സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ ഐ എ.രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കലായിരുന്നു ലക്ഷ്യമെന്നും കള്ളക്കടത്ത് സംഘം രൂപീകരിക്കാനായി ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.എന്നാല്‍ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനാക്കിയ എം ശിവശങ്കറിനെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

ഇക്കഴിഞ്ഞ ജനുവരി 5ന് എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികള്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എന്‍ ഐ എ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കലായിരുന്നു പ്രതികളുടെ ലക്ഷ്യം.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം വഷളാക്കാനും പ്രതികള്‍ ശ്രമിച്ചു.ഇതിനായി പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘംതന്നെ രൂപീകരിച്ചു.കള്ളക്കടത്ത് സംഘം രൂപീകരിക്കാനായി ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും സ്വദേശത്തും വിദേശത്തുമായി സംഘം വ്യാപക ഫണ്ട്പിരിവ് നടത്തിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

20 പ്രതികള്‍ക്കെതിരെ കൊച്ചി എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെവിടെയും എം ശിവശങ്കറിനെക്കുറിച്ച് പരാമര്‍ശമില്ലെന്നത് ശ്രദ്ധേയമാണ്.ഇതുമായി ബന്ധപ്പെട്ട് ഇ ഡിയും കസ്റ്റംസും അന്വേഷിക്കുന്ന കേസുകളില്‍ സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന് പ്രധാന പങ്കുള്ളതായാണ് പരാമര്‍ശിച്ചിരുന്നത്.

എന്നാല്‍ എന്‍ ഐ എ നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കറെ പ്രതിയാക്കിയിട്ടില്ല.ഇനി 9 പ്രതികളെക്കൂടി കണ്ടെത്താനുണ്ടെന്ന് എന്‍ ഐ എ പറയുന്നുണ്ടെങ്കിലും അക്കൂട്ടത്തിലും ശിവശങ്കര്‍ ഉള്ളതായി പരാമര്‍ശിക്കുന്നില്ല.

സ്വപ്ന, സരിത്ത്, റമീസ് ഉള്‍പ്പടെ 20 പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി ജെ പി പ്രവര്‍ത്തകനും നാലാം പ്രതിയുമായിരുന്ന സന്ദീപ് നായരെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.

യു എ പി എ സെക്ഷന്‍ 16,17,18, 20 പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഹവാല ചാനല്‍വഴി പ്രതികള്‍ പണം യു എ ഇയിലെത്തിച്ചുവെന്നും 2019 നവംബറിനും 2020 ജൂണിനുമിടയില്‍ 167 കിലോ സ്വര്‍ണ്ണമാണ് പ്രതികള്‍ കടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.35 പ്രതികളുള്ള കേസില്‍ 21 പേരെയാണ് എന്‍ ഐ എ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.12 പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News