പോരാട്ടം ശക്തമാക്കാന്‍ കര്‍ഷകര്‍; സമരസന്ദേശം ഗ്രാമങ്ങളിലേക്ക്; കേന്ദ്രത്തിന്‍റെയും സംഘപരിവാറിന്‍റെയും ദുഷ്പ്രചരണങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടി

കർഷകസമരം അടിച്ചമർത്താൻ കേന്ദ്രവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും ദുഷ്‌പ്രചരണങ്ങളും തുറന്നുകാട്ടാൻ ബുധനാഴ്‌ച മുതൽ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്ന്‌ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

വൈദ്യുതി മേഖല അപ്പാകെ സ്വകാര്യവൽക്കരിക്കുന്ന ബില്ലിനെതിരെ ബുധനാഴ്‌ച വൈദ്യുതി ജീവനക്കാരും എൻജിനിയർമാരും പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പണിമുടക്കിനെ കർഷകർ പിന്തുണയ്‌ക്കും. ശനിയാഴ്‌ച രാജ്യവ്യാപകമായി കർഷകസംഘടനകൾ വഴിതടയും. പകൽ 12 മുതൽ മൂന്നുവരെയാണ്‌ ദേശീയപാതകളും സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും ഉപരോധിച്ചുള്ള സമരം.

ബുധനാഴ്ചമുതൽ പത്തുവരെ രാജ്യത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ കേന്ദ്രത്തിനും സംഘപരിവാറിനുമെതിരായി പ്രചാരണം സംഘടിപ്പിക്കുമെന്ന് കിസാൻ സംഘർഷ്‌ കോ -ഓർഡിനേഷൻ കമ്മിറ്റി നേതാവ് പി കൃഷ്ണപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരകേന്ദ്രങ്ങളെല്ലാം പൊലീസ്‌ തുറന്ന ജയിലിന്‌ സമാനമാക്കി‌. ശത്രുസൈന്യത്തെയെന്നപോലെയാണ് കർഷകരെ നേരിടുന്നത്‌.

പ്രദേശവാസികളെന്ന പേരിൽ സമരകേന്ദ്രത്തിൽ അക്രമം നടത്തിയ ബിജെപി, -ആർഎസ്എസ് ക്രിമിനലുകൾക്ക്‌ പൊലീസ്‌ കൂട്ടുനിന്നു. ഗാസിപ്പുരിൽ ടിക്കായത്തിനെ ഒഴിപ്പിക്കാൻ രണ്ട്‌ ബിജെപി എംഎൽഎമാരാണ്‌ എത്തിയത്‌. മൂന്ന്‌ നിയമവും പിൻവലിക്കുക, സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌തതുപോലെ മിനിമം താങ്ങുവില നിയമപ്രകാരമാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുംവരെ കർഷകസംഘടനകൾ ഒറ്റക്കെട്ടായി സമരം തുടരും.
2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയാണ് കർഷകർക്ക് താങ്ങുവില വാഗ്ദാനം ചെയ്തത്. എന്നാൽ, മോഡി സർക്കാരിന്റെ ഇതുവരെയുള്ള ബജറ്റിൽ ഒരിക്കൽപ്പോലും താങ്ങുവില ഉറപ്പാക്കിയിട്ടില്ല.
കർഷകർ സമരരംഗത്തിറങ്ങിയതിന്റെ ധാർമിക ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അറസ്‌റ്റിലായവരെ വിട്ടയച്ചാൽമാത്രം ചർച്ച

റിപ്പബ്ലിക്‌ ദിനത്തിലെ അനിഷ്ടസംഭവങ്ങളുടെ പേരിൽ നിയമവിരുദ്ധമായി പൊലീസ് കസ്റ്റഡിയിലെടുത്ത കർഷകരെ ഉപാധികളില്ലാതെ വിട്ടയച്ചെങ്കിൽ മാത്രമേ ഇനിയൊരു ചർച്ചയ്ക്കുള്ളൂവെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു. കസ്റ്റഡിയിലെടുത്ത 122 പേരെ ഉടൻ വിട്ടയക്കണം. കാണാതായ കർഷകരെ കണ്ടെത്തൽ, അറസ്റ്റിലായവരുടെ കേസുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയ്ക്കായി അഭിഭാഷകൻ പ്രേം സിങ്‌ ബാംഗുവിന്റെ നേതൃത്വത്തിൽ സംഘത്തിന്‌ രൂപംനൽകി.

കേന്ദ്രത്തിന്റെ നുണപ്രചാരണങ്ങളെ തുറന്നുകാട്ടാനും സമരത്തിന്റെ യഥാർഥ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനുമുള്ള ട്വിറ്റർ അക്കൗണ്ടുകൾ തടയുന്നത് ജനാധിപത്യവിരുദ്ധമാണ്‌. ഒരു ഫോൺകോൾ അകലെ പ്രശ്‌നപരിഹാരമുണ്ടെന്ന് ഒരുവശത്ത്‌ പ്രധാനമന്ത്രി അവകാശപ്പെടുമ്പോൾ മൊബൈൽ ഇന്റർനെറ്റ്‌ സേവനങ്ങൾ തടയാനും ബാരിക്കേഡുകളും കമ്പിവേലികളും റോഡിൽ ആണികളും സ്ഥാപിച്ചും മറുവശത്ത് സമരകേന്ദ്രങ്ങൾ അടയ്ക്കാനും സൗകര്യങ്ങൾ വിച്ഛേദിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

ട്രെയിനുകൾ വഴിതിരിച്ചുവിട്ടും ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ സഹായത്തോടെ പ്രതിഷേധം സംഘടിപ്പിച്ചും ജനങ്ങളെ സമരത്തിൽനിന്ന് അകറ്റാനാണ് ശ്രമം. കർഷകസമരത്തിന് ലഭിക്കുന്ന പിന്തുണയിൽ കേന്ദ്രം അസ്വസ്ഥമാണ്‌–- കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

നിയമങ്ങൾ പിൻവലിക്കണമെന്ന്‌ പഞ്ചാബിലെ സർവകക്ഷിയോഗം

മൂന്ന്‌ കേന്ദ്ര കാർഷിക നിയമവും പിൻവലിക്കണമെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർസിങ്ങിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാതെ കർഷക പ്രക്ഷോഭം നീട്ടുന്നതിൽ‌ കേന്ദ്രസർക്കാരാണ്‌ ഉത്തരവാദികളെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. ഡൽഹിയിലെത്തി വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ സർവകക്ഷി സംഘത്തെ അയക്കാനും തീരുമാനിച്ചു.

റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷം സൃഷ്‌ടിച്ചവരെ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണംവേണം. സംഘർഷം സ്‌പോൺസർ ചെയ്‌തതാണെന്നും യോഗം കുറ്റപ്പെടുത്തി. ബിജെപി യോഗം ബഹിഷ്കരിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരുടെ സുരക്ഷയ്‌ക്ക്‌ പഞ്ചാബ്‌ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ ആം ആദ്‌മി പാർടി ഇറങ്ങിപ്പോയി.

കോൺഗ്രസ്‌, എസ്‌എഡി, സിപിഐ എം, സിപിഐ, ലോക്‌ ഇൻസാഫ്‌ പാർടി, എസ്‌എഡി(ഡെമോക്രാറ്റിക്‌), ബിഎസ്‌പി എന്നീ പാർടികൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News