
കോവിഡ് ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് കേരളമാണെന്ന് 2020–21ലെ സാമ്പത്തിക സർവേ റിപ്പോർട്ട്. തെലങ്കാനയും ആന്ധ്രപ്രദേശും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളത്തിന് 38, തെലങ്കാനയ്‌ക്ക് 22.9, ആന്ധ്രപ്രദേശിന് 14.1 എന്നിങ്ങനെയാണ് സ്‌കോർ. ഏറ്റവും മോശമായ മഹാരാഷ്ട്രയുടെ സ്‌കോർ മൈനസ് 309.5 ആണ്.
ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ എന്നിവയാണ് രോഗവ്യാപനം തടയുന്നതിൽ മുന്നിലുള്ളത്. എന്നാല്‍ ഈ മേഖലയിലും ഏറ്റവും മോശം പ്രകടനം മഹാരാഷ്ട്രയുടേതാണെന്ന് പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം പരിശോധന സൗകര്യങ്ങളിൽ ഡൽഹി, ഗോവ, കേരളം എന്നിവ മുന്നിലെത്തി.
ജനങ്ങൾക്ക് പാർപ്പിടം, വെള്ളം, വൈദ്യുതി, കുടിവെള്ളം, പാചക ഇന്ധനം, ശുചീകരണ സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലും കേരളം ഏറ്റവും മുന്നിലെത്തി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവയാണ് തൊട്ടുപിന്നിൽ. ഒഡിഷയും ജാർഖണ്ഡും ഏറ്റവും പിന്നിലാണ്.
അടുക്കള, പൈപ്പ് വെള്ളം ലഭ്യമാകുന്ന അടുക്കള, വീട്ടിനുള്ളിൽ ശുദ്ധവായു ലഭിക്കാനുള്ള സാഹചര്യം, ബാത്ത്റൂം, അറ്റാച്ച്‌ഡ് ബാത്ത്‌റൂം, വൈദ്യുതി ഉപഭോഗം, വയറിങ് നിലവാരം എന്നീ മേഖലകളിലും കേരളമാണ് ഏറ്റവും മുന്നിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here