‘നഴ്സിന് പിപിഇ കിറ്റില്ല, ഉത്തരവാദിത്വമില്ലായ്മയും വൃത്തിഹീനമായ അവസ്ഥയും, ചെന്നൈ സിറ്റിയിലെ അവസ്ഥ ആണിത്’ അന്യസംസ്ഥാന കോവിഡ് ചികിത്സാസംവിധാനങ്ങളെപ്പറ്റിയുള്ള അനുപമയുടെ കുറിപ്പ് വൈറലാകുന്നു

കേരളത്തിലെ കോവിഡ് ചികിത്സാ സംവിധാനം എത്രത്തോളം മഹത്തായതാണ് എന്നറിയണമെങ്കില്‍ നമ്മള്‍ മറ്റു സംസ്ഥാനങ്ങളിലെ ചികിത്സാരീതികള്‍ അനുഭവിച്ചറിയണം. അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവിനെപ്പറ്റി എപ്പോഴും പറയുന്നത് അവര്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ മറ്റുസംസ്ഥാനങ്ങളിലെ ചികിത്സ അനുഭവിച്ചറിഞ്ഞതുകൊണ്ടാവണം. എഴുത്തുകാരിയായ അനുപമ ആനമങ്ങാട് തനിക്ക് ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ട ദയനീയ അവസ്ഥ പങ്കുവയ്ക്കുകയാണ്.

പനി പിടിച്ച് കോവിഡ് ഭയത്താല്‍ ചെന്നൈയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ അനുപമയ്ക്ക് നേരിടേണ്ടി വന്നത് അവഗണനകളായിരുന്നു. തികച്ചും ഉത്തരവാദിത്വരഹിതവും വൃത്തിഹീനവുമായ ചികിത്സാ സാഹചര്യത്തെപ്പറ്റി തന്റെ ഫേസ്ബുക്കിലാണ് അനുപമ കുറിച്ചത്. സാമ്പിള്‍ എടുത്ത നഴ്സിന് ഒരു മെഡിക്കല്‍ മാസ്‌കും കയ്യുറകളും മാത്രമേ സാധാരണ നഴ്സിംഗ് യൂണിഫോമില്‍ നിന്ന് അധികമായുള്ളൂവെന്നും പത്തു തവണയെങ്കിലും വിളിച്ചിട്ടാണ് കോവിഡ് ഹെല്‍പ്പ്‌ലൈനില്‍ കണക്ട് ആയതെന്നും അനുപമ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മിനിഞ്ഞാന്ന് തൊട്ട് തൊണ്ടയടപ്പ്, ചുമ, കഫക്കെട്ട് ഇത്യാദി ലക്ഷണങ്ങളാൽ വീട്ടിനകത്ത് ഒരു മുറിക്കകത്ത് ഐസൊലേഷനിൽ ഇരിപ്പാണ്. ഒരു കടുത്ത അലർജിക്ക് കാരണം കിട്ടിയത് കൂടുതലായതാകാനുള്ള സാധ്യതയുണ്ടെങ്കിലും രണ്ടാഴ്ച തികച്ചായില്ല കേരളത്തിൽ നിന്നുവന്നിട്ട് എന്നതിനാലും ഇന്നലെ ഉച്ചക്ക് ശേഷം ഒന്നു പനിച്ചതിനാലും ഇന്നലെ തന്നെ ഇവിടുത്തെ കോവിഡ് ഹെൽപ്പ്ലൈനിൽ വിളിച്ചു കാര്യം പറഞ്ഞു.
ഒന്നാമത്, പത്തുതവണയെങ്കിലും വിളിച്ചിട്ടാണ് കണക്ട് ആയത്. മറ്റൊന്ന്, അവർക്ക് വലിയ താത്പര്യമേയില്ല. ഇവിടെ അടുത്തുള്ള PHCകൾ എവിടെയെന്ന് പറഞ്ഞുതന്നു, വേണമെങ്കിൽ അവിടെ പോയി ടെസ്റ്റ് ചെയ്യാവുന്നതാണെന്നും. ഉച്ചക്ക് ഒരുമണി വരെ ആണ് ടെസ്റ്റ്. അതുകൊണ്ട് ഇന്നത്തേക്കാക്കി.

ഏറ്റവും അടുത്തുള്ള PHC യിൽ പോയി. നോക്കുമ്പോൾ വലിയ ക്യൂ. ഇത്രേം പേരൊക്കെ ഇപ്പഴും ടെസ്റ്റ് ചെയ്യുന്നുണ്ടോ എന്നതിശയിച്ചു ആദ്യം. നോക്കുമ്പോൾ എല്ലാം സ്ത്രീകളും കൈക്കുഞ്ഞുങ്ങളും. പോളിയോ വാക്സിനുവേണ്ടി വന്നതാണ്, നാളെ വരെയുണ്ടത്രേ (ഋതുവിന് ആദ്യദിവസം തന്നെ കൊടുത്തു). അന്വേഷിച്ചപ്പോൾ വേറെ ക്യൂ ഇല്ല പോലും! അവിടുന്ന് ടെസ്റ്റ് ചെയ്യാതെ പോന്നു. എങ്ങാനും പോസിറ്റീവ് ആണെങ്കിൽ ഇത്രയും കൈക്കുഞ്ഞുങ്ങളുടെ ജീവന് ആപത്തുവന്നാൽ ആരുത്തരം പറയും!?

കുറച്ച് ദൂരത്തുള്ള അടുത്ത PHC യിൽ പോയി. അവിടെ രണ്ടമ്മമാരും കുഞ്ഞുങ്ങളുമേ ക്യൂവിലുള്ളൂ. അവർ പോകുന്നതു വരെ കാത്തു. N95 ഒക്കെയിട്ട് കൈ സാനിറ്റൈസ് ചെയ്ത് എവിടെയും തൊടാതെ പോയി കാര്യം പറഞ്ഞു. കോവിഡ് സാമ്പിൾ എടുക്കാൻ വേറെ കൗണ്ടർ ഉണ്ട്, അവിടെച്ചെല്ലാൻ പറഞ്ഞു. എന്നാപ്പിന്നെ അവിടൊരു ബോർഡ് വെച്ചാൽ എല്ലാരും ഈ ക്യൂവിൽ വരാതെ നേരിട്ട് അവിടെച്ചെല്ലില്ലേ എന്നോർത്തു, പറഞ്ഞില്ല.

സാമ്പിൾ എടുത്ത നഴ്‌സിന് ഒരു മെഡിക്കൽ മാസ്കും കയ്യുറകളും മാത്രമേ സാധാരണ നഴ്‌സിംഗ് യൂണിഫോമിൽ നിന്ന് അധികമായുള്ളൂ. നിങ്ങൾക്ക് PPE ഒന്നും തന്നിട്ടില്ലേ എന്നു ചോദിച്ചു. ഉണ്ട്, പക്ഷെ അധികം ടെസ്റ്റിംഗ് ഇല്ലാത്തതിനാൽ ഇതിനായി ഇപ്പൊ ഡെഡിക്കേറ്റഡ് ആളില്ല, അതുകൊണ്ട് വല്ലപ്പോഴും വരുന്ന ടെസ്റ്റിനായി അതു പുറത്തെടുത്ത് തരാറില്ല എന്നുത്തരം കിട്ടി! PPE ഇടുന്നതും അഴിക്കുന്നതും മെനക്കെട്ട പണി ആണല്ലോ.
ടെസ്റ്റ് കഴിഞ്ഞു. രണ്ടുദിവസം ആകും റിസൾട്ട് എന്നു പറയുന്നു. വീട്ടിലെത്തി വീണ്ടും ഐസൊലേഷനിൽ. കോവിഡ് കാലത്തിത് രണ്ടാമത്തെ ടെസ്റ്റ് ആണ്. ആദ്യത്തേത് യാത്ര ചെയ്തപ്പോൾ എല്ലാരുമൊരുമിച്ച് ഒരു ക്വാറന്റൈനിൽ ആയിരുന്നു. ഇത്തവണ ഋതുവും അപ്പാവും ഹോം ക്വാറന്റൈൻ, ഞാൻ റൂം ഐസൊലേഷൻ. ആരും പറഞ്ഞിട്ടൊന്നുമില്ല. ടെസ്റ്റ് സാമ്പിൾ കളക്ഷൻ അക്നോളജ്‌മെന്റിന്റെ ഒരു മെസ്സേജ് കിട്ടി ഐസൊലേഷനിൽ ഇരിക്കണം റിസൾട്ട് വരുന്നതുവരെ എന്നും പറഞ്ഞ്. വീട്ടുകാരുടെ കാര്യമൊന്നും പറയുന്നില്ല. ഇതാണ് ശരി എന്ന വായിച്ചറിവുള്ളത് കൊണ്ട് ചെയ്യുന്നു.

പോയ രണ്ട് PHC യിലും കോവിഡ് ടെസ്റ്റിനാരെങ്കിലും വരുന്ന ലക്ഷണമേയില്ല. ചെന്നൈ സിറ്റിയിലെ അവസ്ഥ ആണിത്. സ്വയമേവ ആരെങ്കിലും പോയാലായി. തമിഴ്‌നാട്ടിൽ കോണ്ടാക്ട് ട്രേസിങ് ഒക്കെ കണക്കാണെന്നും ലക്ഷണങ്ങൾ ഉള്ളവരെ മാത്രമേ സമ്പർക്കമുണ്ടെങ്കിൽ പോലും ടെസ്റ്റ് ചെയ്യുന്നുള്ളൂ എന്നും നേരത്തെ അറിഞ്ഞിരുന്നു. ഇതിപ്പോ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആകുന്നവരും മരിക്കുന്നവരും മാത്രമേ എണ്ണപ്പെടുന്നുള്ളൂ എന്നാണുതോന്നുന്നത്. അതുതന്നെ എത്രത്തോളം എന്നാർക്കറിയാം! ഇവിടുത്തെ കൗണ്ട് എന്തായാലും വിശ്വസിക്കാൻ പറ്റില്ല എന്നുറപ്പ്.

ആ വാക്സിൻ ഒന്നും വേഗം എത്തിയാൽ മതിയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News