കേന്ദ്ര സര്‍ക്കാറിന് പ്രതിബദ്ധത വന്‍കിട ബിസിനസുകാരോടും കോര്‍പറേറ്റുകളോടും മാത്രമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് കേന്ദ്ര ബജറ്റ്: സിപിഐഎം പിബി

കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരന്‍റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയും ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും ബജറ്റ് വന്‍കിട കോര്‍പറേറ്റുകളുടെയും ബിസിനസുകാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് മികച്ച ഉദാഹരണമാണ് ഇതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൊതുനിക്ഷേപം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തത്‌ ഇതിനു തെളിവാണെന്നും സിപിഐഎം പൊളിറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.

നടപ്പുവർഷ അടങ്കലിനു ഏതാണ്ട്‌ തുല്യമായ 34.8 ലക്ഷം കോടി രൂപയാണ്‌ അടുത്തവർഷത്തെ മൊത്തം ചെലവ്. യഥാർഥ ചെലവ്‌ ‌ ഇതിലും കുറയും. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽനിന്ന്‌ സർക്കാർ ഒഴിയുന്നതിന്റെ പ്രതിഫലനമാണിത്‌. നടപ്പുവർഷം ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായി ഉയരാൻ കാരണം വരുമാനത്തിൽ ഉണ്ടായ വൻഇടിവാണെന്ന്‌ സർക്കാർ അവകാശപ്പെടുന്നു.

പെട്രോൾ, ഡീസൽ തീരുവ വർധന വഴി ജനങ്ങളിൽനിന്ന്‌ വൻതുക പിഴിഞ്ഞെടുത്തിട്ടും ഇതു സംഭവിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയ വിഹിതം കഴിഞ്ഞവർഷത്തെ പുതുക്കിയ കണക്കിനെ അനുസരിച്ച്‌ 40 ശതമാനത്തോളം ഇടിയുകയും ചെയ്‌തു. കോർപറേറ്റ്‌, ആദായനികുതി വരുമാനത്തിലും വൻഇടിവുണ്ടായി. 2021–-22ലും കോർപറേറ്റുകളിലും ധനികരിലുംനിന്നുള്ള നികുതിവരുമാനം കോവിഡ്‌പൂർവ കാലത്തെക്കാൾ കുറയുമെന്ന്‌ ‌ സർക്കാർ പറയുന്നു.2020–-21ൽ കോർപറേറ്റ്‌, ആദായനികുതി വരുമാനം യഥാക്രമം 6.81, 6.38 ലക്ഷം കോടി രൂപ വീതമായിരുന്നെങ്കിൽ 2021–-22ൽ പ്രതീക്ഷിക്കുന്നത്‌ 5.47, 5.61 ലക്ഷം കോടി രൂപ വീതമാണ്‌.

നടപ്പ്‌ വർഷത്തെ ചെലവ്‌ 34.8 ലക്ഷം കോടി രൂപയാണെന്ന്‌ സർക്കാർ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഡിസംബർ വരെ ചെലവിട്ടത്‌ 22.8 ലക്ഷം കോടി മാത്രമാണ്‌. പുതുക്കിയ കണക്കിൽ നാല്‌ ലക്ഷം കോടി രൂപയുടെ അധിക ചെലവ്‌ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതു എഫ്‌സിഐ ഭക്ഷ്യസബ്‌സിഡി ബജറ്റ്‌ കണക്കിൽപെടുത്തിയതു വഴി വന്നതാണ്‌. ഭക്ഷ്യസബ്‌സിഡി 2021–-22ൽ നടപ്പുവർഷത്തെ അപേക്ഷിച്ച്‌ 41 ശതമാനം വെട്ടിക്കുറച്ചു.

കൃഷി, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വനിത–-ശിശുക്ഷേമം, ശാസ്‌ത്രസാങ്കേതികം, നഗരവികസനം, ഭിന്നശേഷിക്കാരുടെ വികസനം എന്നീ മേഖലകളിൽ നടപ്പുവർഷം വിഹിതം വെട്ടിക്കുറച്ചു. ആരോഗ്യമേഖലയിൽ 74,600 കോടി രൂപയാണ്‌ ബജറ്റ്‌ വിഹിതം. എന്നാൽ കഴിഞ്ഞവർഷത്തെ പുതുക്കിയ കണക്കിനെക്കാൾ 8,000 കോടി രൂപ കുറവാണിത്‌. ദേശീയ ആസ്‌തികളുടെ വിൽപനയാണ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയായി സർക്കാർ കാണുന്നതെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News