചിത്വവുമെല്ലാം മെച്ചപ്പെടുകയും ആരോഗ്യമുള്ള ജീവിത രീതി പാലിക്കുവാൻ മുൻപില്ലാത്ത വിധം സാധിച്ചുവെന്നും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കകാനി പറയുന്നത്.

അന്തരീക്ഷ മലിനീകരണത്തിലും വലിയ കുറവാണ് നഗരം രേഖപ്പെടുത്തിയത്. റോഡ് ട്രെയിൻ അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളിലും വലിയ കുറവുണ്ടായി. നഗരവാസികളുടെ ഭക്ഷണരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം വലിയ തോതിൽ കുറഞ്ഞു. ഇതും ആരോഗ്യം മെച്ചപ്പെടുത്താൻ നിമിത്തമായി. ഇതര അസുഖങ്ങൾക്ക് ആശുപത്രിയെ ആശ്രയിച്ചവരുടെ എണ്ണത്തിലും കുറവാണ് പോയ വർഷം രേഖപ്പെടുത്തിയത്.

11,345 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തിയ നഗരം പക്ഷെ പോയ വർഷത്തിൽ, ടൈഫോയ്ഡ്, ഗ്യാസ്ട്രോഎന്റൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ, ഇ, ഡെങ്കി, എച്ച് 1 എൻ 1 എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളിൽ കുത്തനെ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. ജീവിത ശൈലി രോഗങ്ങളിലും നഗരം മുൻ കാലത്തേക്കാൾ കുറവ് കേസുകളാണ് രേഖപ്പെടുത്തിയത്.

2020 ൽ ഗ്യാസ്ട്രോഎന്റൈറ്റിസ് കേസുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം കുറഞ്ഞു, ടൈഫോയ്ഡ് 58.9 ശതമാനം കുറഞ്ഞു, എച്ച് 1 എൻ 1 കേസുകൾ 90.2 ശതമാനം കുറഞ്ഞു. ഈ അണുബാധ മൂലമുള്ള മരണങ്ങളും കുറവാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here