
വയനാട്ടില്‍ പ്രളയബാധിതര്‍ക്ക് രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ സംഭരിച്ച ഭക്ഷണകിറ്റുകളടക്കം നശിച്ചനിലയില്‍. നശിച്ച വസ്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി മാറ്റി. നേതാക്കള്‍ ദുരിതാശ്വാസ സഹായങ്ങള്‍ മറിച്ചുവിറ്റുവെന്നും ആരോപണമുണ്ട്.മാസങ്ങള്‍ക്ക് മുന്‍പ് നിലമ്പൂരിലും സമാനമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
വയനാട്ടിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സഹായ വസ്തുക്കള്‍ വയനാട്ടിലെക്കെത്തി.ഇവ ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ യു ഡി എഫ് കണ്‍വീനര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ നല്‍കി.
കല്‍പ്പറ്റ മണ്ഡലത്തിലെ ചുമതല കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി പി ആലിക്കായിരുന്നു.എന്നാല്‍ ഈ വസ്തുക്കള്‍ നേതാക്കള്‍ പൂഴ്ത്തിവെക്കുകയും തുടര്‍ന്ന് നശിക്കുകയാണുമുണ്ടായത്. കല്‍പ്പറ്റയിലെ ഒരു സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച സാധനങ്ങള്‍ നടത്തിപ്പുകാരന്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി മാറ്റിയ ദൃശ്യങ്ങള്‍ കൈരളി ന്യുസിന് ലഭിച്ചു.
സൂക്ഷിച്ച സാധനങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കെട്ടിടത്തിന്റെ നടത്തിപ്പുകാരന്‍ മുത്തലിബ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിച്ച വസ്തുക്കള്‍ ഇടക്കിടെ കൊണ്ടുപോയിരുന്നതായും ഇയാള്‍ പറഞ്ഞു.സമാഹരിച്ച സാധനങ്ങളെല്ലാം ചില കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് കൈകാര്യം ചെയ്തത്. ഗോഡൗണിന്റെ താക്കോല്‍ ഇവരാണ് സൂക്ഷിച്ചത്. നേതാക്കള്‍ പല വസ്തുക്കളും മറിച്ചുവിറ്റതായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നു. ആക്ഷേപം സംബന്ധിച്ച് പരിശോധിക്കുമെന്ന് വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here