കേരളം പിന്നിട്ട വഴികളെക്കുറിച്ചുള്ള ബോധം സുധാകരനില്ല; മുഖ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന അത്യന്തം ഹീനം; അധിക്ഷേപിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് അപലപിക്കണം: എ വിജയരാഘവന്‍

ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിതിരായ കെ.സുധാകരന്റെ പ്രസ്താവന അത്യന്തം ഹീനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍. കേരളം പിന്നിട്ട വഴികളെക്കുറിച്ചുള്ള ബോധം കെ.സുധാകരനില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മറ്റുനേതാക്കളുടെ അഭിപ്രായം കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് അപലപിക്കണം. സുധാകരന് ബോധക്കുറവാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ ഉപയോഗിച്ചത് ആധുനിക സമൂഹത്തില്‍ ഉപയോഗിക്കാത്ത രീതിശാസ്ത്രം. സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

കേരള സമൂഹത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നതെന്ന് എ വിജയരാഘവന്‍. തെരഞ്ഞെടുപ്പ് പ്രചരണജാഥയെ വലിയതോതിലുള്ള അപവാദപ്രചരണങ്ങള്‍ക്കും അസത്യപ്രചരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്.

ക്ഷേമപെന്‍ഷനുകളുടെ വിപുലീകരണം, പ്രവാസി പുരനധിവാസം, ഉന്നത വിദ്യാഭ്യാസമേഖലയുടെ നവീകരണം, ലൈഫ് മിഷന്‍ വഴി ഒന്നരലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം, റബ്ബറിന്റെ തറവില വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച അംഗീകാരം കിട്ടി. വിപുലമായ തൊഴിലവസര സാദ്ധ്യതകള്‍ കേരളത്തില്‍ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഊന്നല്‍ നല്‍കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും സിപിഐ എം തീരുമാനിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദര്‍ശനത്തെ വര്‍ഗ്ഗീയ പ്രചരണത്തിനും സംസ്ഥാന സര്‍ക്കാരിനെതിരായ അസത്യപ്രചരണങ്ങള്‍ക്കുമാണ് അവര്‍ ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ ദുര്‍ബലപ്പെടുത്താനുള്ള ഈ നീക്കങ്ങള്‍ കേരള ജനത നിരാകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

ബിജെപിയുടെ കേന്ദ്രബജറ്റില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിന്റെ പരിമിത വിഭവങ്ങളുപയോഗപ്പെടുത്തി കേരളമാര്‍ജ്ജിച്ച പുരോഗതിയുടെ വിപുലീകരണത്തിന് വേണ്ടി പുതിയ കാഴ്ചപ്പാടോടുകൂടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലാകെ ലഭിച്ചിരിക്കുകയാണ്.

തദ്ദേശീയ തൊഴില്‍ സാദ്ധ്യതയുടെ വിപുലീകരണം എന്ന കേരളത്തിന്റെ നിലപാടിനെ നോബല്‍ ജേതാവ് ജോസഫ് സ്റ്റിഗിളിസ് അഭിനന്ദിക്കുകയുണ്ടായി. ഡോ. അമര്‍ത്യാസെന്‍ ആകട്ടെ സേവന മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ തന്റെ പ്രതീക്ഷകളെ അതിജീവിച്ചതാണെന്ന് പ്രകീര്‍ത്തിക്കുകയുണ്ടായി.

വ്യവസായ പ്രമുഖരും കേരളത്തിന്റെ വികസന മാതൃകകളെ പൊതുവെ അംഗീകരി ക്കുകയാണുണ്ടായത്. ഈ നിലയില്‍ സ്വീകാര്യത ആര്‍ജ്ജിച്ച ഭരണ നിര്‍വ്വഹണത്തെയാണ് യുഡിഎഫ് ആക്ഷേപിക്കുന്നത്. സാമ്പത്തിക നയങ്ങളില്‍ കോര്‍പ്പറേറ്റ് – സമ്പന്നാനുകൂല നിലപാടുകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സ് നയത്തിന്റെ ഭാഗമാണിത്.

ദേശീയ അടിസ്ഥാനത്തില്‍ ബിജെപി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരായി ബദല്‍ നയങ്ങള്‍ ഉയര്‍ത്തിയാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആദരണീയ വ്യക്തിത്വങ്ങള്‍ കേരള ഗവണ്‍മെന്റ് വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്.

കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങളാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. നയപരമായ കാര്യങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റംവരെ ചുമത്തുന്ന സ്ഥിതി വന്നിരിക്കുകയാണ്. ആര്‍എസ്എസ്-ബിജെപി കലാകാരന്മാരെ പോലും, വര്‍ഗ്ഗീയമായി ചേരിതിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്ന
ങ്ങളുടെ വില അന്യായമായി പ്രതിദിനം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെല്ലാമെതിരായി ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കേന്ദ്രഗവണ്‍മെന്റ് സമരം ചെയ്യുന്ന കര്‍ഷകരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. പാവപ്പെട്ട വന്റെ ജീവിത സൗകര്യങ്ങളെയും തൊഴില്‍ അവകാശത്തെയും നിഷേധിക്കുന്ന കേന്ദ്ര-ബിജെപി ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ശബരിമല വിഷയത്തെ സംവാദവിഷയമാക്കി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള യുഡിഎഫ് ത്രന്തം കേരളജനത തള്ളിക്കളയും. ഉമ്മന്‍ചാണ്ടി പ്രചരണ കമ്മിറ്റി നേതൃത്വം ഏറ്റെടുത്തതിന് ശേഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എളുപ്പവഴിയായാണ് ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ശബരിമല വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിലാണ്.

ഈ വിഷയത്തില്‍ അവര്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ മാത്രമേ എന്തു നടപടി സ്വീകരിക്കണം എന്ന വിഷയം ഉത്ഭവിക്കുകയുള്ളൂ. കോടതി വിധിക്ക് ശേഷം തുടര്‍ന്ന് എന്ത് വേണമെന്ന കാര്യത്തില്‍ എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണ ഉണ്ടാക്കുകയാണ് വേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. അധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഫെബ്രുവരി 13-ന് കാസര്‍ഗോഡ് നിന്നും ഫെബ്രുവരി 14-ന് എറണാകുളത്ത് നിന്നും രണ്ട് പ്രചരണജാഥകള്‍ ആരംഭിക്കും. ‘നവകേരള സൃഷ്ടിക്കായി, വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ”വികസന മുന്നേറ്റ ജാഥ’യില്‍ ഒന്ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തൃശ്ശൂരില്‍ സമാപിക്കും. എ വിജയരാഘവന്‍ നേതൃത്വം നല്‍കുന്ന ജാഥ 13ന് വൈകിട്ട് 4 മണിക്ക് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ബിനോയ് വിശ്വം നേതൃത്വം നല്‍കുന്ന മറ്റൊരു ജാഥ എറണകുളത്ത് 14ന് വൈകിട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും യഥാക്രമം തൃശ്ശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കാനുള്ള സംഘടനാ സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചുവെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News