
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്റ്റേഷനിലെ മുന്‍ എസ് ഐ, കെ എ സാബു ഉള്‍പ്പടെ 9 പോലീസുകാരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ, പ്രതികള്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കിയതായും എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എസ് ഐ ആയിരുന്ന കെ എ സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.എ എസ് ഐ സിബി, പൊലീസുകാരായ റജിമോന്‍, നിയാസ്, സജീവ് ആന്റണി, ജിതിന്‍ കെ ജോര്‍ജ്, ഹോംഗാര്‍ഡ് കെ എം ജെയിംസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇവര്‍ക്കുപുറമെ വനിതാ പോലീസുദ്യോഗസ്ഥ ഉള്‍പ്പടെ രണ്ട്‌പേരെക്കൂടി സി ബി ഐ പ്രതിചേര്‍ത്തിട്ടുണ്ട്.രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പ്രതികള്‍ വ്യാജതെളിവുകളുണ്ടാക്കിയതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സി ബി ഐ കുറ്റപത്രത്തില്‍ അറിയിച്ചു.എസ് പി വേണുഗോപാല്‍, ഡി വൈ എസ് പി ഷംസ്, ജയില്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം തുടരുന്നത്.2019 ജൂണ്‍ 12നാണ് ചിട്ടി തട്ടിപ്പിന്റെ പേരില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
നാലു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന രാജ് കുമാറിന് ക്രൂര മര്‍ദനമേല്‍ക്കുകയായിരുന്നു. പിന്നീട് പീരുമേട് സബ്ബ്‌ജെയിലില്‍ റിമാന്‍ഡില്‍ കഴിയവെ ജൂണ്‍ 21ന് മരിച്ചു.
ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ എസ് ഐ സാബു ഉള്‍പ്പടെ 7 പോലീസുകാരെ അറസ്റ്റ് ചെയ്തു.പിന്നീട് രാജ്കുമാറിന്റെ അമ്മയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here