നട്ടെല്ലും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ പ്രശാന്ത് ഭൂഷണ്‍

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ വിമര്‍ശിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ക്കെതിരെ മതിലുകള്‍ തീര്‍ത്തപ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും അവരുടെ വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് എന്നിവ വിച്ഛേദിച്ചപ്പോഴും പ്രതികരിക്കാത്തവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരണവുമായി എത്തിത്തുടങ്ങിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

‘കര്‍ഷകര്‍ സമരം ചെയ്തപ്പോഴും, കര്‍ഷകര്‍ക്കെതിരെ മതിലുകള്‍ തീര്‍ത്തപ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും അവരുടെ വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് എന്നിവ വിച്ഛേദിച്ചപ്പോഴും പ്രതികരിക്കാത്തവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരണവുമായി എത്തിത്തുടങ്ങി. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്ററില്‍ കുറിച്ചു. സച്ചിന്റെ ട്വീറ്റിന് മറുപടിയായാണ് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ കാഴ്ചക്കാരാകാം, പക്ഷേ രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ സാധിക്കില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ തുടരാം.’ എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോപ് ഗായിക റിഹാനയെ വിമര്‍സിച്ച് ട്വിറ്ററില്‍ കുറിച്ചത്.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ പ്രശസ്ത പോപ് ഗായിക റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് ഗായികയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അധിക്ഷേപം നടക്കുന്നത്.

അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. പല കമന്റുകളും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.’എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു എന്ന ഹാഷ്ടാഗോടെ റിഹാന ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേര്‍ റിഹാനയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പലരും ട്വീറ്റ് ചെയ്തത്.

പോപ് ഗായികയായ റിഹാനയ്ക്ക് പുറമെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, മിയ ഖലീഫ തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here