ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇവരെ വയനാട് വാഴവറ്റ ജ്യോതി നിവാസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 1,98,300 രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്.

ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.

കേരളത്തിലെ ജയിലുകളിലെ മാനസിക രോഗം ബാധിച്ച നൂറോളം ആളുകളാണ് വിചാരണത്തടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്.

ഇതില്‍ തന്നെ നേരത്തെ വിചാരണ തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് പൂര്‍ണമായും വിടുതല്‍ ചെയ്തവരുമായ നിരവധി പേരുണ്ട്. ഇങ്ങനെ വിടുതല്‍ ചെയ്യുന്നവരെ ആരും ഏറ്റെടുക്കാത്തത് കൊണ്ട് അവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വരികയാണ്.

മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇവരുടെ കാര്യത്തില്‍ അംഗീകൃത സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പദ്ധതി തയ്യാറാക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 9 പേരെ മോചിപ്പിച്ച് പുനരധിവാസം സാധ്യമാക്കിയിരുന്നു. വിവിധ സന്നദ്ധ സംഘങ്ങളെ കൂടി സഹകരിപ്പിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News