പത്ത് കോടിയിലധികം ഫോളോവേഴ്‌സ് ,600 മില്യണ്‍ ഡോളറിന്റെ സമ്പാദ്യം,ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍:റിഹാന

റിഹാന, നൂറ് മില്യണ്‍ ഫോളോവേഴ്‌സ് ട്വിറ്ററിലുണ്ട്, 600 മില്യണ്‍ ഡോളറിന്റെ സമ്പാദ്യം.ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍. ഫോര്‍ബ്‌സിന്റെ ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടം നേടിയ സെലിബ്രിറ്റി. ടൈംസിന്റെ ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള 100 പേരില്‍ ഇടം നേടിയ റോബിന്‍ റിഹാന ഫെന്റി എന്ന റിഹാന.

ബാര്‍ബേഡിയന്‍ ഗായികയും നടിയും വ്യവസായിയുമായ റോബിന്‍ റിഹാന ഫെന്റി എന്ന റിഹാന ഇന്ത്യക്കാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് അവര്‍ ട്വീറ്റ് ചെയ്തതോടെയാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോകത്തെ നാലാമത്തെ വ്യക്തി കൂടിയായ റിഹാന ഇന്ത്യയിലെ കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ചെത്തിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്. 9 ഗ്രാമി അവാർഡുകൾ, 13 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ . ഫോബ്സ് മാഗസിൻ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ടൈം മാഗസിൻ റിഹാനയെ ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തി.സൗന്ദര്യവർദ്ധക കമ്പനി ഫെന്റി ബ്യൂട്ടി യുടെ സ്ഥാപക. 2005 ലാണ് റിഹാനയുടെ ആദ്യ ആല്‍ബം മ്യൂസിക് ഓഫ് ദി സണ്‍ പുറത്തിറങ്ങിയത്. ഇതിന്‍റെ കോപ്പികള്‍ലോകമെമ്പാടുമായി രണ്ട് ദശലക്ഷത്തിലധികം വിറ്റു. ‘അണ്‍ഫെയ്ത്ത്ഫുള്‍’ , ‘അംബ്രല്ല’, ‘ഡിസ്റ്റര്‍ബിയ’, ‘ടേക്ക് എ ബോ’, ‘ഡയമണ്ട്‌സ്’, ‘വീ ഫൗമ്ട് ലൗ’, എന്നീ ഗാനങ്ങള്‍ റിഹാനയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായി മാറി.

കർഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

വിദേശത്തുള്ളവര്‍ ഇന്ത്യയിലെ വിഷയങ്ങളില്‍ ഇടപെടേണ്ട എന്ന പ്രസ്താവനയുമായി ഇന്ത്യയിലെ സംഘരിവാര്‍ അനുകൂലികളായ താരങ്ങളും രംഗത്ത് വന്നു.സച്ചിന്‍ ടെന്‍ഡുല്‍കര്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കങ്കണ റണാവത്, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, ശിഖര്‍ ധവാന്‍, ആര്‍.പി സിങ് എന്നിവരാണ് റിഹാനയ്‌ക്കെതിരെ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നത്.

വര്‍ണ വംശീയ വിവേചനങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ജീവിതത്തില്‍ കൈക്കൊള്ളുകയും അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തിട്ടുള്ള റിഹാന അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ്.എയിഡ്‌സ് ബാധിതരായ കുട്ടികള്‍, ക്യാന്‍സര്‍ ബാധിതര്‍ എന്നിവര്‍ക്ക് വേണ്ടി വര്‍ഷം തോറും കോടികള്‍ ചിലവഴിക്കുന്ന റിഹാന കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിഹാന തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പേരിലാരംഭിച്ച ക്ലാര ആന്റ് ലിയോണല്‍ ഫൗണ്ടേഷന്‍ 60ഓളം രാജ്യങ്ങളിലെ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കിവരുന്നത്.

കറുത്ത വംശജര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെ പരിഹാസപൂര്‍വം വീക്ഷിച്ചിരുന്ന വരേണ്യ പൊതുബോധത്തിനെതിരെ പ്രതിഷേധ സൂചകമായി അവര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ഒരു ക്യാംപയിന്‍ പോലെ രംഗത്ത് വന്നിരുന്നു. പിന്നീട് റിഹാന ലിപ്സ്റ്റിക് എന്ന രീതിയില്‍ അത് ഒരു ബ്രാന്റായി പോലും മാറുകയുണ്ടായി.ലോകവിഷയങ്ങള്‍ പലപ്പോഴും തന്റെ ആരാധകര്‍ക്ക് മുന്നിലെത്തിക്കാന്‍ റിഹാന ശ്രമിച്ചിച്ചുണ്ട്.അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമാല ഹാരിസും അധികാരമേറിയപ്പോള്‍ റിഹാന ചെയ്ത ട്വീറ്റാണ് അടുത്തിടെ റിഹാനയുടെ മറ്റൊരു ഹിറ്റ് ട്വീറ്റ്.കര്‍ഷകസമരത്തിനെ പിന്തണച്ച് റിഹാന ട്വിറ്ററില്‍ കുറിച്ച് പ്രസ്താവന ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.

അഭിമുഖങ്ങളിലെ സെക്സിസ്റ്റ് കമന്റുകളോടും ചോദ്യങ്ങളോടും ശക്തമായ ഭാഷയില്‍ റിഹാന പ്രതികരിച്ചിട്ടുണ്ട്. നിങ്ങള്‍ കാണുക പോലും ചെയ്യാത്ത സെലിബ്രിറ്റികളുമായി ചേര്‍ത്ത് പല കഥകളും പുറത്തുവരുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ഇന്റര്‍വ്യൂവറുടെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ആ കഥകളും അതിനെപ്പറ്റി ചോദിക്കുന്നതും ഒരുപോലെ ഫ്രസ്ട്രേറ്റിംഗ് ആണെന്നായിരുന്നു റിഹാനയുടെ മറുപടി.

കര്‍ഷക സമരത്തെ പറ്റിയുള്ള ഒരു ട്വീറ്റ് ആദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ലൈക് നേടുന്നത്. 100 മില്യണ്‍ ഫോളോവേഴ്‌സുള്ള റിഹാനയുടെ ഒരു ട്വീറ്റ് കര്‍ഷക സമരത്തിന് നല്‍കിയത് വമ്പന്‍ ആഗോള ശ്രദ്ധയാണ്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതം ഒരു മുഖ്യ വിഷയമായതിനാല്‍ റിഹാനയുടെ മതം ഉള്‍പ്പെടെ അന്വേഷിക്കുന്നവരും വര്‍ധിച്ചിരിക്കുകയാണ്. റിഹാനയുടെ മതം, റിഹാന മുസ്ലീം ആണോ തുടങ്ങിയ അന്വേഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഗൂഗിളില്‍ വര്‍ധിക്കുകയും ചെയ്തു. എന്തായാലും റിഹാനയെ വിമര്‍ശിക്കാന്‍ പഴുതുകള്‍ അന്വേഷിക്കുന്ന പോലെയാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്.

ബാര്‍ബഡോസിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് ദാരിദ്യത്തോടും പട്ടിണിയോടും പൊരുതിയാണ് റിഹാന ഉയരങ്ങളിലേക്ക് എത്തുന്നത്.അടിമത്വത്തിനെതിരെ, വംശീയതയ്‌ക്കെതിരെ, വര്‍ണവിവേചനങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്കെല്ലാം തന്റെ പ്രശസ്തിയെ അവര്‍ വിനിയോഗിച്ചു. പാട്ടുകളിലും രാഷ്ട്രീയം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News