ജനവികാരം മുസ്ലീം ലീഗിനും ഇബ്രാഹിംകുഞ്ഞിനും എതിര്; മുന്‍ യുഡിഎഫ് മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ്. ജനവികാരം ഇബ്രാഹിംകുഞ്ഞിനും മുസ്ലീംലീഗിനെതിരെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍. ഇബ്രാഹിംകുഞ്ഞിനു പകരം മകനെ മത്സരിപ്പിച്ചാലും കളമശ്ശേരിയില്‍ തോല്‍ക്കും. അതിനാല്‍ കളമശ്ശേരി സീറ്റ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണമെന്നും പി വൈ ഷാജഹാന്‍. സീറ്റ് ലീഗില്‍ നിന്നും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍ കെ പി സി സി പ്രസിഡന്‍റിന് കത്ത് നല്‍കി.

കളമശ്ശേരിക്കാരനും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ പി വൈ ഷാജഹാനാണ് വി കെ ഇബ്രാഹിംകുഞ്ഞിനും മുസ്ലീം ലീഗിനുമെതിരെ രംഗത്തെത്തിയത്. പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ജനവികാരം ശക്തമാണെന്ന് പി വൈ ഷാജഹാന്‍ ആരോപിച്ചു.

അതിനാല്‍ മണ്ഡലം ഇനി ലീഗില്‍ നിന്ന് ഏറ്റെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുട
ആവശ്യം. ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ മത്സരിച്ചാലും കളമശ്ശേരിയില്‍ യു ഡി എഫിന് തോല്‍വി ഉറപ്പാണ്. മാത്രമല്ല ലീഗിലെ അഹമ്മദ് കബീര്‍ വിഭാഗവും ഇബ്രാഹിംകുഞ്ഞിന് എതിരാണ്.കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ലീഗിന് നേട്ടമുണ്ടാക്കാനായില്ലെന്ന് കണക്കുകള്‍ നിരത്തി ഷാജഹാന്‍ വിശദീകരിക്കുന്നുണ്ട്.

കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ പത്ത് സീറ്റിലേക്ക് മത്സരിച്ചെങ്കിലും മൂന്ന് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതിലൊരാള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമാണ്. ലീഗ് സീറ്റില്‍ മത്സരിക്കാന്‍ ആളില്ലാതിരുന്നതിനാല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഏണി ചിഹ്നത്തില്‍ മത്സരിക്കുകയായിരുന്നു.

തൊട്ടടുത്ത ഏലൂര്‍ നഗരസഭയില്‍ മൂന്ന് സീറ്റില്‍ മത്സരിച്ചെങ്കിലും ആര്‍ക്കും വിജയിക്കാനായില്ല. കടുങ്ങല്ലൂര്‍ കരുമാലൂര്‍ പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കാനായില്ല. ഇബ്രാഹിംകുഞ്ഞിന്‍റെ പഞ്ചായത്തായ ആലങ്ങാടാകട്ടെ ഒരു സീറ്റില്‍പ്പോലും മത്സരിക്കാന്‍ ലീഗിന് ആളുണ്ടായതുമില്ല.

ഈ സാഹചര്യത്തില്‍ കളമശ്ശേരി മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണമെന്ന് പി വൈ ഷാജഹാന്‍ കെ പി സി സി പ്രസിഡന്‍റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്സ് ഏറ്റെടുത്താല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനായി യുവാക്കളെ പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ്തന്നെ രംഗത്ത് വന്നത് യു ഡി എഫിന് വലിയ തലവേദനയായിരിക്കുകയാണ്. ക‍ഴിഞ്ഞ മാസം കളമശ്ശേരി മുനിസിപ്പാലിറ്റി 37ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു.

ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍തന്നെ മത്സരിച്ചതാണ് പരാജയകാരണമെന്ന് മുസ്ലീംലീഗ് ആരോപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്‍റെ നീക്കത്തെ ഏറെ ആശങ്കയോടെയാണ് ലീഗ് ഉറ്റുനോക്കുന്നത്. 37ാം വാര്‍ഡിലെ അനുഭവം മണ്ഡലത്തില്‍ ആവര്‍ത്തിക്കപ്പെടുമോയെന്നാണ് മുസ്ലീംലീഗ് ഭയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News