ബിജെപി വിടാനുണ്ടായ കാരണം വെളിപ്പെടുത്തി ശത്രുഘ്നൻ സിൻഹ

രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമായിരുന്നു ബിജെപിയുമായി ഉണ്ടായിരുന്നത്. അവസാനം 2019 ൽ ശത്രുഘൺ സിൻഹ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.

“ജനാധിപത്യം ബിജെപിയിൽ സ്വേച്ഛാധിപത്യമായി മാറുന്നത് കാണുവാൻ തുടങ്ങിയതോടെയാണ് പാർട്ടി വിട്ടതെന്ന് ശത്രു പറയുന്നു. പിന്നീട് ബി ജെ പി വൺ മാൻ ഷോയും ടു-മാൻ സൈന്യവും ആയി മാറിയെന്നും സിൻഹ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെയും നടൻ നിശിതമായി വിമർശിച്ചു. മഹാമാരി മൂലം പത്തു മാസത്തോളമായി അടച്ചിട്ട സിനിമാ വ്യവസായത്തെ കൈപിടിച്ചുയർത്താൻ ഒന്നും തന്നെ ചെയ്തില്ലെന്നും ശത്രു കുറ്റപ്പെടുത്തി.

ബച്ചനെ കൊച്ചാക്കിയ പരാമർശം

കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലം കൊണ്ട് നിരവധി ശത്രുക്കളെയാണ് താരം സിനിമാ മേഖലയിലും ഉണ്ടാക്കിയിരുന്നത്. സൂപ്പർ താരം അമിതാഭ് ബച്ചനുമായി ശത്രുഘ്‌നൻ പുലർത്തിയിരുന്ന സൗന്ദര്യ പിണക്കം ബോളിവുഡിലെ പാപ്പരാസികൾ ഏറെ ആഘോഷിച്ചതാണ്. ഒരു കാലത്ത് ഗോസിപ്പ് വാർത്തകൾക്കായി ചുറ്റികറങ്ങിയിരുന്ന ഫിലിം ജേണലിസ്റ്റുകളുടെ വിളയിടമായിരുന്നു ശത്രുവിന്റെ ക്യാമ്പ്. അമിതാഭ് ബച്ചൻ പങ്കെടുത്ത ഒരു അവാർഡ് ദാന ചടങ്ങിൽ താരത്തെ മുന്നിലിരുത്തി വേദിയിൽ നിന്ന് ശത്രുഘ്‌നൻ സിൻഹ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. അമിതാഭ് ബച്ചനെ പോലൊരാൾക്ക് നായകനാകാമെങ്കിൽ പിന്നെ ആർക്ക് വേണമെങ്കിലും സിനിമയിൽ ഹീറോ ആകാമെന്ന ശത്രുവിന്റെ സ്വതസിദ്ധമായ പരാമർശമാണ് ബച്ചൻ ഫാൻസിനെയും ചൊടിപ്പിച്ചത്.

ശശി കപൂർ ബെൽറ്റ് കൊണ്ടടിക്കാൻ ഓടിച്ചിട്ടു !!

സ്ഥിരം സെറ്റിൽ വൈകിയെത്തുക പതിവായിരുന്ന ശത്രുവിനെ ഒരിക്കൽ പ്രകോപിതനായ ശശി കപൂർ ബെൽറ്റ് കൊണ്ട് അടിക്കാൻ ഓടിച്ച കഥയും ഈയിടെ നടൻ പങ്കു വച്ചു. 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ട സെറ്റിൽ പലപ്പോഴും 12 മണി കഴിഞ്ഞാണ് എത്തി കൊണ്ടിരുന്നത്. എന്നാൽ ശത്രുഘ്‌നൻ സിൻഹ ഇതിന് പറഞ്ഞ ന്യായമാണ് സഹപ്രവർത്തകരെ വെട്ടിലാക്കുന്നത്. താൻ പറയാനുള്ള ഡയലോഗ് മനഃപാഠമാക്കിയാണ് വരുന്നതെന്നും അത് കൊണ്ട് തന്നെ ഒറ്റ ടേക്കിൽ തന്നെ ജോലി കഴിക്കാറുണ്ടെന്നും നടൻ പറയുന്നു. അത് കൊണ്ട് റീടേക്കുകൾ ഇല്ലാതെ പറഞ്ഞ സമയത്ത് തന്നെ ഷൂട്ടിംഗ് പൂർത്തിക്കാനാകുമെന്നുമാണ് സിൻഹയുടെ ന്യായീകരണം.

രാജേഷ് ഖന്നയോട് പിണക്കം തീർക്കാനായില്ല

ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ താരമായ രാജേഷ് ഖന്നയുമായുള്ള ഇഷ്ടക്കേടുകൾ രാഷ്ട്രീയത്തിലേക്കും വ്യാപിച്ചതോടെയാണ് പരസ്പരം മിണ്ടാത്ത അവസ്ഥയിലേക്ക് നയിച്ചത്.

താനും അന്തരിച്ച നടൻ രാജേഷ് ഖന്നയും വർഷങ്ങളായി പരസ്പരം സംസാരിക്കാതിരുന്നതിന്റെ കാരണവും ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശത്രുഘൻ സിൻഹ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

1992 ൽ ദില്ലി നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജേഷ് ഖന്നയ്ക്കെതിരെ മത്സരിക്കാനുള്ള ശത്രുഘൻ സിൻഹയുടെ തീരുമാനമാണ് ഇവർക്കിടയിലെ അകലം കൂട്ടിയത്. അക്കാലത്ത് ഖന്ന കോൺഗ്രസിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതേസമയം സിൻഹ ബിജെപിക്കുവേണ്ടി പോരാടുകയായിരുന്നു.

സഹപ്രവർത്തകനെതിരെ മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും എന്നാൽ ബിജെപി നേതാവ് എൽ കെ അദ്വാനിയെ തള്ളിപ്പറയാൻ കഴിയില്ലെന്നുമായിരുന്നു സിൻഹ നൽകിയ വിശദീകരണം. ഈ തിരഞ്ഞെടുപ്പിൽ ഖന്ന 28,000 വോട്ടുകൾക്ക് രാജേഷ് ഖന്ന ശത്രുഘ്‌നൻ സിൻഹയെ പരാജയപ്പെടുത്തി.

പലപ്പോഴും ഇക്കാര്യം നേരിട്ട് പറയാൻ ശ്രമിച്ചെങ്കിലും രാജേഷ് ഖന്ന മുഖം കൊടുത്തില്ലെന്നും സിൻഹ ഓർക്കുന്നു. തുടർന്ന് ഇരുവരും വർഷങ്ങളോളം സംസാരിച്ചില്ല. തെറ്റിദ്ധാരണ മാറ്റാൻ അദ്ദേഹത്തോട് പോയി ക്ഷമ ചോദിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അതിന് മുമ്പ് രാജേഷ് ഖന്ന വിട പറഞ്ഞെന്നും ശത്രുഘൻ സിൻഹ കുറ്റബോധത്തോടെ പറഞ്ഞു. രാജേഷ് ഖന്ന 2012 ലാണ് മരണമടയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News