സാന്ത്വനസ്പര്‍ശമേകി സര്‍ക്കാര്‍: ദീപക്കിനും കിരണിനും സ്വന്തം ഭൂമിയായി

ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടമായ ദീപക് ലാലുവിനും കിരണ്‍ ലാലുവിനും നാളെയുടെ നല്ല പ്രതീക്ഷ നല്‍കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം.താമസിക്കാന്‍ സ്വന്തമായി ഒരു സെന്റ് ഭൂമി എന്ന ഈ കുട്ടികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹത്തിനാണ് കൊല്ലം ശ്രീ നാരായണ കോളേജില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് തുണയായത്.

പരവൂര്‍ മുന്‍സിപാലിറ്റിയില്‍ 3സെന്റ് സ്ഥലം അനുവദിച്ചതിന്റെ പട്ടയം അദാലത്തില്‍ വെച്ച് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

പരവൂര്‍ വില്ലേജില്‍ പോളച്ചിറ ചെമ്മങ്കുളം സ്വദേശികളായ ദീപക്കിന് ഏഴ് വയസും കിരണിന് രണ്ട് വയസുമുള്ളപ്പോഴാണ് ട്രെയിനപകടത്തില്‍ അച്ഛന്‍ മരിച്ചത്. പിന്നീട് വാഹനാപകടത്തില്‍ അമ്മയെയും ഇവര്‍ക്ക് നഷ്ടമായി.

അച്ഛന്‍ വെല്‍ഡിങ് തൊഴിലാളിയും അമ്മ സ്വകാര്യ ഡ്രൈവിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയുമായിരുന്നു.അച്ഛന്റെയും അമ്മയുടെയും വേര്‍പാടിനെ തുടര്‍ന്ന് വാടക വീട്ടില്‍ അനാഥത്വത്തിന്റെ നടുവില്‍ കഴിഞ്ഞിരുന്ന ഇവരുടെ സംരക്ഷണം പിന്നീട് അമ്മൂമ്മ ഏറ്റെടുക്കുകയായിരുന്നു.

ദീപക് പൂതക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന സമയം ഇവരുടെ ദയനീയ അവസ്ഥ അറിഞ്ഞ അവിടുത്തെ അധ്യാപകനായ അനൂപ് രാജാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താമസിക്കാന്‍ ഒരിടത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. മുഖ്യ മന്ത്രിയുടെ സുതാര്യകേരളത്തില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇവര്‍ക്ക് ഇപ്പോള്‍ പട്ടയം ലഭ്യമായത്.

സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിച്ച ദീപകിനും കിരണിനും അതിലൊരു വീട് എന്നതാണ് ഇനിയുള്ള ഏറ്റവും വലിയ സ്വപ്‌നം. കിരണ്‍ ലാല്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലില്‍ നിറഞ്ഞ സന്തോഷത്തിലാണ് ഈ കുട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News