കേന്ദ്ര ബഡ്ജറ്റ്‌ നിരാശജനകം: എളമരം കരീം

രാജ്യം ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആ പ്രതിസന്ധിയെ മറികടക്കാനാവശ്യമായ നിർദ്ദേശങ്ങളൊന്നുമില്ലാത്ത, ദിശാബോധം നഷ്ടപ്പെട്ട ഒരു ബഡ്ജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്.

കോവിഡ് മഹാമാരിമൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട കോടിക്കണക്കിനു മനുഷ്യരെ സഹായിക്കാനാവശ്യമായ പദ്ധത്തികളോ പ്രഖ്യാപനങ്ങളോ ഈ ബഡ്ജറ്റിൽ ഇല്ല. സ്വകാര്യവൽക്കരണം എന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ ഉതകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഇതിലാകമാനവും.

കോവിഡിന് മുന്നെതന്നെ തകർച്ചയിലേക്കുനീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക രംഗം ഉയർത്തെണീക്കണമെങ്കിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനും അവരുടെ വാങ്ങൾക്കഴിവ് വർധിപ്പിക്കാനുമുള്ള പദ്ധത്തികൾ നടപ്പിലാക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചില്ല എന്ന് മാത്രമല്ല ഭാവിയിൽ വിലക്കയറ്റത്തിന് സാഹചര്യമൊരുക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ആസ്തി വിറ്റഴികളും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കാൻ സഹായകമാകുമെന്ന വിചിത്ര വാദമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നടത്തിയത്. കേന്ദ്രസർക്കാരിനെതിരായ കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കാർഷിക മേഖലയെപ്പറ്റി പ്രസംഗത്തിൽ ചില പരാമർശങ്ങൾ നടത്തി എന്നല്ലാതെ കാർഷകരും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഫലപ്രദമായ പദ്ധതി നിർദ്ദേശങ്ങളില്ല.

കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആ സംസ്ഥാനങ്ങളെ പരിഗണിച്ചു എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കും വിധത്തിലുള്ള ചില പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായെങ്കിലും നേരത്തെ പ്രഖ്യാപിക്കപ്പെട്ടതോ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതോ ആയ പദ്ധതികൾ തന്നെ വീണ്ടും ബജറ്റിൽ ഉൾപ്പെടുത്തിയതാണെന്ന് കാണാൻ കഴിയും.

കേരളത്തിന്റെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ പൂർണമായും അവഗണിച്ചു. ദേശീയപാതാ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട 65000 കോടി, കൊച്ചി മെട്രോക്കായി നീക്കിവെച്ച തുക എന്നിവ പുതുതായി വകയിരുത്തുന്ന ഒന്നല്ല.

ഇത്തരത്തിൽ പുതുതായി ഒന്നുമില്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഉദ്ദേശിച്ചുള്ള, സമസ്ത മേഖലകളിലും വിദേശ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കടന്നുകയറാൻ അവസരം നൽകുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here