മാലിന്യമെന്ന ‘വില്ലനിൽ’നിന്ന്‌ നഗരത്തെ കാക്കാൻ ഗ്രീൻ ആർമി

മാലിന്യമെന്ന ‘വില്ലനിൽ’നിന്ന്‌ നഗരത്തെ കാക്കാൻ കോർപറേഷന്റെ ഗ്രീൻ ആർമി രംഗത്ത്‌. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയായിരുന്നു ഗ്രീൻ ആർമിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കം. ഹെൽത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി ജമീല ശ്രീധരൻ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്റസ്സൈക്ലിംഗ് എംബസി, റൈഡ് ഫോർ ഗ്രീൻ എന്നിവയുമായി സഹകരിച്ചായിരുന്നു റാലി.

പാൽക്കുളങ്ങര എൻഎസ്എസ് എച്ച്എസ്എസ് വിദ്യാർഥിനി അഭിനയയ്ക്ക് ഇൻഡസ് സൈക്ലിംഗ് എംബസിയുടെ സൈക്കിൾ മേയർ സമ്മാനിച്ചു.

ഉറവിടത്തിൽ മാലിന്യങ്ങൾ തരം തിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നഗരപരിധിയിലെ എംആർഎഫുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. നിലവിലുള്ള എംആർഎഫുകളുടെ സ്ഥിതി പരിശോധിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കും. സ്കൂൾ വിദ്യാർഥികൾക്കായി ‘ഹരിത നഗരോത്സവം’ പഞ്ചദിന വേനലവധിക്കാല ക്യാമ്പ്‌ സംഘടിപ്പിക്കും. നഗരത്തിനുള്ളിലെ ഗ്രാമീണ മേഖലയിലെ യുവജന സംഘടനകളെക്കൂടി പങ്കെടുപ്പിച്ച്‌ ആ പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് ഗ്രീൻ ആർമി വിപുലീകരിക്കും.

എ​ന്റെ നഗരം സുന്ദര നഗരം പദ്ധതിയിൽ മേയറുടെ കീഴിൽ വിദ്യാർഥികൾക്കും 8 നും 35നും ഇടയിൽ പ്രായമുള്ളവർക്കും ഇന്റേൺഷിപ് പദ്ധതിയുമുണ്ട്. വിജയകരമായി ഇ​ന്റേൺഷിപ് പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ്‌ നൽകും. ഗ്രീൻ ആർമിയിൽ വളന്റിയറാകാൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും.

കിച്ചൻ ബിൻ കമ്പോസ്റ്റിങ്‌ പ്രചരിപ്പിക്കാൻ കോർപറേഷൻ മേയേഴ്‌സ്‌ കിച്ചൻ ബിൻ ചലഞ്ച് സംഘടിപ്പിക്കും. വ്യക്തികൾ, റസിഡൻസ്‌ അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നീ മൂന്നു വിഭാഗത്തിലാണ്‌ മത്സരം. മികച്ച രീതിയിൽ കിച്ചൺബിൻ കമ്പോസ്‌റ്റിങ്‌ നടപ്പാക്കിയവർക്ക് സമ്മാനം നൽകും. മാർച്ച് ഒന്ന്‌ മുതൽ മെയ് 31 വരെയാണ് മത്സര കാലയളവ്. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന്‌ വിജയികളെ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News