സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ എം ശിവശങ്കറിന് ജാമ്യം ലഭിച്ചതില്‍ ഇഡിയേയും കസ്റ്റംസിനേയും പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
ഇതുവരെയുള്ള അന്വേഷണ രീതി വെച്ചു ഇന്ന് പുതിയ കേസും കഥയും ഉണ്ടാക്കി ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
എം.ശിവശങ്കറിന് എല്ലാ കേസുകളിലും ജാമ്യം. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തത് കൊണ്ടോ തിരിച്ചടി ഭയന്നോ ആവണം ഇഡിയും കസ്റ്റംസും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചില്ല.
ഇതുവരെയുള്ള അന്വേഷണ രീതി വെച്ചു ഇന്ന് പുതിയ കേസും കഥയും ഉണ്ടാക്കി ശിവശങ്കറിനെ വീണ്ടും അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അതാണല്ലോ ആകെ ഇഡിക്കും കസ്റ്റംസിനും അറിയാവുന്ന ജോലി.
അപ്പോഴും ഈ കേസിലെ പ്രാഥമിക ചോദ്യങ്ങള്‍ ബാക്കിയാണ്. സ്വര്‍ണ്ണം ആരയച്ചു, ആര്‍ക്ക് അയച്ചു, അവര്‍ എപ്പോള്‍ പിടിയിലാകും?? അതിന് ഈ ഏജന്‍സികള്‍ ഇതുവരെ എന്ത് ചെയ്തു???
എം.ശിവശങ്കറിന് എല്ലാ കേസുകളിലും ജാമ്യം. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തത് കൊണ്ടോ തിരിച്ചടി ഭയന്നോ ആവണം ED യും കസ്റ്റംസും…
Posted by Harish Vasudevan Sreedevi on Tuesday, 2 February 2021
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ജാമ്യം ലഭിച്ചതിന് പിറകെയാണ് ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം.തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്കും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ അല്ലെങ്കില്‍ മൂന്നു മാസം വരെയോ ഈ നിര്‍ദേശം പാലിക്കണം. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികള്‍. കേസില്‍ ശിവശങ്കറിന് പരിമിതമായ പങ്ക് മാത്രമെന്ന് കോടതി നിരീക്ഷിച്ചു.
ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായതാണ്.അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡി ആവശ്യപ്പെടുന്നില്ല. അതിനാല്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡി തുടരേണ്ടതില്ലെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. ഇ ഡി കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കവെ ശിവശങ്കറിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചിരുന്നു.
മാത്രമല്ല തെളിവ് നശിപ്പിക്കാനോ ഒളിവില്‍ പോകാനോ സാധ്യത കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നുവെന്നും എസിജെഎം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ അന്വേഷണ ഏജന്‍സിയ്ക്ക് മുന്‍പില്‍ തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം.
അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കിടയുണ്ടെന്നും ചൂണ്ടിക്കാട്ടി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതല്ലാതെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഡോളര്‍ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ 98 ദിവസത്തിനു ശേഷം ജയില്‍ മോചിതനാകാന്‍ സാഹചര്യം രൂപപ്പെടുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.