കനി പരാമര്‍ശിച്ച ചുവന്ന ലിപ്സ്റ്റിക്കിന്റെ ഉടമ റിഹാന

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക് വിവാദം ആരും മറക്കാനിടയില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ കനി ലിപ്സ്റ്റിക് അണിഞ്ഞു എന്നത് ചിലര്‍ വിമര്‍ശനവിഷയമാക്കിയതിന് കനി പറഞ്ഞ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലിപ്സ്റ്റിക് വിഷയത്തില്‍ കനി നല്‍കിയ മറുപടിയില്‍ പ്രധാനമായും പരാമര്‍ശിച്ചത് ഇപ്പോള്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പോപ് ഗായിക റിഹാനയുടെ ലിപ്സ്റ്റിക്കിനെപ്പറ്റിയാണ്. അതെ, കനി അവാര്‍ഡ്ദാനച്ചടങ്ങില്‍ ഉപയോഗിച്ച ലിപ്സ്റ്റിക്ക് റിഹാനയുടേതാണ്.  റിഹാനയുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാന്റിലെ യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്കാണ് കനി അന്ന് അണിഞ്ഞത്.

”അയ്യേ ലിപ്സ്റ്റിക് ഇട്ടൊ?’ എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗര്‍ സോങ്ങ് റൈറ്ററുടെ ‘ഫെന്റിബ്യുട്ടീ’ ബ്രാന്റിലെ ‘യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്’ ഇട്ട് പോയത്.’ എന്നായിരുന്നു വിമര്‍ശകര്‍ക്ക് മറുപടിയായി കനി കുസൃതി ഫേസ്ബുക്കില്‍ കുറിച്ചത്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് വ്യക്തമാക്കുകയായിരുന്നു കനി. ലോകപ്രശസ്ത പോപ്പ് താരം റിഹാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് പറയുന്നു കനി.

ഇനി റിഹാനയുടെ ലിപ്സ്റ്റിക്കിലേക്ക് വരാം. കറുത്ത നിറമുള്ളവര്‍ ലിപ്സ്റ്റിക്കിട്ടാല്‍ ഉയര്‍ന്നുവരുന്ന വരേണ്യബോധം മലയാളികളിലുമുണ്ട് എന്നതിന് ഉദാഹരണമാണ് കനി കുസൃതിയുടെ ചുവന്ന ലിപ്സ്റ്റിക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.  അതേ വരേണ്യ ബോധം ആഴ്ന്നിറങ്ങിയ സമൂഹത്തിനിടയിലേക്ക് ചുവന്ന ലിപ്സ്റ്റിക്കുമായി വന്ന് പ്രതിഷേധിച്ച ധീരവനിതയാണ് ഇന്ന് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ റിഹാന.

കറുത്ത വംശജര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെ പരിഹാസപൂര്‍വം വീക്ഷിച്ചിരുന്ന വരേണ്യ പൊതുബോധത്തിനെതിരെ പ്രതിഷേധ സൂചകമായി അവര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ഒരു ക്യാംപയിന്‍ പോലെ രംഗത്ത് വന്നു. പിന്നീട് ‘റിഹാന ലിപ്സ്റ്റിക്’ എന്ന രീതിയില്‍ അത് ഒരു ബ്രാന്റായി പോലും മാറുകയുണ്ടായി. കറുത്തവംശജരെ നിറത്തിന്റെ പേരില്‍ അടിച്ചമര്‍ത്തിയ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ അവര്‍ വിപ്ലവവര്‍ണ്ണമായ ചുവപ്പുകൊണ്ട് പ്രതിഷേധം തീര്‍ത്തു. ഇന്ന് ഇന്ത്യന്‍ സമൂഹത്തിലും അത് ആവര്‍ത്തിക്കപ്പെട്ടു.

600 മില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള വ്യവസായിയും ഗായികയും നടിയുമായ റിഹാന ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നത് എന്തുകൊണ്ടായിരിക്കുമെന്നത് അവരുടെ ജീവിതവും രാഷ്ട്രീയവും നിലപാടുകളും പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. വര്‍ണ വംശീയ വിവേചനങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ജീവിതത്തില്‍ കൈക്കൊള്ളുകയും അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തിട്ടുള്ള റിഹാന അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News