മ്യാന്‍മര്‍ വീണ്ടും ഒരു പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു.ജനങ്ങള്‍ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ജനാധിപത്യ ഭരണത്തില്‍ നിന്നും പട്ടാളഭരണത്തിലേക്ക് മാറി.ഇത്രപെട്ടെന്ന് ഒരു അട്ടിമറിനീക്കം മ്യാന്‍മര്‍ ജനത പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. 2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആണ് ആങ്ങ് സാന്‍ സൂചിയുടെ നേതൃത്വത്തില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി മ്യാന്‍മറില്‍ അധികാരത്തില്‍ വന്നത്. ഈ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് സൈന്യം അട്ടിമറി നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് മ്യാന്‍മര്‍ നടന്നടുത്തിട്ട് ഒരു ദശാബ്ദക്കാലമാകുന്നു. ആ സമയത്താണ് വീണ്ടും അട്ടിമറി നീക്കത്തിലൂടെ സൈന്യം സര്‍വ്വ അധികാരവും പിടിച്ചെടുത്തത്. മ്യാന്‍മര്‍ പ്രധാനമന്ത്രി ആങ്ങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമൊക്കെ ഇപ്പോള്‍ തടവിലാണ്. മൊബൈല്‍ ,ഇന്റര്‍നെറ്റ് ,ടെലഫോണുകള്‍, റേഡിയോ തുടങ്ങിയ ആശയ വിനിമയ സംവിധാനങ്ങള്‍ ഒന്നും തന്നെ പ്രവൃത്തിക്കുന്നില്ല. ചില പ്രധാന ടെലിവിഷന്‍ സ്റ്റേഷനുകളുടെയും സംപ്രേക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നു.
ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് പോലും അറിയാത്ത അവസ്ഥ. റോഹിങ്ക്യന്‍ മുസ്ലിങ്ങളുമായി ബന്ധപ്പട്ട വിഷയത്തില്‍ തനിക്ക് മുന്നില്‍ വന്ന ധാര്‍മ്മിക പരീക്ഷണങ്ങള്‍ നേരിടാന്‍ സൂചിയ്ക്ക് സാധിച്ചിരുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുമ്പോത്തന്നെ വീണ്ടും ഒരു പട്ടാളഭരണമെന്ന യാഥാര്‍ത്ഥ്യം വലിയ ആശങ്കയോടെയാണ് മ്യാന്‍മര്‍ ജനത കാണുന്നത്.മ്യാന്‍മറിലെ സൈന്യമായ തത്മഡാവിന്റെ സൈന്യത്തലവന്‍ മിന്‍ ഓങ് ഹ്ളെയിങ്ങ് അധികാരദുര്‍വിനിയോഗത്തിന് പേരുകേട്ടയാളാണ്. സൈന്യത്തിനെതിരെ കൊലപാതകം ,ബലാത്സംഗം, തുടങ്ങി അനേകം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, അതെല്ലാം ലോകത്തിന് ബോധ്യമായിട്ടും ഹ്ളെയിങ്ങ് എന്ന പട്ടാള മേധാവി ഭീകരതയുടെ അധികാരകേന്ദ്രമായി തന്നെ തുടരുകയായിരുന്നു. അങ്ങനെ മ്യാന്‍മര്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ പട്ടാള ഭരണത്തിന് വിധേയപ്പെടുമ്പോള്‍ ജനത വീണ്ടും ഭീതിദമായ ഭൂതകാലം ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കയിലാണ്.
സൈനിക ഭരണം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും യു.എസ് ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്ക മ്യാന്‍മറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത് മ്യാന്‍മര്‍ രാജ്യം ജനാധിപത്യത്തിന്റെ പാതയിലേക്ക് പോയതുകൊണ്ടാണ്. വീണ്ടും സ്ഥിതി വഷളാവുകയാണെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന ശക്തമായ താക്കീതാണ് ജോ ബൈഡന്‍ ഭരണകൂടം നല്‍കുന്നത്. ഉപരോധ ഭീഷണികളെ പട്ടാളഭരണകൂടം ഭയപ്പെടാനിടയില്ല, കാരണം ദുരിതങ്ങള്‍ പേറേണ്ടത് സാധാരണ ജനങ്ങള്‍ മാത്രമാണല്ലോ .
പട്ടാള ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തി വേഗത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് യഥാര്‍ത്ഥത്തില്‍ അമേരിക്ക ചെയ്യേണ്ടിയിരുന്നത് എന്നാണ് ഒരുപക്ഷം പറയുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മ്യാന്‍മറിലെ സൈനിക അട്ടിമറിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
മ്യാന്‍മറിലെ പട്ടാള അട്ടിമറി അയല്‍രാജ്യമായ പാകിസ്ഥാനിലെ പട്ടാള ജനറല്‍മാര്‍ക്ക് ആവേശം പകരുന്നതായി മാറുമോ എന്നതും ലോകം ഉറ്റു നോക്കുന്നു..
Get real time update about this post categories directly on your device, subscribe now.