അർണബ് ഗോസ്വാമിക്കും ഭാര്യക്കുമെതിരെ മാനനഷ്ട കേസ്

റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, ഡയറക്ടർ സംയബ്രത ഗോസ്വാമി, ചാനൽ നടത്തുന്ന എആർജി ഔട്ട്ലെയർ മീഡിയ എന്നിവയ്‌ക്കെതിരെയാണ് മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെ പരാതി നൽകിയിരിക്കുന്നത്.

പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വഴി മുംബൈയിലെ സെഷൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പ്രതികൾക്കെതിരെ നിയമ നടപടി കൂടാതെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കയാണ് ത്രിമുഖെ.

ഡെപ്യൂട്ടി കമ്മീഷണർ ത്രിമുഖെയുടെ ഔദ്യോദിക പദവിയെ അവഹേളിക്കുകയും അത് വഴി പോലീസ് വകുപ്പിനെ മാത്രമല്ല പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെയും അപകീർത്തിപ്പെടുത്തുകയും മനഃപൂർവ്വം അപമാനിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

സുശാന്ത് സിംഗ് രജ്പുത് കേസുമായി ബന്ധപ്പെട്ട റിപ്പബ്ലിക് ടി വി യുടെ പാനൽ ചർച്ചയ്ക്കിടെയാണ് ഗോസ്വാമി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്നും ത്രിമുഖെ പറഞ്ഞു. കൂടാതെ അവരുടെ യൂട്യൂബ് ചാനലിലും ഓഗസ്റ്റ് 7,2020 ന് ഈ എപ്പിസോഡ് പബ്ലിഷ് ചെയ്തതായും ത്രിമുഖെ ആരോപിക്കുന്നു.

നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയായ ബോളിവുഡ് നടി റിയ ചക്രവർത്തിയുടെ ടെലിഫോൺ സംസാരം റെക്കോർഡ് ചെയ്തത് സംബന്ധിച്ചായിരുന്നു പാനൽ ചർച്ച. എന്നാൽ ഒരു ചർച്ച എന്നതിലുപരി, പരാതിക്കാരനെതിരെ അപകീർത്തികരമായ പരാമർശങ്ങളും പ്രസ്താവനകളും നടത്തിയതായാണ് ആരോപണം.

പ്രക്ഷേപണ സമയത്ത് ഗോസ്വാമി നടത്തിയ സെൻസേഷണലിസ്റ്റിക് സമീപനം ഒരു മാധ്യമ പ്രവർത്തകന് യോജിച്ചതായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ഏകദേശം രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഗോസ്വാമിയുടെ ട്വിറ്റർ ഹാൻഡിലിലും അപകീർത്തികരമായ പരാമർശമുള്ള എപ്പിസോഡിന്റെ പ്രക്ഷേപണം പങ്കു വച്ചതായും ത്രിമുഖെ ആരോപിച്ചു.

റിപ്പബ്ലിക് ടിവി / റിപ്പബ്ലിക് ഭാരത് നടത്തുന്ന എആർജി ഔട്ട്ലെയർ മീഡിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് ഗോസ്വാമിയും ഭാര്യ സാമ്യബ്രതയെന്നും അവരുടെ അറിവില്ലാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും പരാതിയിൽ പറയുന്നു.

താൻ 2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും നിലവിൽ സോൺ ഒൻപതാം ഡിസിപിയായി സേവനമനുഷ്ഠിക്കുകയാണെന്നും ത്രിമുഖെ പറയുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതിക്ക് ശേഷമാണ് ഇത് സമർപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 34 (പൊതുവായ ഉദ്ദേശ്യം) വകുപ്പ് 499 (മാനനഷ്ടത്തെ നിർവചിക്കുന്നു), 500, 501 (മാനനഷ്ടത്തിനുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here