വികസനത്തിന്റെ രണ്ടാം ഘട്ട കുതിച്ച് ചാട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ വികസനത്തിന്റെ രണ്ടാം ഘട്ട കുതിച്ച് ചാട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര തലത്തില്‍ 1 ലക്ഷം രൂപ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളിലെ വിദ്യാര്‍ഥി പ്രതിഭകളുമായുള്ള ആശയസംവാദത്തിന് തുടക്കമിട്ടു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കുസാറ്റിലാണ് നവകേരളം യുവ കേരളം എന്ന ആശയസംവാദ പരിപാടിക്ക് തുടക്കമായത്.

നവകേരള നിര്‍മ്മാണത്തിന് യുവതീ യുവാക്കളില്‍ നിന്ന് പുത്തന്‍ ആശയങ്ങള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കുസാറ്റിലെത്തി വിദ്യാര്‍ത്ഥികളുമായുള്ള ആശയ സംവാദത്തിന് തുടക്കമിട്ടത്.

സര്‍വ്വകലാശാലകളില്‍ കാലാനുസൃതമായ കോഴ്‌സുകള്‍ കൊണ്ടുവരുന്നതുള്‍പ്പടെ കാലം ആവശ്യപ്പെടുന്ന മാറ്റം ഉള്‍ക്കൊള്ളുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ജനാധിപത്യം പൂര്‍ണ്ണതയിലെത്തും.ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കും പ്രവേശനം നിഷേധിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണ് കെ ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു.യൂണിവേഴ്‌സിറ്റികളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം അകാരണമായി വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വ്വകലാശാലകളില്‍ അധ്യാപകരുടെ കുറവ് നികത്താനുള്ള നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നതടക്കം സംവാദത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുസാറ്റിലെ സംവാദപരിപാടിയില്‍,കേരള സാങ്കേതിക സര്‍വ്വകലാശാല, ആരോഗ്യ സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, ന്യുവാല്‍സ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.വരും ദിവസങ്ങളില്‍ കേരള,എം ജി,കാലിക്കറ്റ്,കണ്ണൂര്‍ സര്‍വ്വകലാശാലകളിലും മുഖ്യമന്ത്രിയുടെ ആശയസംവാദ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News