കഥകള്‍ കെട്ടിച്ചമച്ചത്; ശിവശങ്കര്‍ നിരപരാധിയെന്ന് വിശ്വാസം; ജാമ്യം കിട്ടിയതില്‍ അതിയായ സന്തോഷമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ എം ശിവശങ്കറിന് ജാമ്യം ലഭിച്ചതില്‍ തനിക്കുള്ള സന്തോഷം വാക്കുകളില്‍ വിശദീകരിക്കാനാവാത്തതെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ രംഗത്ത്.

അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകള്‍ തള്ളിപ്പോകുമെന്നാണ് കരുതുന്നതെന്നും ശിവശങ്കര്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

I cannot describe in words how happy I am to see Sivasankar walk out free.
I believe he is innocent, and that the…

Posted by Venu Vasudevan on Wednesday, 3 February 2021

കഥകള്‍ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാറ്റം മാപ്പുനല്‍കാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വേണു വാസുദേവന്റെ ഫെയ്‌സ്ബുക് കുറിപ്പ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചതിന് പിറകെയാണ് ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം.തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്കും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.

കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ അല്ലെങ്കില്‍ മൂന്നു മാസം വരെയോ ഈ നിര്‍ദേശം പാലിക്കണം. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികള്‍. കേസില്‍ ശിവശങ്കറിന് പരിമിതമായ പങ്ക് മാത്രമെന്ന് കോടതി നിരീക്ഷിച്ചു.

ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായതാണ്.അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡി ആവശ്യപ്പെടുന്നില്ല. അതിനാല്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡി തുടരേണ്ടതില്ലെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. ഇ ഡി കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കവെ ശിവശങ്കറിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചിരുന്നു.

മാത്രമല്ല തെളിവ് നശിപ്പിക്കാനോ ഒളിവില്‍ പോകാനോ സാധ്യത കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നുവെന്നും എസിജെഎം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ അന്വേഷണ ഏജന്‍സിയ്ക്ക് മുന്‍പില്‍ തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം.

അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കിടയുണ്ടെന്നും ചൂണ്ടിക്കാട്ടി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതല്ലാതെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഡോളര്‍ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ 98 ദിവസത്തിനു ശേഷം ജയില്‍ മോചിതനാകാന്‍ സാഹചര്യം രൂപപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here