പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ഇതിന്‍റെ ഭാഗമായി 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക്, സര്‍ക്കാര്‍ നോട്ടീസ് നല്‍കി.പാലം പുനര്‍ നിര്‍മ്മിച്ചതിന്‍റെ ചെലവ്നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍, ആര്‍ ഡി എസ് കമ്പനിക്ക് നോട്ടീസ് നല്‍കിയത്.

പാലാരിവട്ടം പാലം നിര്‍മ്മിച്ചതില്‍ കരാര്‍ കമ്പനിക്ക് വലിയ വീ‍ഴ്ച്ച സംഭവിച്ചുവെന്നും ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പിന് കീ‍ഴിലുള്ള ആര്‍ ബി ഡി സി കെ, കരാര്‍ കമ്പനിയായ ആര്‍ ഡി എസിന് നോട്ടീസ് അയച്ചിരിക്കുന്നത്.കരാര്‍ വ്യവസ്ഥ അനുസരിച്ച് നിര്‍മ്മാണത്തില്‍ വീ‍ഴ്ച്ച വരികയും പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

പാലാരിവട്ടം പാലം പൂര്‍ണ്ണമായും തകരുകയും പുനര്‍നിര്‍മ്മിക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരമായി 24.52 കോടി രൂപ നല്‍കണമെന്നാണ് ആര്‍ ബി ഡി സി കെ, കരാര്‍ കമ്പനിക്കയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്.22 കോടി 68 ലക്ഷം രൂപ നിര്‍മ്മാണച്ചെലവായും 1 കോടി 13 ലക്ഷം രൂപ അധികച്ചെലവായും 70 ലക്ഷത്തി 82,000 രൂപ ചെന്നൈ ഐ ഐ ടി യുടെ പരിശോധനച്ചെലവായും കണക്കാക്കിയിട്ടുണ്ടെന്നും നോട്ടീസില്‍ വിശദീകരിച്ചിട്ടുണ്ട്.ഡി.എം.ആര്‍.സി യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് സഹകരണ സൊസൈറ്റിയാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്.

വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ക‍ഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്താണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്.2016 ഒക്ടോബറില്‍ പാലം തുറന്നുകൊടുത്തെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍തന്നെ തകര്‍ച്ച നേരിട്ടതിനാല്‍ പാലം അടയ്ക്കേണ്ടി വന്നു.ചെന്നൈ ഐ ഐ ടിയിലെ വിദഗ്ധരുടെയും ഇ ശ്രീധരന്‍റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ പാലം പുനര്‍ നിര്‍മ്മിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ പാലം അ‍ഴിമതിക്ക് നേതൃത്വം നല്‍കിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ആര്‍ ഡി എസ് എം ഡി സുമിത് ഗോയല്‍, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു.ഊരാളുങ്കലിന്‍റെ നേതൃത്വത്തില്‍ അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന പാലം മാര്‍ച്ച് അവസാനവാരത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News