
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് സിദ്ധിഖ് മികവുറ്റതാക്കിയിരുന്നു. ഇപ്പോഴും മോളിവുഡില്‍ സജീവമായ താരത്തിന്‌റെ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. സഹനടനായുളള വേഷങ്ങളിലാണ് സിദ്ധിഖ് ഇപ്പോള്‍ കൂടുതല്‍ സിനിമകളിലും എത്തുന്നത്.
സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ സിദ്ധിഖ് ശ്രദ്ധേയ വേഷങ്ങളില്‍ എത്താറുണ്ട്. പ്രാധാന്യമുളള കഥാപാത്രങ്ങളായാണ് മിക്ക സിനിമകളിലും നടന്‍ എത്തിയിരുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാനൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് സിദ്ധിഖ്. ദുല്‍ഖറിന്റെ രണ്ടാം ചിത്രമായ ഉസ്താദ് ഹോട്ടലില്‍ പിതാവിന്റെ റോളില്‍ എത്തിയത് സിദ്ധിഖാണ്.
സൂപ്പർഹിറ്റായ ഉസ്താദ് ഹോട്ടലിന് ശേഷം കൊമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിലും ദുൽഖറിന്റെ അപ്പന്റെ വേഷത്തിൽ സിദ്ധിഖ് എത്തി. അതേസമയം ഉസ്താദ് ഹോട്ടൽ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം മുമ്പ് സിദ്ധിഖ് വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ധീഖ് അനുഭവം തുറന്നു പറഞ്ഞത്.
സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ:
ഉസ്താദ് ഹോട്ടൽ സമയത്ത് ദുൽഖർ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാൻ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടു. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് ചോദിച്ചപ്പോൾ അതിൽ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാൽ മനസിലാവില്ല എന്ന് പറഞ്ഞു.
അങ്ങനെ എന്നെ മനസിലാക്കി തരാൻ കഴിയാത്ത സീൻ വീണ്ടും എടുക്കണ്ട എന്ന് ഞാനും പറഞ്ഞു. വീണ്ടും റീടേക്കിന് പോയാൽ അഭിനയിക്കാൻ ഞാൻ ഇല്ലെന്നും അറിയിച്ചു. പക്ഷേ ദുൽഖർ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്നവും സിനിമ കണ്ട ആർക്കും തോന്നിയില്ല. അത്ര നന്നായി ദുൽഖർ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
എന്നാൽ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോൾ എന്നെ വഴക്ക് പറയുകയാണ് ചെയ്തത്. അവൻ കാര്യങ്ങൾ പഠിച്ചുവരട്ടെ. അങ്ങനെ റീടേക്കുകൾ എടുത്തല്ലേ ഒരോരുത്തരും വളർന്നുവരുന്നത്. എന്നൊക്കെ മമ്മൂക്ക പറഞ്ഞു. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാൻ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചുവെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here