ഓരോ മണിക്കൂറിലും രണ്ട് കര്‍ഷക ആത്മഹത്യ; രാജ്യത്ത് നാലുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 58783 കര്‍ഷകര്‍

രാജ്യത്തെ കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ കര്‍ഷകരുടെ മുദ്രാവാക്യങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്ന മറ്റൊരു കണക്കാണ് പുറത്തുവരുന്നത്.

രാജ്യത്ത് ക‍ഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 58783 കര്‍ഷകരാണെന്ന് കേന്ദ്രമന്ത്രി സഭയില്‍ പറഞ്ഞ കണക്കുകളാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്.

2015 മെയ് മുതല്‍ 2019 വരെയുള്ള നാലുവര്‍ഷകാലയളവില്‍ രാജ്യത്ത് അരലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എഎം ആരീഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സഭയില്‍ പറഞ്ഞത്.

ഇക്കാലയളവില്‍ ആകെ 58,783 കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

2017ല്‍ 12,602 കര്‍ഷകരാണ് വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയതെങ്കില്‍ 2019 ല്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ ഈ കണക്ക് 11,379 ആയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യയുണ്ടായതെന്ന് എഎം ആരിഫ് എംപി ഒരു ഫേസ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു.

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണ നയങ്ങള്‍ കര്‍ഷക ആത്മഹത്യയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി എന്നാല്‍ കര്‍ഷകാത്മഹത്യകള്‍ ചര്‍ച്ചയായതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അലസാനിപ്പിക്കുകയാണ് ചെയ്തത്.

എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പാർലമെന്റംഗമായതിനു ശേഷം ഏറ്റവും ദു:ഖകരമായ ഒരു അനുഭവത്തിലൂടെ കടന്നു പോയ ദിവസത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്നു കരുതുകയാണ്.
ആലപ്പുഴക്കാരനായ എനിക്ക് എന്റെ ജീവിതമെന്നാൽ കൃഷിയും കർഷകത്തൊഴിലുമായി നിരന്തരം ബന്ധപ്പെട്ടതാണ്. ഇത്രകാലത്തെ പൊതുജീവിതത്തിൽ ഏറെ അറിഞ്ഞതും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പ്രശ്നങ്ങളും ജീവിതവുമാണ്.
ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ എത്ര കർഷകർ ആത്മഹത്യചെയ്തു എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ പാർലമെന്റിൽ എനിക്കു തന്ന മറുപടിയാണ് നമ്മുടെ ഓരോരുത്തരുടേയും ഉറക്കം കളയിക്കും വിധം ദുരന്ത സൂചകമായിട്ടുള്ളത്.
2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 58783 ആണത്രെ.
അതായത് ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഏകദേശം രണ്ടു കർഷകർ ആത്മഹത്യ കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി ചെയ്യുന്നുവെന്നാണ് ഒരുളുപ്പുമില്ലാതെ നിവർന്നു നിന്ന് 2014 മുതൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്രമന്ത്രി പറഞ്ഞത്. അതും ബിജെപി കാലങ്ങളായി ഭരിച്ച മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആണത്ര ഏറ്റവുമധികം.
ഒരുവർഷം മുഴുവൻ പണിയെടുത്തതിന്റെ വിളവിന് വിലകിട്ടാതെ കടം കയറി ആത്മഹത്യ ചെയ്യുന്ന ദരിദ്ര കർഷകനെ കാണാതെ എന്തു വികസനമാണ് മനുഷ്യരേ നിങ്ങൾ കൊണ്ടുവരുന്നത്. ആർക്കു വേണ്ടിയാണ് നിങ്ങൾ ഭരിക്കുന്നത്.
ദില്ലിയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കർഷകരുടെ പോരാട്ടം തുടരുകയാണ്. അവർക്കൊഷമാണ് ഞാൻ. ഇതു വായിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ. രാജ്യത്തിന്റെ നട്ടെല്ലാണവർ. അവർക്കൊപ്പം നിൽക്കാൻ ഒരു നിമിഷം പോലും നാം വൈകികൂടാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News