ഭൂകമ്പത്തില്‍ തകര്‍ന്ന ഹെയ്തിയില്‍ സഹായ സംഘത്തലവനായിരുന്ന അജിത്കുമാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഹെയ്റ്റി എന്ന വിദൂര ദരിദ്ര രാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യന്‍ പോലീസ് സംഘത്തിന്റെ തലവനായി നിയോഗിക്കപ്പെട്ട ഓര്‍മ്മകളാണ് റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ( എം എം എസ് പി) ഡെപ്യൂട്ടി കമാന്ററായ പിരപ്പന്‍കോട് സ്വദേശി പി അജിത് കുമാറിന്റെ മനസ്സില്‍.

കരീബിയന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും ദരിദ്ര ജനങ്ങളില്‍ ഒന്നു കൂടിയായിരുന്ന ഹെയ്റ്റി വന്‍ ഭൂകമ്പത്തോടെ ചന്നഭിന്നമാകുന്നത് 2010 ജനുവരി 12നാണ്. രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുകയും മൂന്നുലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 ലക്ഷത്തോളം പേര്‍ ഭവന രഹിതരാവുകയും ചെയ്തു.

ആഭ്യന്തര ലഹളകള്‍ നിറഞ്ഞ ഹെയ്റ്റി ഭൂകമ്പത്തോടെ അരാജകത്വത്തിലേക്ക് നീങ്ങി. സമാധാനം പുനസ്ഥാപിക്കുന്ന ജോലിയില്‍ അജിത്തിന്റെ സംഘം ഒരു വര്‍ഷത്തോളം അവിടെ തുടര്‍ന്നു.

ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം ഭാരതത്തില്‍ നിന്ന് അയച്ച പോലീസ് സംഘത്തിന്റെ തലവന്‍ ആകാനുള്ള ദൗത്യമാണ് അന്ന് അജിത് കുമാറിനെ തേടിയെത്തിയത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് പോലീസ് കമാന്‍ഡോ ഇന്‍സ്പെക്ടര്‍ കോഴ്സ് പാസാകുന്ന ആദ്യമലയാളി കൂടിയായിരുന്നു അജിത്ത്.

കേരള പൊലീസിലും പുറമെയുമായി നിരവധി പേര്‍ക്ക് നല്‍കിയ പരിശീലനമാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സംസ്ഥാനത്തെ വി.ഐ.പി സന്ദര്‍ശന സമയത്തെ കൃത്യമായ ഇടപെടലുകളും പുരസ്‌കാരത്തിന് സഹായിച്ചു. നേരത്തെ മലപ്പുറത്ത് എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു അജിത് കുമാര്‍.

 കായിക, യുവജന കാര്യാലയത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ആണ് അജിത് കുമാര്‍ ഇപ്പോള്‍. നീന്തലിലും വാട്ടര്‍പോളോയിലും കേരള യൂണിവേഴ്സിറ്റിയുടെയും കേരളത്തിലെയും ക്യാപ്റ്റനായിരുന്നു. 2011 മുതൽ 2017 വരെ പാണ്ടിക്കാട് ആർആർ ക്യാംപിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു. 2020ൽ ആണ് സ്ഥാനക്കയറ്റത്തോടെ ഡപ്യൂട്ടി കമാൻഡന്റായി എംഎസ്പിയിലെത്തുന്നത്.

വി.ഐ.പി സെക്യൂരിറ്റിയിലും ദുരന്ത നിവാരണത്തിലും വിവിധ കോഴ്‌സുകള്‍ വിജയിച്ച അദ്ദേഹം നിരവധി പേര്‍ക്ക് പരിശീലനവും നല്‍കി. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കമാന്‍ഡോ ഓഫിസറായിരുന്ന അജിത് കേരളത്തില്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശന സമയത്ത് എസ്‌കോര്‍ട്ട് ഓഫിസറായും ചുമതല വഹിച്ചിട്ടുണ്ട്.

നീന്തല്‍ മത്സരങ്ങളില്‍ 15 വര്‍ഷം കേരളത്തെ പ്രതിനിധീകരിച്ചു. കേരള യൂനിവേഴ്‌സിറ്റിയുടെ ഇന്റര്‍ യൂനിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍ ആദ്യസ്വര്‍ണമെഡല്‍ ജേതാവുമാണ്. ഇപ്പോള്‍ കൈമനത്താണ് താമസം. ഭാര്യ: ശ്രീജ. മക്കള്‍: ഐശ്വര്യ, ലക്ഷ്മി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here