ടെക്നോസിറ്റിയില്‍ 1500 കോടി രൂപയുടെ ടിസിഎസ് നിക്ഷേപത്തിന് മന്ത്രിസഭയുടെ അനുമതി

ടെക്നോസിറ്റിയില്‍ 1500 കോടി രൂപയുടെ ടിസിഎസ് നിക്ഷേപത്തിന് മന്ത്രിസഭയുടെ അനുമതി. പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാനും തീരുമാനിച്ചു. ഇതു വഴി 20,000 പേര്‍ക്ക് നേരിട്ടും ഇതിന്‍റെ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും

തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 1200 മുതല്‍ 1500 കോടി രൂപ വരെ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം.

ടെക്നോപാര്‍ക്കും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിൽ ധാരണാപത്രം ഒപ്പിടും. ഈ പദ്ധതിക്കു വേണ്ടി 97 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കും.ഐടി മേഖലയിലെ നൂതന സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിന്‍, റോബോടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിവയിലൂന്നിയുള്ള വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ടിസിഎസ് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രതിരോധം, എയ്റോസ്പേസ,് നിര്‍മാണം എന്നീ മേഖലകള്‍ക്കാവശ്യമായ നൂതന സാങ്കേതികവിദ്യ പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. ഇതു വഴി 20,000 പേര്‍ക്ക് നേരിട്ടും ഇതിന്‍റെ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എല്‍എക്സിയുടെ ഹാര്‍ഡ് വേര്‍ വ്യവസായങ്ങളും ഇതോടൊപ്പം സ്ഥാപിതമാകും. ഇതിനുവേണ്ടി 7 ഏക്കര്‍ സ്ഥലം നൽകും.ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കണക്കിലെടുത്താണ് ടിസിഎസ്സുമായി ധാരണാപത്രം ഒപ്പിടുന്നത്.

കൊവിഡാനന്തര കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രധാന വ്യവസായ നിക്ഷേപമാണ് ടിസിഎസ്സിന്‍റേത്. സംസ്ഥാനത്തിന്‍റെ വരുമാന വര്‍ദ്ധനവിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായമാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News