ട്രാക്ടര്‍ റാലിയ്ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായ സംഭവം; ആറംഗ സമിതി രൂപീകരിച്ചു

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയ്ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായ സംഭവം പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാനില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പരാതിപ്പെട്ടിരുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കേന്ദ്രസര്‍ക്കാരുമായി തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേന്ദ്രത്തില്‍ നിന്ന് ചര്‍ച്ചയ്ക്കുള്ള ക്ഷണം ലഭിച്ചില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. സമരകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രധാനപാതകളില്‍ പൊലീസ് വന്‍ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ബാരിക്കേഡുകള്‍, മുള്ളുവേലി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവയ്ക്ക് പുറമേ റോഡുകളില്‍ കിടങ്ങുകളും തീര്‍ക്കുന്നുണ്ട്.

ധാരണയ്ക്ക് വിപരീതമായി മറ്റ് റോഡുകളില്‍ ട്രാക്ടര്‍ പരേഡ് നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ട്രാക്ടറുകളെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here