ഫാര്‍മേര്‍സ് പ്രൊട്ടസ്റ്റ് ഹാഷ്ടാഗ് ട്രെന്റിങ്ങാകുന്നു ; കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിക റിഹാനയ്ക്ക് നേരെ സംഘപരിവാര്‍ വംശീയ ആക്രമണം

കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ പോപ് ഗായിക റിഹാനക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് ഗായികയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അധിക്ഷേപം നടക്കുന്നത്. ട്വിറ്ററില്‍ പത്ത് കോടിയിലധികം ഫോളോവര്‍മാരുള്ള പോപ് ഗായികയാണ്  റിഹാന.

അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പല കമന്റുകളും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.’എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotets എന്ന ഹാഷ്ടാഗോടെ റിഹാന ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേര്‍ റിഹാനയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പലരും ട്വീറ്റ് ചെയ്തത്.

റിഹാനയ്ക്ക് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് നിരോധനത്തിനെതിരെയാണ് ഗ്രെറ്റ തന്‍ബര്‍ഗും പ്രതികരിച്ചത്. ഇന്ത്യയിലെ കര്‍ഷകപ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ഗ്രെറ്റ ട്വീറ്റ് ചെയ്തത്.

കര്‍ഷകസമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ പലരും റീട്വീറ്റ് ചെയ്തതോടെ farmersprotets  എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണിപ്പോള്‍.

മിയ ഖലീഫയും കര്‍ഷകര്‍ക്ക് പിന്‍തുണയുമായി രംഗത്തെത്തി. ഐക്യപ്പെട്ട ജനതയെ നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നാണ് വനേസ നകാട്ടെയുടെ ട്വീറ്റ്. കര്‍ഷകരെ പിന്‍തുണയ്ക്കുകയെന്നത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തകയായ ലിന്‍സിപ്രിയ കങ്കുജം ട്വീറ്റ് ചെയ്തു. കൊമേഡിയനും യൂട്യൂബറുമായ ലില്ലി സിംഗ് ടംകെഡ് ഇതൊരു മാനുഷിക പ്രശ്നമാണ് ഞാനും ഐക്യപ്പെടുന്നുവെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്.

ഞാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു അവരെ പിന്‍തുണയ്ക്കുക എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ പ്രവര്‍ത്തകയായ ജെമി മാര്‍ഗോളിന്‍ ട്വീറ്റ് ചെയ്തത്. കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗ്രീന്‍ ജനറേഷന്‍ ഇനീഷ്യേറ്റീവിന്റെ സ്ഥാപകയുമായ എലിസബത്ത് വത്തൂത്തിയും സിഎന്‍എന്‍ ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ത്യയിലെ കര്‍ഷക സമരത്തോട് ഐക്യപ്പെട്ടു. ഇന്ത്യ അതിന്റെ സ്വന്തം ജനതയുടെ ജീവനെയും ജീവിതത്തെയും വിലമതിച്ചെ മതിയാവു എന്നാണ് എലിസബത്ത് ട്വീറ്റ് ചെയ്തത്.

ബ്രിട്ടീഷ് എംപിയായാ ക്ലൗഡിയ വെബ്ബര്‍, പ്രഫസറും എഴുത്തുകാരനുമായ ഖാലിദ് ബെയ്ഡന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ല്‍ ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ ന്യായീകരിച്ചുപോലും ട്വിറ്ററില്‍ നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News