ട്വിറ്ററിൽ ‘ഷെയിം ഓൺ ബോളിവുഡ്’ ഹാഷ്ടാഗ്; ട്രോളിൽ മുന്നിൽ അക്ഷയ് കുമാർ


കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ രാജ്യത്തെ അധിക്ഷേപിച്ച രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത് വിവാദമാകുന്നു. വിഷയത്തിൽ കേന്ദ്രഗവൺമെന്റിനു പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത സച്ചിൻ, അക്ഷയ്കുമാർ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾക്കു നേരെയാണ് വലിയ വിമർ‍ശനങ്ങൾ ഉയരുന്നത്. ട്വിറ്ററിൽ ഷെയിം ഓൺ ബോളിവുഡ് എന്നൊരു ഹാഷ്ടാഗും തരംഗമായി കഴിഞ്ഞു. പരിഹാസ ട്രോളുകളിൽ അക്ഷയ് കുമാർ ആണ് പ്രധാന ഇര.

കർഷകസമരം മാസങ്ങളോളം നീണ്ടുപോയപ്പോള്‍ ഒരക്ഷരം പോലും മിണ്ടാതിരുന്നവരാണ് ഇപ്പോൾ ഇടപെടുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡിൽ നിന്നും പഞ്ചാബി ഗായകൻ ദിൽജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കർ, സോനു സുദ്, സോനം കപൂർ, താപ്സി പന്നു തുടങ്ങിയവർ മാത്രമാണ് സമരത്തെ പിന്തുണച്ച് രംഗത്തുവന്നത്. ഇപ്പോൾ സമരത്തെ പിന്തുണച്ച് അമേരിക്കൻ ഗായിക റിഹാനയും ട്വീറ്റ് ചെയ്തതോടെ രാജ്യാന്തരതലത്തിലും പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു.

കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ‘പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ’ നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട്​ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമാർ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്.

അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ്​ ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും പ്രശ്​നം അതിർത്തിവിട്ട്​ പോകുന്നതിനിനെതിരെയുമായി ശബ്​ദിച്ചിരിക്കുന്നത്​. സച്ചിൻ, വിരാട് കോഹ‍്‌ലി തുടങ്ങിയ കായികതാരങ്ങളും ഗവൺമെന്റിനു പിന്തുണയുമായി എത്തി.

‘കൃഷിക്കാർ നമ്മുടെ രാജ്യത്തി​ന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ വ്യക്തമാണ്. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക്​ ശ്രദ്ധ കൊടുക്കുന്നതിന്​ പകരം സൗഹാർദ്ദപരമായ പ്രമേയത്തെ നമുക്ക് പിന്തുണയ്‌ക്കാം.” -നടൻ അക്ഷയ്​ കുമാർ ട്വീറ്റ്​ ചെയ്​തു.

പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച്‌ ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്’- കരണ്‍ ജോഹര്‍ പറഞ്ഞു.

‘അര്‍ധ സത്യത്തേക്കാള്‍ അപകടകരമായ ഒന്നുമില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ വീക്ഷണം പുലര്‍ത്തണം.’- കേന്ദ്രത്തെ പിന്തുണച്ച്‌ സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്‍ഗണും ട്വീറ്റ് ചെയ്തു.

പോപ്​ ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ക​മ​ല ഹാ​രി​സിന്റെ ബന്ധു മീ​നാ ഹാ​രി​സ്, മിയ ഖലീഫ, മോഡൽ അമാൻഡ കെറി തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പ്രമുഖർ.

കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ഇവരുടെ ട്വീറ്റുകൾ  സമൂഹമാധ്യമങ്ങളിലൂടെ വലിയ ചർച്ചയായി. ഇതിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. തെറ്റായ വിഷയത്തിലുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് നോട്ടീസ് നൽകി. അതിന് പിന്നാലെയാണ് രാജ്യാന്തര സെലിബ്രിറ്റികളുടെ പ്രചരണം തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം​ ‘ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട’ ക്യാംപെയ്ൻ തുടങ്ങിയത്. മന്ത്രിമാർ തുടങ്ങിവെച്ച ക്യാംപെയ്ൻ പിന്നീട് രാജ്യത്തെ സെലിബ്രിറ്റികൾ ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News