ജാതി അധിക്ഷേപത്തില്‍ ഉറച്ച് നില്‍ക്കുന്നു; അതിലെന്താണ് തെറ്റ്; തിരുത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ല; പരാമര്‍ശത്തെ ന്യായീകരിച്ച് കെ സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് കെ സുധാകരന്‍ എംപി. ചെത്തുകാരന്‍റെ മകന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നുവെന്ന് പറഞ്ഞതില്‍ തെറ്റില്ല തന്‍റെ പരാമര്‍ശം തെറ്റാണെന്ന് താന്‍ അഭിപ്രായം ചോദിച്ചവരാരും പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭാഷാപരമായി തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.

തന്‍റെ പ്രസ്ഥാവനയെ തള്ളിപ്പറഞ്ഞ ഷാനിമോള്‍ ഉസ്മാനെതിരെയും കെ സുധാകരന്‍ പ്രതികരിച്ചു. ഷാനിമോള്‍ക്കെന്താണ് ഇത്ര വിഷമമെന്നും നമ്മളെല്ലാം ടാര്‍ജറ്റ് ചെയ്ത് പ്രതികരണം നടത്തുന്ന നേതാവാണ് പിണറായിയെന്നും എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും കെപിസിസി നേതൃത്വം ഇതില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ടി തീരുമാനിക്കാത്തത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയുടെ കാര്യത്തില്‍ ഔദ്യോഗികമായ ഒരുവിവരവും തനിക്ക് ലഭിച്ചില്ലെന്നും സുധാകരന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരന്‍ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയന്‍ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്.

‘ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടില്‍ നിന്നുയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍. നിങ്ങള്‍ക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുര്‍വിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരന്‍ അതിരുവിട്ട് അധിക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. മുന്‍പും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകള്‍ സുധാകരന്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News