പുതുക്കിയ ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍

പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.

ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്രത്യേകമായി ശുപാര്‍ശ ചെയ്ത സ്‌കെയില്‍ അനുവദിക്കും. ഇതര മേഖലകളില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയിലുകള്‍, കാരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സെക്രട്ടറിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. ഈ വിഷയങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുന്നതിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍.പെന്‍ഷന്‍ പുതുക്കുന്നത് സംബന്ധിച്ച തീരുമാനം ധനകാര്യവകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം എടുക്കും.

യൂണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഈ കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ദീര്‍ഘകാല കരാര്‍ 2011 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനിച്ചു.

കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ട്രാക്കോ കേബിള്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2016 ഏപ്രില്‍ 1 പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിലെ ഐഡി ആക്ടിനു പരിധിയില്‍ വരുന്ന ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോണ്‍ എം. തോമസിനെ (കോട്ടയം) മൂന്നു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ലോവസ്റ്റ് ബിഡ്ഡറായ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനിക്ക് 32.6 കോടി രൂപയ്ക്ക് കരാര്‍ നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തപന്‍ രായഗുരുവിനെ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

സി-ഡിറ്റിലെ താല്‍ക്കാലിക തസ്തികകളില്‍ പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 114 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സുനില്‍ ചാക്കോയെ (സിയാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) നിയമിക്കാന്‍ തീരുമാനിച്ചു.

കയര്‍ മേഖലയില്‍ പുനരുദ്ധാരണം

കയര്‍മേഖലയിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് മുന്‍ കയര്‍ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പത്മകുമാറിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here