പാമ്പിനെ കണ്ടാൽ ഓടേണ്ട,കൊല്ലണ്ട :പാമ്പുകളെ ആപ്പിലാക്കാം ,ഇന്ന് വൈകിട്ടെത്തും സ്‌നേക്‌പീഡിയ

പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മ.ഏതു സമയത്തും പൊതുസമൂഹത്തിനു സഹായകരമാകുന്ന തികച്ചും സൗജന്യമായ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ ആയ സ്‌നേക്‌പീഡിയ ഇന്ന് വൈകിട്ട് ജനങ്ങളിലേക്ക് എത്തും.

കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള സമഗ്രമായ ഒരു ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ (Snakepedia) ലോഞ്ച് ചെയ്യുകയാണ്. പാമ്പുകളെ ചിത്രങ്ങളുടെ സഹായത്തോടെയും ശബ്ദരേഖയുടെ (podcast) സഹായത്തോടെയും പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന കെട്ടുകഥകളെ കുറിച്ചും അന്ധവിശ്വാസങ്ങളെ കുറിച്ചും വിശകലനം ചെയ്യുന്നു. മാത്രമല്ല, പാമ്പുകളെ തിരിച്ചറിയാനുള്ള ഒരു ഓൺലൈൻ ഹെൽപ്പ് ലൈൻ കൂടി ഇതിലുണ്ട്. ലളിതമായ ഭാഷയിൽ മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്ത ഈ ആപ്പിൽ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.

പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേൾക്കാൻ കഴിയുന്ന വിധം ശബ്ദരേഖ (Podcast)ഉണ്ട് . കാഴ്ച പരിമിതിയുള്ളവർക്കും സഹായകരമാകുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.

90 ശതമാനവും ഇതൊരു ഓഫ്‌ലൈൻ ആപ്പാണ്. ശബ്ദരേഖയും ഓൺലൈൻ ഹെല്പ് ലൈനും ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ഓഫ്‌ലൈൻ ആണ്.

കേരളത്തിലെ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ, പാമ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാനായി അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇൻഫോക്ലിനിക്കിന്റെയും പാമ്പുകളിൽ ഗവേഷണം നടത്തുന്നവരുടെയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയിൽ കൊണ്ടു വരുന്ന ശീലം നമുക്കിടയിലുണ്ട്. ആവശ്യമുള്ള കാര്യമല്ല എങ്കിൽ പോലും, പാമ്പുകളെ തിരിച്ചറിഞ്ഞാൽ, ചികിത്സിക്കുന്ന ഡോക്ടർക്ക് ഉപകാരപ്രദമായിരിക്കും. പ്രസ്തുത ഗ്രൂപ്പുകളിൽ ഇതുവരെ വന്ന പാമ്പുകളുടെ (തല്ലിക്കൊന്ന് കൊണ്ടുവന്ന) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം കൊല്ലപ്പെടുന്നതിൽ ബഹുഭൂരിപക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് എന്നാണ്.

പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് Snakepedia എന്ന ഈ മൊബൈൽ അപ്ലിക്കേഷൻ. ശാസ്ത്രകുതുകികളും പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മയാണ് ഈ മൊബൈൽ ആപ്ലികേഷൻ തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. ഇവയുടെ എഴുനൂറിലധികം ചിത്രങ്ങൾ. താരതമ്യേന വിരളവും എന്നാൽ നിരുപദ്രവകാരികളും, പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും, കാഴ്ചയിൽ തീരെ ചെറുതുമായ കവചവാലൻ പാമ്പുകളെ ഒഴിവാക്കിയാൽ, 72 സ്പീഷീസുകളിലുള്ള വലിയ പാമ്പുകളുടെ 675 ലധികം ചിത്രങ്ങൾ. അത്യപൂർവ്വങ്ങളായവ ഒഴിച്ച് മറ്റു പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങൾ. ചില പാമ്പുകളുടെ 20 നിറഭേദങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള 130-ൽ പരം ആൾക്കാർ പകർത്തിയ പാമ്പുകളുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാമ്പുകളിൽ ഗവേഷണം ചെയ്യുന്നവരും ശാസ്ത്ര കുതുകികളും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടുന്നു.പാമ്പുകളെ സംബന്ധിച്ച സാധാരണ മൊബൈൽ ആപ്ലിക്കേഷനുകളില്ലാത്ത പല സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പാമ്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ഓരോ ഇനം പാമ്പിനെയും സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന താളുകളിൽ എത്തിച്ചേരാം. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം.

സാധാരണ പുസ്തകങ്ങളിലും ആപ്പുകളിലും കാണുന്ന രീതിയിലുള്ള സ്കെയിൽ കൗണ്ട് പോലുള്ള സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ വിവരണങ്ങളിൽ സാങ്കേതിക പദങ്ങൾ ഏതാണ്ട് പൂർണമായും ഒഴിവാക്കിയിരിക്കുന്നു.

ഒരു പാമ്പിൽ നിന്നും തൊട്ടടുത്തതിലേക്ക് പോകാൻ ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് സ്വൈപ്പ് ചെയ്താൽ മാത്രം മതിയാകും. വിവരണങ്ങളുടെ ഇംഗ്ലീഷ് – മലയാളം ശബ്ദ രേഖകളും ഇവിടെ കേൾക്കാം.

അപകടകാരികളായ പാമ്പുകൾ (Dangerous)

നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന വിധത്തിൽ വിഷവീര്യമുള്ള പാമ്പുകൾ മാത്രം ഉൾപ്പെട്ട ഭാഗമാണ് ആണ് ഇത്. ഈ ലിസ്റ്റ് ഇത്ര ചെറുതാണെന്നത്  അത്ഭുതപ്പെടുത്തും.പല നിറഭേദങ്ങളിൽ കാണുന്ന പാമ്പുകളുടെ വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അപകടകാരികളല്ലാത്ത പാമ്പുകൾ (Harmless)

മനുഷ്യർക്ക് അപകടകരമല്ലാത്ത പാമ്പുകളെ ഇവിടെ പരിചയപ്പെടാം. തീരെ വിഷമില്ലാത്തവർ മുതൽ, മനുഷ്യരുടെ ആരോഗ്യത്തിന് ഒരു തരത്തിലും ഭീഷണിയാവാത്ത വിധത്തിൽ, വളരെ നേരിയ തോതിൽ മാത്രം വിഷമുള്ളവർ വരെ ഈ കൂട്ടത്തിലുണ്ട്.

അപരന്മാർ (Lookalike)

ആകൃതി കൊണ്ടും അടയാളം കൊണ്ടുമൊക്കെ, വിഷമുള്ള പാമ്പുകളെ അനുകരിക്കുന്ന വിഷമില്ലാത്ത ധാരാളം പാമ്പുകൾ നമ്മുടെ നാട്ടിലുണ്ട്. വിഷപ്പാമ്പുകളാണ് എന്ന തെറ്റിദ്ധാരണ മൂലം ഇവർ കൊല്ലപ്പെടുന്നു. അവരുടെ ജീവരക്ഷയ്ക്കു വേണ്ടിയാണ് ഈ അനുകരണങ്ങളെങ്കിൽ പോലും ഇതുകാരണം നമ്മളിവയെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യും.
നേരെ തിരിച്ച്, ഇവയെപ്പോലെ തോന്നിക്കുന്ന വിഷപ്പാമ്പുകൾ കടിച്ചാലും, കടിച്ചത് വിഷമില്ലാത്ത അപരനാണെന്ന് കരുതി അറിയാതെ കുഴപ്പങ്ങളിൽ ചെന്നു ചാടാനും സാധ്യതയുണ്ട്. ഇതുരണ്ടും ഗുണകരമല്ലാത്തതിനാൽ നമുക്കിവയെ കൃത്യമായി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.

അതുകൊണ്ട് ഇവയെ പ്രത്യേകം ഒരു ഗ്രൂപ്പ് ആക്കുകയും അവയെ കൃത്യമായി തിരിച്ചറിയുന്നതെങ്ങനെയാണെന്നുമുള്ള സചിത്രോദാഹരണങ്ങളും മറ്റു വിവരങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും നൽകിയിരിക്കുന്നു.
കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എളുപ്പത്തിൽ തിരിച്ചറിയാൻ (ID Tips)

ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇൻഫോഗ്രാഫിക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അമിത സാങ്കേതിക വർണ്ണനകളും, ശൽക്ക വർണ്ണനകളും സാധിക്കുന്നിടത്തോളം ഒഴിവാക്കി, ആർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി, ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണിത്.
കൂടുതൽ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിദഗ്ദ്ധരോട് ചോദിക്കാം (Ask expert)

കാണുന്ന പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ പാമ്പുകളെപ്പറ്റി വിശദമായി അറിയാവുന്ന വിദഗ്ധരോട് നേരിട്ടു ചോദിക്കാം. മൂന്ന് ഫോട്ടോകൾ വരെ അയക്കാനുള്ള സൗകര്യമുപയോഗിച്ച്, സുരക്ഷിതമായ അകലത്തിൽ നിന്ന്, ചിത്രം പകർത്തി അയച്ചാൽ പാമ്പിനെ തിരിച്ചറിയാം. അയക്കുന്ന ചിത്രങ്ങൾ സ്നേക്പീഡിയ എക്സ്പേർട്ട് പാനൽ പരിശോധിക്കും. മൊബൈൽ ആപ്പിലെ ഈ മെനുവിലും നിങ്ങൾ തന്നിരിക്കുന്ന ഇമെയിൽ അഡ്രസ്സിലും മറുപടി ലഭിക്കും.
ഒരു കാര്യം പ്രതേകം ഓർക്കുക, പാമ്പുകടിയേറ്റാൽ മറുപടിക്ക് കാത്ത് നിൽക്കാതെ, എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയിൽ തന്നെ ചികിത്സ തേടണം.

പ്രഥമശുശ്രൂഷ (First Aid)

പാമ്പുകടിയേറ്റാൽ ഭയപ്പെടാതിരിക്കാം. കടിയേറ്റവർക്കുള്ള പ്രഥമശുശ്രൂഷ ഇവിടെ വിവരിക്കുന്നു. ഇൻഫോ ക്ലിനിക് ടീമിലെ ഡോക്ടർമാർ തയ്യാറാക്കിയ ലേഖനം.
പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങൾ ആർക്കും പഠിക്കാം. നൂറ് ശതമാനം ഉറപ്പോടെ പ്രഥമ ശുശ്രൂഷ പരിശീലിക്കാം. പുസ്തകങ്ങളിൽ വായിക്കുന്ന അറിവുകൾക്ക് പുറമേ അനുഭവ പരിചയം കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ ലേഖനം.

വിഷചികിത്സാസൗകര്യമുള്ള ആശുപത്രികൾ (Hospitals)

പ്രഥമശുശ്രൂഷ കഴിഞ്ഞാൽ ഉടൻ ചെയ്യേണ്ട കാര്യം കടിയേറ്റ ആളിനെ, എത്രയും വേഗം ഏറ്റവും അടുത്ത, ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക എന്നുള്ളതാണ്. പ്രതിവിഷം (ASV) അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ള 158 ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിൾ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുന്നതിനു മുൻപ് ആശുപത്രിയിലെ ഫോൺ നമ്പറിൽ വിളിച്ച് അറിയിച്ചാൽ ഗുണകരമായിരിക്കും.

ഓരോ ജില്ലയിലും ജോലി ചെയ്യുന്ന ഡോക്ടർമാർ തയ്യാറാക്കിയ ലിസ്റ്റാണിത്. ഓരോ ജില്ലയുടെയും ലിസ്റ്റ് തയ്യാറാക്കിയ ഡോക്ടർമാരുടെ പേരും ഇതിനൊപ്പം തന്നെ കാണാം.

വിഷചികിത്സ (Treatment)

ശാസ്ത്രീയമായ വിഷ ചികിത്സാരീതികളെ കുറിച്ചും അതിന്റെ ഒഴിവാക്കാനാവാത്ത ആവശ്യകതയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന, ശാസ്ത്രീയ ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡോക്ടർമാർ തയ്യാറാക്കിയ ലേഖനങ്ങളാണ്.

ഇൻഫോ (Info)

പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാർഗങ്ങൾ, പാമ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നീ ലേഖനങ്ങൾ ഇവിടെ വായിക്കാം. വിദ്യാർഥികൾക്കും മുതിർന്നവർക്കും പഠന – പാഠ്യേതര വിഷയങ്ങളിൽ ഉപകാരപ്പെടുന്ന രീതിയിൽ ലളിമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ലേഖനങ്ങളാണ്.

കെട്ടുകഥകളും അന്ധവിശ്വാസങ്ങളും (Myths & Hoaxes)

വസ്തുതകളേക്കാൾ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സയൻസ് ഇത്ര വളർച്ച പ്രാപിച്ച ഈ കാലത്ത് പോലും, നാട്ടിൽ പ്രബലമായ ഈ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നല്ലൊരു ശതമാനം ആളുകളെക്കൊണ്ട് അർത്ഥശൂന്യമായ ആചാരങ്ങളും അബദ്ധജഡിലമായ അശാസ്ത്രീയ വിഷചികിത്സാരീതികളും അനുവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ജീവന്റെ വിലയുള്ള അത്തരം അശാസ്ത്രീയ ചികിത്സാരീതികളുടേയും അന്ധവിശ്വാസങ്ങളുടേയും പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ഈ വിഭാഗത്തിൽ.

പാമ്പുരക്ഷകർ (Rescuers)

പാമ്പുകളെ രക്ഷപ്പെടുത്താൻ, വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാൽ അവരുടെ സഹായം സ്വീകരിക്കാം. ശാസ്ത്രീയമായ പരിശീലനവും ലൈസൻസുമുള്ള ആൾക്കാർ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് പാമ്പുകളെ രക്ഷിക്കൽ. അങ്ങനെയല്ലാത്തവർ അത് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.

കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ് (Checklist)

2021 ജനുവരി മാസം വരെ, കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളിൽ കണ്ടിട്ടുള്ള പാമ്പുകൾ ഉൾപ്പെട്ട ചെക്ക്ലിസ്റ്റ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയിൽ പുതിയ പഠനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങൾ പുതുക്കി നൽകുന്നതായിരിക്കും.

ആവാസസ്ഥലം (Habitat)

പാമ്പുകളെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. നിങ്ങൾക്ക് പരിചയമുള്ള ആവാസ വ്യവസ്ഥയിൽ ഏതൊക്കെ പാമ്പുകൾ കാണാൻ സാധ്യതയുണ്ട് എന്ന് നോക്കാം.

ശബ്ദരേഖ (Podcast)

പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേൾക്കാം. മറ്റു ജോലികൾക്കിടയിലും വായന സാധ്യമല്ലാത്ത അവസരങ്ങളിലും ഉപകാരപ്പെടും. കാഴ്ച പരിമിതിയുള്ളവർക്കും സഹായകരമാകുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.
ഇത്രയും ആണ് നിലവിൽ ഈ മൊബൈൽ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്.

അടുത്തത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫീച്ചർ ഉപയോഗിച്ച് പാമ്പുകളെ തിരിച്ചറിയാനുള്ള ഓഫ് ലൈൻ ഫീച്ചർ തയ്യാറാക്കാനുള്ള ശ്രമമാണ്. വൈകാതെ അതും ഉൾപ്പെടുത്താൻ സാധിക്കും എന്ന് കരുതുന്നു.

ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു ജീവൻ രക്ഷാ മാർഗ്ഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. നമ്മുടേയും പ്രകൃതിയുടേയും നിലനിൽപ്പിനായി ശരിയായ അറിവുകൾ കൂടുതൽ ആൾക്കാരിൽ എത്തിക്കാൻ സഹായിക്കുന്ന ഒരു ഒരു ആപ്ലിക്കേഷനാണിത്. ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യവും അശാസ്ത്രീയമായ പ്രവൃത്തികളുടെ പരിണിത ഫലങ്ങളും ഏവരിലും എത്തിക്കുവാനും പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകുവാനും സ്നേക്പീഡിയ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=app.snakes

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here