ഇക്കാരണങ്ങള്‍ കൊണ്ട് ജീവന്‍ രക്ഷപെട്ട അനേകം ആളുകളുണ്ട്, ഡോ. എസ് എസ് സന്തോഷ് കുമാര്‍ എഴുതുന്നു; കോവിഡാനന്തര സാധാരണ ജീവിതവും തുടരേണ്ട പാഠങ്ങളും

കോവിഡാനന്തര സാധാരണജീവിതത്തെത്തുറിച്ചും തുടരേണ്ട പാഠങ്ങളെ കുറിച്ചും വ്യക്തമായി എ‍ഴുതുകയാണ് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍.  വാക്സിന്‍ എടുത്തു എന്നതുകൊണ്ട് കോവിഡ് രോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:

കോവിഡ് വാക്സിന്‍ എത്തിക്കഴിഞ്ഞതോടെ പലരും ആശ്വസിക്കുന്നുണ്ട്, ഇനി നമുക്ക് പഴയ ജീവിതത്തിലേക്കു തിരിച്ചുപോകമല്ലോ എന്ന്. മാസ്കുകള്‍ ഊരിയെറിഞ്ഞ്, തുടര്‍ച്ചയായ കൈകഴുകല്‍ നിറുത്തി, ശാരീരിക അടുപ്പം പുനഃസ്ഥാപിച്ചുള്ള പഴയ ജീവിതരീതി. എത്രയും പെട്ടെന്ന് അതിലേക്കു കുതിക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍, കോവിഡാനന്തര സാധാരണജീവിതമെന്നത് എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി കോവിഡ് കാലം നല്‍കിയ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പാഠങ്ങളാണ് നമുക്കാവശ്യം.

അതിനെ പോസ്റ്റ് കോവിഡ് നിയോ നോര്‍മലിസം എന്നു വിളിക്കാം. മറ്റേതൊരു മഹാമാരിക്കാലത്തും വാക്സിനുകള്‍ എത്തിക്കഴിഞ്ഞശേഷമുണ്ടാകുന്ന ജീവിത സാധാരണീകരണം തന്നെയാണോ കോവിഡ് അനന്തരവും വേണ്ടതെന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്.

വാക്സിന്‍ എടുത്തു എന്നതുകൊണ്ട് കോവിഡ് രോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നില്ല എന്ന കാര്യം ആദ്യം മനസ്സിലാക്കണം. മറ്റൊന്ന് കോവിഡിനു മുന്‍പുള്ള നമ്മുടെ ജീവിതമെന്നത് അതിമനോഹരമായിരുന്നുവെന്ന തെറ്റിദ്ധാരണയും ഉപേക്ഷിക്കണം. ഇതു രണ്ടുമുണ്ടെങ്കില്‍ കോവിഡാനന്തര സാധാരണജീവിതത്തെപ്പറ്റി പുതിയ ചില ഉള്‍ക്കാഴ്ചകള്‍ നേടി മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കും.

നിലവില്‍‌ പല രോഗങ്ങള്‍ക്കും വാക്സിനുകളുണ്ട്. ഈ വാക്സിനുകളൊക്കെ ആളുകളെടുത്തിട്ടും ആ രോഗങ്ങളില്‍ പലതും പൂര്‍ണമായി ലോകം വിട്ടുപോയിട്ടില്ല. വാക്സിന്‍ എടുക്കുന്നവര്‍ രോഗം പിടിപെടാതെ രക്ഷപ്പെടുന്നുവെന്നല്ലാതെ രോഗം പൂര്‍ണമായും ഇല്ലാതായത് ചുരുക്കം ചില രോഗങ്ങളുടെ കാര്യത്തില്‍ മാത്രമാണ്. രോഗവ്യാപനം കുറയ്ക്കാനും ബാധിച്ച രോഗത്തിന്റെ രൂക്ഷത കുറയ്ക്കാനും, അങ്ങനെ രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുമൊക്കെയേ വാക്സിനേഷന്‍ ഉപകരിക്കുകയുള്ളു. അല്ലാതെ അത് രോഗത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നില്ല.

കോവിഡ് വാക്സിന്‍ കൊണ്ടും പ്രധാനമായും ഉദ്ദേശിക്കുന്നത് രോഗത്തിന്റെ വ്യാപനം തടയുകയാണ്. പല രാജ്യങ്ങളിലും രോഗം വീണ്ടും മൂര്‍ഛിക്കുകകൂടി ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തിലാണ് കോവിഡിനുള്ള വാക്സിന്‍ വിതരണം ചെയ്യുന്നത്.

എത്രനാള്‍ ഇതിന്റെ പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നോ എല്ലാവരിലും അത് ഒരേപോലെ പ്രവര്‍ത്തിക്കുമോ എന്നൊന്നും നിശ്ചയമില്ല. പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ളവരിലോ ഗര്‍ഭിണികളിലോ പരീക്ഷണംപോലും നടത്തിയിട്ടില്ല. അതുകൊണ്ട് അഇവര്‍ക്കൊന്നും വാക്സിന്‍ നല്‍കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല.

രോഗം വന്നുകഴിഞ്ഞാല്‍ ഗുരുതരമാകുന്ന അവസ്ഥ ഒരുപരിധിവരെ കുറയ്ക്കാനാകുമെന്ന സൗകര്യം മാത്രമേ കോവിഡ് വാക്സിനുകള്‍ക്കുമുള്ളു. എത്ര ആളുകളിലേക്ക് എത്ര സമയത്തിനുള്ളില്‍ രോഗം പടരുന്നുവെന്നതാണ് ഒരു വൈറസ് ബാധയുടെ തോതും വേഗതയും നിശ്ചയിക്കുന്നത്.

രോഗതീവ്രത കുറയുമ്പോള്‍ പടരുന്ന തോതും വേഗതയും കുറയ്ക്കാനും അതിലൂടെ ഗുരുതരാവസ്ഥയും മരണവും കുറയ്ക്കാനും സാധിക്കും. അതിനപ്പുറത്തേക്ക് കൂടുതലായി ഒന്നും വാക്സിനില്‍ നിന്നു പ്രതീക്ഷിക്കരുത്. കൊറോണ ഒരു ഇന്‍ഫ്ളുവന്‍സ വൈറസാണ്. ഇന്‍ഫ്ളുവന്‍സ വൈറസുകളുടെ ജനിതകഘടന നിശ്ചിതകാലത്തിനുള്ളില്‍ മാറുന്നതാണ്. അതിനനുസരിച്ച് പുതിയ വാക്സിനുകള്‍ വികസിപ്പിക്കേണ്ടതുമുണ്ട്. അതുതന്നെ കോവിഡിനും ബാധകമായേക്കാം.

മുഖാവരണവും ശാരീരിക അകലവും അടിക്കടിയുള്ള കൈകഴുകലും വീട്ടില്‍തന്നെയിരിക്കുന്നതുമൊക്കെ പലതരത്തിലുള്ള ശ്വാസംമുട്ടലുകളും ബുദ്ധിമുട്ടും ആളുകളില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെയാണ് അതില്‍നിന്നൊക്കെ പെട്ടെന്നു മോചനം നേടാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നത്. അതിനുവേണ്ടിയാണ് പലരും വാക്സിനുവേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ കോവിഡിനു മുന്‍പുള്ള ആ പഴയ അവസ്ഥയും ജീവിതവും അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല എന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം.

ഉദാഹരണത്തിന് കൈകഴുകുന്നതിനാലും സാമൂഹിക അകലം പാലിക്കുന്നതിനാലും മാസ്ക് ഉപയോഗിക്കുന്നതിനാലും കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ മുതിര്‍ന്നവരിലും കുട്ടികളിലുമെല്ലാം വയറിളക്കരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അണുബാധ തുടങ്ങിയവയൊക്കെ ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രിച്ചെലവും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും വളരെയേറെ കുറഞ്ഞിട്ടുണ്ട്.

പല ജില്ലകളിലും സാധാരണ മരണങ്ങളുടെ നിരക്കുപോലും ഗണ്യമായ തോതില്‍ കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതിനു കാരണമായത് കോവിഡ് കാലത്തു പുലര്‍ത്തിയ ജാഗ്രതയാണെന്നതില്‍ സംശയം വേണ്ട. കോവിഡിനെ ഭയന്ന് ചെയ്യാന്‍ നിര്‍ബന്ധിതമായ കാര്യങ്ങള്‍ കോവിഡിനെ മാത്രമല്ല, മറ്റു പലതിനേയും ചെറുത്തിരുന്നു എന്നര്‍ഥം. കോവിഡ് കാല ജാഗ്രതയെ ഒരു നല്ല കാര്യമായി കാണേണ്ടത് ഇവിടെയാണ്. ജപ്പാനിലും കൊറിയയിലുമൊക്കെ ആളുകള്‍ക്ക് നേരത്തേതന്നെ മാസ്ക് ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ട് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങളും അവിടങ്ങളില്‍‌ ഉണ്ടായിരുന്നു.

അതിനെ ഒരു നല്ലശീലമായാണ് നാം കാണേണ്ടത്. മാസ്ക് ഊരിയെറിയുന്നതിനെ ഒരു സ്വാതന്ത്ര്യമായി ആരും കാണേണ്ടതുമില്ല. വഴിയില്‍ തുപ്പുന്നത് നിയമംകൊണ്ടു നിരോധിച്ചിട്ടും അത് നിര്‍ബാധം തുടരുന്ന നമ്മുടെ നാട്ടില്‍ കോവിഡും മാസ്കും ആളുകളെ കുറച്ചെങ്കിലും അതില്‍ നിന്നു പിന്തിരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെ നല്ല ശീലമായി കാണുകയും അതുതന്നെ തുടരുകയുമാണ് വേണ്ടത്, അല്ലാതെ പഴയതാണ് സ്വാതന്ത്ര്യമെന്നു കരുതി തിരിച്ചുപോകുകയല്ല.

അപകടങ്ങളുടെ കാര്യം നോക്കുക. ലോക്ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ വളരെ കുറച്ചാണ് നിരത്തിലിറങ്ങിയിരുന്നത്. യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഇതിന്റെ ഫലമായി അപകടങ്ങളുടെ എണ്ണം 35 മുതല്‍ 60 വരെ ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ ഒറ്റക്കാരണത്താല്‍ ജീവന്‍ രക്ഷപ്പെട്ട ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. എന്നുകരുതി വീട്ടില്‍തന്നെയിരുന്നാല്‍മതി അപകടങ്ങള്‍ കുറയ്ക്കാനെന്നല്ല പറയുന്നത്. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ആവശ്യമുള്ളവര്‍ മാത്രം പുറത്തുപോകുകയെന്ന നല്ല ശീലം തുടരേണ്ടതിനെപ്പറ്റിയാണ്.

വീട്ടിലിരുന്നുള്ള ജോലിയും ഓണ്‍ലൈന്‍ ഷോപ്പിംഗും ഓണ്‍ലൈന്‍ പഠനവുമൊക്കെ പലതരത്തിലും സമൂഹത്തെ നമ്മെ സഹായിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സമൂലമായ സോഷ്യല്‍ റീഎന്‍ജിനീയറിംഗിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരംകൂടിയാണ് ഇത് തുറന്നിട്ടിരിക്കുന്നത്.
നേരത്തേ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്ന കമ്പനികള്‍ പലതും അതിനു തയ്യാറായി. സര്‍ക്കാര്‍പോലും അത് അനുവദിച്ചു. ഇങ്ങനെയും മുന്നോട്ടുപോകാമെന്നതിന്റെ തെളിവാണിത്. ദോഷവശങ്ങളില്ലെന്നല്ല. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍പോലുള്ള കുഴപ്പങ്ങളുണ്ടാകാം. എങ്കിലും അതിനെയൊക്കെ ബാലന്‍സ് ചെയ്തുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകണം.

വീട്ടിലിരുന്നുള്ള ജോലി കാര്യക്ഷമത കൂട്ടുന്നുണ്ടെങ്കില്‍ അതു തുടരുകതന്നെയാണ് നല്ലത്. ക്ലാസില്‍ ഇരിക്കാനായി മാത്രം കുട്ടികള്‍ സ്കൂളില്‍ പോകേണ്ടതുണ്ടോ എന്നകാര്യവും ആലോചിക്കണം. ഓണ്‍ലൈനിലുള്ള ക്ലാസുകള്‍ എപ്പോള്‍വേണമെങ്കിലും കുട്ടികള്‍ക്ക് കേള്‍ക്കാനാകും. ഇത്തരം സാഹചര്യത്തില്‍ അധ്യാപകരുമായി ആശയസംവാദത്തിനോ കുട്ടികള്‍ തമ്മിലുള്ള ഇടപഴകലിനായോ സാമൂഹിക ബന്ധത്തിനോ കളികള്‍ക്കോ മാത്രമായി സ്കൂളുകള്‍ പുനഃക്രമീകരിക്കാനാകും. ക്ലാസ് റൂമില്‍ നിന്നല്ലാതെ ലഭിക്കേണ്ട കാര്യങ്ങള്‍ക്കു മാത്രമായി സ്കൂളുകളെ മാറ്റണമെന്നര്‍ഥം. ഇതിലൂടെ അനാവശ്യമായ ചെലവുകളുള്‍പ്പെടെ പലതും കുറയ്ക്കാനാകും.
ഓണ്‍ലൈന്‍ ഷോപ്പിംഗാണ് കോവിഡ് കാലത്ത് തുറന്ന മറ്റൊരു സാധ്യത.

വര്‍ഷങ്ങളായി ഇതുണ്ടായിരുന്നെങ്കിലും വീട്ടിലേക്കുള്ള അവശ്യസാധനങ്ങളുള്‍പ്പെടെ പലതും ഓണ്‍ലൈനില്‍ വാങ്ങുന്നതിന് നാം പരീശീലിച്ചുകഴിഞ്ഞു. അതിനായി മാത്രമുള്ള സൈറ്റുകള്‍ ഉപയോഗിക്കണമെന്നല്ല, മറിച്ച് ചെറുഗ്രാമത്തിലെ ചെറിയ കടകളില്‍ നിന്നുപോലും വിളിച്ചുപറഞ്ഞാല്‍ വീട്ടിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന സ്ഥിതിയുണ്ടായെന്നതാണ് ഇവിടെ ഓണ്‍ലൈന്‍ വിപണനമെന്ന പ്രയോഗത്തില്‍ നിന്ന് അര്‍ഥമാക്കേണ്ടത്. അണുബാധയ്ക്ക് വലിയ കാരണമായേക്കാവുന്ന കറന്‍സികളുടെ ക്രയവിക്രയങ്ങള്‍ കുറയുന്നതുമൂലമുള്ള മെച്ചവും വളരെ വലുതാണ്. അത് നിറുത്തുകയല്ല, മറിച്ച് തുടരുന്നതിനെപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്. പുതിയ തൊഴിലവസരങ്ങളും ഇതുമൂലം സൃഷ്ടിക്കപ്പെടുന്നുണ്ട്.

വിവാഹവും മരണവും പോലുള്ള വൈകാരികമായ ചടങ്ങുകളിലെ പലവിധ ധൂര്‍ത്തുകളും കോവിഡ് കാലത്ത് ഇല്ലാതായി. കോവിഡിന്റെ തുടക്കത്തില്‍ മാറ്റിവച്ച വിവാഹങ്ങളൊന്നും നടക്കാതെ പോയിട്ടില്ല. ഇളവുകള്‍ വന്നപ്പോള്‍ അതിനനുസരിച്ച് ആളുകളത് നടത്തി. പത്തോ നൂറോ പേര്‍ മാത്രം പങ്കെടുക്കുന്ന വിവാഹങ്ങളെന്നത് കോവിഡിന് മുന്‍പ് അത്യപൂര്‍വ്വമായിരുന്നെങ്കില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അത് സാധാരണമായിരിക്കുകയാണ്. സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആഡംബര വിവാഹങ്ങള്‍ നടത്തി നടുവൊടിയേണ്ടിയിരുന്ന കുറേയേറെ കുടുംബങ്ങള്‍ ഇതുമൂലം രക്ഷപ്പെട്ടിട്ടുണ്ട്. ആ പണംകൂടി ആരോഗ്യപരിപാലനം പോലുള്ള അവശ്യകാര്യങ്ങളിലേക്കു മാറ്റി വിനിയോഗിക്കാനാകുമെന്നു വന്നു.

വിവാഹവിപണിയില്‍ പരിഷ്കാരങ്ങള്‍കൊണ്ടുവന്ന് ഉപജീവനമാര്‍ഗം തേടിയിരുന്ന ഒട്ടേറെപ്പേരെ ഇത് പട്ടിണിയിലാക്കിയെന്ന കാര്യം വിസ്മരിക്കുന്നില്ല. അവരും സമാന്തരമായി പുതിയ രീതികളിലേക്കു മാറുകയെന്നതാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്. അതിനായി സമൂഹത്തെ പ്രാപ്തമാക്കുംവിധമുള്ള പുനഃക്രമീകരണങ്ങളാണ് ആവശ്യം. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും സ്വഭാവവും മാറിയത് കോവിഡ് കാലത്ത് നാം കണ്ടു. വീടുകളിലിരുന്നുതന്നെ എങ്ങനെ പ്രതിഷേധിക്കാമെന്നും അത് സോഷ്യല്‍ മീഡിയ വഴി എങ്ങനെ പ്രചരിപ്പിക്കാമെന്നും തിരിച്ചറിഞ്ഞു. അത്തരമൊരു സാധ്യതയുള്ളപ്പോള്‍ ജനജീവിതത്തെ താറുമാറാക്കുന്ന പഴയരീതിയിലേക്കു തിരികെപ്പോകണോയെന്ന് സംഘടനകള്‍ ചിന്തിക്കേണ്ടതുണ്ട്.

കോവിഡ് വന്നിരുന്നില്ലെങ്കില്‍ ഇതൊന്നും ജീവിതത്തില്‍ പരീക്ഷിച്ചറിയാന്‍ ആരും തയ്യാറാകുമായിരുന്നില്ല. പോസ്റ്റ് കോവിഡ് നിയോനോര്‍മല്‍സി എന്ന പുതിയ പദം വിരല്‍ചൂണ്ടുന്നത് കോവിഡ് തുറന്നിട്ട ഈ സാധ്യതകളിലേക്കാണ്. അതിനുനേരേ മുഖംതിരിച്ച് പഴയതുമതിയെന്നും അതായിരുന്നു മാവേലിക്കാലമെന്നും ചിന്തിക്കാതിരിക്കുക. ചര്‍ച്ചകളുടെ സാധ്യതകള്‍ അടച്ചിടാതിരിക്കുക.

കോവിഡാനന്തര സാധാരണജീവിതവും
തുടരേണ്ട പാഠങ്ങളും

ഡോ. എസ്. എസ്. സന്തോഷ് കുമാര്‍

കോവിഡ് വാക്സിന്‍ എത്തിക്കഴിഞ്ഞതോടെ പലരും…

Posted by Santhosh Kumar Ss on Thursday, 4 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here