30 വര്‍ഷങ്ങള്‍ക്കിപ്പുറം അമരത്തിന്‍റെ ഓര്‍മകളില്‍ മഞ്ഞളാംകുഴി അലി

5-6 minutes

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത അമരം. ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കടപ്പുറത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമ റിലീസ് ചെയ്യും വരെ ആശങ്കയിലായിരുന്നുവെന്നാണ് 30 വര്‍ഷം തികയുമ്പോള്‍ നിര്‍മാതാവ് മഞ്ഞളാംകുഴി അലി പറയുന്നു. സിനിമയെ കുറിച്ചുള്ള തന്റെ കുറിപ്പിലാണ് മഞ്ഞളാംകുഴി അലി ഇക്കാര്യം പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രായം കൂടിയ കഥാപാത്രം, അദ്ദേഹത്തിന്റെ വേഷവിധാനം, ചിത്രത്തിലെ സംസാരരീതി എന്നിവ കാരണമാണ് താന്‍ ഏറെ ആശങ്കാകുലനായതെന്നും മഞ്ഞളാംകുഴി അലി പറയുന്നു.

കടാപ്പുറ’ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം ‘അമര’ത്തിന് ഇന്നലെ 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ ‘അമര’ക്കാലം.

മമ്മൂട്ടി നായകനായ ചിത്രം റിലീസ് ആവുന്നതുവരെ കലികയറിയ കടല്‍പോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം. വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു ആ സിനിമ. അതിന് തൊട്ടുമുമ്ബ് മാക് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകള്‍ മോശം കലക്ഷനാണ് ബാക്കിവെച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില്‍ നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തില്‍ നിരാശയുടെ നിഴലാട്ടം കണ്ട നാളുകള്‍. അപ്പോഴാണ് അമരത്തില്‍ എത്തുന്നത്.

ഭരതേട്ടനായിരുന്നു സംവിധാനം. ലോഹിതദാസിന്റെ തിരക്കഥ. മമ്മൂട്ടിയെ കൂടാതെ മുരളി, കെപിഎസി ലളിത, മാതു, അശോകന്‍, ചിത്ര തുടങ്ങിയ മുന്‍നിരതാരങ്ങള്‍. കഥ കേട്ടുകഴിഞ്ഞപ്പോള്‍ കടപ്പുറം ഭാഷയില്‍തന്നെ ചിത്രീകരിക്കണമെന്ന് മമ്മൂട്ടിയാണ് നിര്‍ബന്ധിച്ചത്. വലിയ പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ പടം പൂര്‍ത്തിയായി. ചെന്നൈയില്‍ ഡബ്ബിങ് കഴിഞ്ഞു. ആദ്യ കോപ്പി പൂര്‍ത്തിയായപ്പോള്‍ സിനിമാ രംഗത്തും പുറത്തുമുള്ള കുറച്ചു സുഹൃത്തുക്കളെ സിനിമ കാണിച്ചു. സിനിമയിലെ അന്നത്തെ ‘പ്രമുഖ’രില്‍ ചിലരെല്ലാം എന്നെ സ്വകാര്യമായി വിളിച്ച് ‘ഈ പടത്തിലെ സ്ലാങ്ങ് വലിയ പ്രശ്‌നമാവുമെന്ന്’ അഭിപ്രായപ്പെട്ടു. അച്ഛന്‍ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ഈ ഭാഷയും കൂടിയായാല്‍ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധരായ പലരും അന്ന് ഉപദേശിച്ചത്. നാട്ടിന്‍പുറത്തുള്ളവര്‍ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.

അന്നൊക്കെ സിനിമയുടെ ആദ്യഘട്ടം മുതല്‍ റിലീസ് വരെ പൂര്‍ണ്ണമായി സിനിമയോടൊപ്പം നില്‍ക്കുന്ന ശീലമുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിഷ്പ്രഭമാക്കുന്ന അഭിപ്രായങ്ങള്‍ സുഹൃത്തുക്കളില്‍നിന്ന് കേട്ടതോടെ ആകെ തകര്‍ന്നു. ധനനഷ്ടവും മാനഹാനിയും വരുത്തിയ മുന്‍സിനികളുടെ ഓര്‍മ്മകളും വേട്ടയാടാന്‍ തുടങ്ങി.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഫിലിംപെട്ടികള്‍ തിയറ്ററുകളിലേക്ക് അയച്ചു. തിരുവനന്തപുരത്തേക്കുള്ള പെട്ടി യഥാസമയം അയക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ആ പെട്ടിയുമായി ഞാന്‍തന്നെ നേരിട്ട് പോയി. അന്ന് വിമാനത്തില്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ ‘ഹല്ലാ…ഈ സ്ലാങ് പ്രശ്‌നമാവുമോ’ എന്ന് മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി. മാത്രമല്ല, മമ്മൂട്ടിയ്ക്കും അത്ര നല്ല സമയമായിരുന്നില്ല അത്. നാണക്കേടിന്റെ മറ്റൊരു സിനിമകൂടിയാവുമോ എന്ന ശങ്ക അടിമുടി അലട്ടി. രാവിലെ തിയറ്ററില്‍ എത്തി. വലിയ തള്ളലൊന്നുമില്ലാതെ തിയറ്റര്‍ മെല്ലെ നിറഞ്ഞു. 10 മണിയുടെ ഷോ ആയിരുന്നതുകൊണ്ട് ചെറുപ്പക്കാരായിരുന്നു കൂടുതല്‍.

ഷോ തുടങ്ങി അല്‍പ്പം കഴിഞ്ഞാണ് ഡയലോഗ്. കടലോരത്തെ ചെറ്റക്കുടിലില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചോറുണ്ണുന്നതാണ് രംഗം. വലിയ ഉരുളയാക്കി ‘മുത്തെ, അച്ഛന് ഇച്ചിരി കൂട്ടാന്റെ ചാറിങ്ങെടുത്തെ’ എന്ന് കടപ്പുറത്തിന്റെ ശൈലിയില്‍ ആദ്യ ഡയലോഗ്. നെഞ്ച് പെടപെടാ പിടയ്ക്കുന്ന നേരം. കടപ്പുറത്തിന്റെ തിരയിളക്കമുള്ള ഭാഷ നാട്ടുകാര്‍ സ്വീകരിക്കുമോ എന്ന ചിന്തയ്ക്ക് തീ പിടിച്ച നേരത്ത് അപ്രതീക്ഷിതമായി ആ മഹാല്‍ഭുതം സംഭവിച്ചു. ഡയലോഗ് കഴിഞ്ഞയുടനെ തിയറ്റര്‍ ഹര്‍ഷാരവങ്ങള്‍കൊണ്ട് നിറഞ്ഞു. പൂമാലകള്‍ തിയറ്ററിലൂടെ പറന്നു. സിനിമ വിജയിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ സെക്കന്റുകള്‍.

തിയറ്ററിലെ ആവേശം എന്നിലേക്കും ഇരച്ചുകയറി. സെക്കന്റ് ക്ലാസ് സീറ്റുകള്‍ക്ക് പിറകില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്നുകൊണ്ടായിരുന്നു ഞാന്‍ സിനിമ കണ്ടത്. ജനങ്ങളുടെ പ്രകടനം കണ്ട ഞാന്‍ സമീപത്തുണ്ടായിരുന്ന അപരിചിതരായ പൊലീസുകാരുടെ തോളില്‍ കയ്യിട്ട് ഉയരത്തില്‍ ചാടി. ആ സെക്കന്റുകളില്‍ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നു പറയണം. പിന്നെ ആ പൊലിസുകാരോട് സോറി പറഞ്ഞു.

അതേ നിമിഷത്തില്‍ ജനം ആ സിനിമയുടെ വിധിയെഴുതി. ലോകോത്തര നിലവാരമുള്ള ഒന്നാന്തരം സിനിമ. മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലസമയങ്ങളില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കടലിലെ ചിത്രീകരണം, നമ്മുടെ കടപ്പുറത്തെ ആ ഭാഷയുടെ സൗന്ദര്യം എന്നിവകൊണ്ടാവാം മറ്റുഭാഷകളിലേക്ക് അത് മൊഴിമാറ്റപ്പെട്ടില്ല.

എന്തുതന്നെയായാലും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച, സ്വപ്‍നതുല്യമായ സിനിമയായി ‘അമരം’ മാറി. അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് കൂടെയില്ല. മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയാണ് ഓരോരുത്തരും വിട്ടുപോയത്. ആ സിനിമയ്ക്ക് 30 വയസ്സ് പൂര്‍ത്തിയാവുന്ന ഈ നേരവും ആ സ്‌നേഹബന്ധങ്ങളെല്ലാം തന്നെ ജീവിതത്തിന്റെ അമരത്തുണ്ട്. തിരയൊഴിയാത്ത തീരംപോലെത്തന്നെ.

Step 2: Place this code wherever you want the plugin to appear on your page.
<div class="fb-post" data-href="https://www.facebook.com/manjalamkuzhiali/posts/2745723558977760" data-width="500" data-show-text="true"><blockquote cite="https://www.facebook.com/manjalamkuzhiali/posts/2745723558977760" class="fb-xfbml-parse-ignore"><p>&#039;കടാപ്പുറ&#039;ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം &#039;അമര&#039;ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക്...</p>Posted by <a href="https://www.facebook.com/manjalamkuzhiali/">Ali Manjalamkuzhi</a> on&nbsp;<a href="https://www.facebook.com/manjalamkuzhiali/posts/2745723558977760">Monday, 1 February 2021</a></blockquote></div>
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel